
ടെൽ അവീവ്: അതിർത്തി കടന്നെത്തിയ ഹമാസ് സംഘത്തിന് തിരിച്ചടി നൽകി ഇസ്രയേൽ. കാറിൽ അതിർത്തികന്ന് ഇസ്രയേലിലേക്ക് നുഴഞ്ഞ് കയറിയ സംഘത്തെ വെടിവെച്ച് കൊലപ്പെടുത്തി പൊലീസ്. ഹമാസ് സംഘത്തെ ഇസ്രയേൽ പൊലീസ് തുരുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇസ്രയേൽ പൊലീസ് തന്നെയാണ് ഹമാസ് സംഘാങ്ങളെ പിന്തുടർന്ന് വെടിവെച്ച് കൊലപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്.
രാജ്യത്തേക്ക് നുഴഞ്ഞ് കയറിയ രണ്ട് ആളുകളെ, കാറിലും ബൈക്കിലുമായി പിന്തുടർന്ന് ഇസ്രയേൽ പൊലീസ് വെടിവച്ചു വീഴ്ത്തുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ഒരു ഇസ്രയേലി പൊലീസുകാരൻ തന്റെ തോക്ക് കൊണ്ട് ബൈക്കിലിരുന്ന് ഹമാസ് പ്രവർത്തകരെ വെടിവെയ്ക്കുന്നത് വീഡിയോയിൽ കാണാം. ഇസ്രയേലിലെ പ്രധാന റോഡുകളിലൊന്നിലാണ് സംഭവം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഒരു ബൈക്കിൽ ഇസ്രയേൽ പൊലീസുകാർ കാറിനെ പിന്തുടരുന്നത് വീഡിയോയിൽ കാണാം. കാറിനടുത്തെത്തിയതോടെ പൊലീസുകാർ ഹമാസ് സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ‘നെറ്റിവോത്തിനു പുറത്ത് ശനിയാഴ്ച സായുധരായ രണ്ട് ഭീകരരെ പൊലീസിന്റെയും ബോർഡർ പൊലീസിന്റെയും സായുധസംഘം വീരോചിതമായി ഇല്ലായ്മ ചെയ്തു. ഞങ്ങളുടെ പൗരൻമാരെ ഭീകരവാദത്തിൽനിന്ന് രക്ഷപ്പെടുത്താൻ തുടർന്നും സധൈര്യം പോരാടും’– വിഡിയോ പങ്കുവച്ച് ഇസ്രയേൽ പൊലീസ് എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു. കാർ തടഞ്ഞ് നിർത്തി പൊലീസുകാർ ഒന്നിലധികം തവണ ഹമാസ് സംഘത്തിന് നേരെ വെടിയുതിർത്തു. വെടിയേറ്റ് കാറിന്‍റെ ചില്ലുകള്‍ തകർന്നിട്ടുണ്ട്.
അതിനിടെ ഹമാസ് സംഘം ഇസ്രയേലിൽ കൊലപ്പെടുത്തിയതും തട്ടിക്കൊണ്ടുപോയതും ഇരുപതിലേറെ രാജ്യങ്ങളുടെ പൗരന്മാരെയെന്ന് സ്ഥിരീകരണം. 11 അമേരിക്കക്കാരും 18 തായ്‌ലന്റുകാരും ഏഴു അർജന്റീനക്കാരും അടക്കം ആക്രമണത്തിൽ കൊല്ലപ്പെട്ടു. മുപ്പതുപേരെ ഹമാസ് ഗാസയിലേക്ക് തട്ടിക്കൊണ്ടു പോയതായും ഇസ്രയേൽ ആദ്യമായി സ്ഥിരീകരിച്ചു. ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 900 കടന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam