
ടെൽ അവിവ്: തെക്കൻ ഗാസയിൽ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണമുണ്ടായെന്ന് ഐഡിഎഫ്. ടെൽ അവിവ്, ജറുസലേം, ഹൈഫ എന്നിവ ലക്ഷ്യമാക്കിയതാണ് ഇന്ന് ഇറാന്‍റെ ആക്രമണമുണ്ടായത്. തുറമുഖ നഗരമായ ഹൈഫയിൽ ഇറാന്‍റെ മിസൈൽ പതിച്ചതായി റിപ്പോർട്ടുകൾ വരുന്നു. ഹൈഫയിൽ നിന്നും വൻ തീപിടിത്തത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. നാല് പേർക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക റിപ്പോർട്ട്.
അതേസമയം ഇസ്രയേലിൽ നിന്ന് 2300 കിലോമീറ്റർ അകലെ ഇറാന്‍റെ ഇന്ധന ടാങ്കർ വിമാനം ഇസ്രയേൽ വ്യോമസേന ആക്രമിച്ച് തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. ഇതുവരെ ഭേദിച്ചതിൽ ഏറ്റവും ദൈർഘ്യമേറിയ ലക്ഷ്യമാണത്.
അതിനിടെ ടെഹ്റാന്റെ വ്യോമാതിർത്തിയുടെ നിയന്ത്രണം ഏറ്റെടുത്തതായി ഇസ്രയേൽ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇനി മിസൈലുകൾ വിക്ഷേപിച്ചാൽ ടെഹ്റാൻ കത്തുമെന്നാണ് ഇസ്രയേൽ മുന്നറിയിപ്പെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇസ്രയേലിന്‍റെ അവകാശവാദത്തോട് ഇറാൻ ഇനിയും പ്രതികരിച്ചിട്ടില്ല. അമേരിക്ക - ഇറാൻ ചർച്ചകൾ അർത്ഥ ശൂന്യമാണെന്ന് ഇറാനും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
ഇറാനും ഇസ്രയേലും തമ്മിൽ ഒരു കരാറുണ്ടാക്കണം എന്നാവശ്യപ്പെട്ട് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. തന്‍റെ ഇടപെടൽ പല സംഘർഷഭരിത രാജ്യങ്ങൾക്കിടയിലും സമാധാനത്തിന് കാരണമായെങ്കിലും തനിക്ക് ഒരിക്കലും അംഗീകാരം ലഭിച്ചില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ, കഴിഞ്ഞ മാസം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ സംബന്ധിച്ച തന്‍റെ അവകാശവാദവും ഡോണൾഡ് ട്രംപ് ആവർത്തിച്ചു.
ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം
അതിനിടെ ഇസ്രയേലിലെ ഇന്ത്യക്കാർക്ക് എംബസി വീണ്ടും മുന്നറിയിപ്പ് നൽകി. ടെൽ അവീവിലെ ഇന്ത്യൻ എംബസിയാണ് ജോലിക്കാർ, വിദ്യാർത്ഥികൾ, വ്യാപാരികൾ അടക്കമുള്ള ഇസ്രയേലിലെ ഇന്ത്യൻ സമൂഹത്തിന് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശം നൽകി. നിരന്തരമായി പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങളെ എംബസി നിരീക്ഷിക്കുന്നുണ്ടെന്നും ഇസ്രയേൽ അധികാരികളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും എംബസി വാർത്താ കുറിപ്പിൽ വിശദമാക്കി.
ഇസ്രയേൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വ്യോമാതിർത്തി അടയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ ഇന്ത്യക്കാർ ജാഗ്രത പാലിക്കണം. അനാവശ്യമായി സഞ്ചരിക്കരുതെന്നും നൽകിയ നിർദേശങ്ങൾ സൂക്ഷ്മമായി പാലിക്കണമെന്നും എംബസി എക്സിലൂടെ പുറത്ത് വിട്ട വാർത്താ കുറിപ്പിൽ വിശദമാക്കി. ഇന്ത്യക്കാരുടെ സുരക്ഷിതത്വമാണ് എംബസിയുടെ പ്രഥമ പരിഗണനയെന്നും എന്ത് സഹായത്തിനും ബന്ധപ്പെടണമെന്നും എംബസി പറഞ്ഞു. സഹായത്തിനായി ബന്ധപ്പെടേണ്ട നമ്പറുകളും എംബസി വിശദമാക്കി. 24 മണിക്കൂറും ലഭ്യമായ രണ്ട് ഹെൽപ് ലൈൻ നമ്പറുകളാണ് എംബസി നൽകിയിട്ടുള്ളത്. +972547520711/ +972543278392
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam