
വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിൽ ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും വലിയ കുടിയേറ്റ വിപുലീകരണ പദ്ധതിയുമായി ഇസ്രയേൽ. യഹൂദർക്കായി 22 പുതിയ കുടിയേറ്റ കേന്ദ്രങ്ങൾക്ക് വെസ്റ്റ്ബാങ്കിൽ അംഗീകാരം നൽകിയതായി ഇസ്രയേൽ മന്ത്രിമാർ വിശദമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ സർക്കാരിന്റെ അംഗീകാരമില്ലാതെ ഔട്ട്പോസ്റ്റുകളായി നിർമ്മിച്ച കുടിയേറ്റ കേന്ദ്രങ്ങളും ഇവയിലുൾപ്പെടും. ഇവയെ ഇസ്രയേൽ നിയമവിധേയമാക്കുമെന്നും ശേഷിക്കുന്നവ പൂർണമായും പുതിയതാണെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്, ധനകാര്യമന്ത്രി ബെസലേൽ സ്മോട്റിച്ചും വിശദമാക്കിയത്.
കുടിയേറ്റ കേന്ദ്രങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് നിയമ വിരുദ്ധമാണെങ്കിലും ഇസ്രയേലും പലസ്തീനും ഇടയിൽ ഇത് ഏറെക്കാലമായുള്ള തർക്ക വിഷയമാണ്. ഇസ്രായേലിനെ അപകടത്തിലാക്കുന്ന ഒരു പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത് തടയുന്നത് ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് ഇസ്രയേൽ കാറ്റ്സ് വിശദമാക്കുന്നത്. അതേസമയം നീക്കം അപകടകരമായ വിപുലീകരണമെന്നാണ് പലസ്തീൻ നിരീക്ഷിക്കുന്നത്.
30 ലേറെ വർഷത്തിനിടയിലെ ഏറ്റവും വിപുലമായ നീക്കമായാണ് ഇസ്രയേൽ നടപടിയെ കുടിയേറ്റ വിരുദ്ധ നിരീക്ഷണ സംഘടനയായ പീസ് നൗ നിരീക്ഷിക്കുന്നത്. നാടകീയമായ രീതിയിൽ വെസ്റ്റ്ബാങ്കിനെ വിപുലീകരിക്കുന്നത് അധിനിവേശത്തെ ശക്തിപ്പെടുത്തുമെന്നാണ് പീസ് നൗ ബിബിസിയോട് പ്രതികരിക്കുന്നത്. 1967-ലെ യുദ്ധത്തിന് ശേഷം ഗാസയ്ക്കൊപ്പം പലസ്തീനുകാർ ആവശ്യപ്പെട്ടിരുന്ന പടിഞ്ഞാറൻ ജെറുസലേമിലെ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ ഇതിനോടകം നിർമ്മിച്ചിരിക്കുന്നത് 160 കുടിയേറ്റ കേന്ദ്രങ്ങളാണ്. 700000 യഹൂദർക്കാണ് ഇവിടെ വീടുകളുള്ളത്.
നെതന്യാഹു പ്രധാനമന്ത്രിയായ ശേഷം കുടിയേറ്റ കേന്ദ്ര വിപുലീകരണത്തിന് വേഗത കൂടിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് ഇസ്രയേൽ കാറ്റ്സും ബെസലേൽ സ്മോട്റിച്ചും വിശാലമായ വിപുലീകരണത്തേക്കുറിച്ച് വിശദമാക്കിയത്. രണ്ട് ആഴ്ചകൾക്ക് മുൻപാണ് സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നും മന്ത്രിമാർ വിശദമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam