
വാഷിങ്ടൺ: ഗാസ ഇസ്രയേൽ കയ്യടക്കുന്നത് അബദ്ധമാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. എല്ലാ പലസ്തീനികളും ഹമാസിനെ അംഗീകരിക്കുന്നവരല്ല. ഹമാസിനെയും ഹിസ്ബുല്ലയെയും ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ പലസ്തീൻ അതോറിറ്റി നിലനിൽക്കണം. പലസ്തീൻ രാഷ്ട്രത്തിലേക്ക് ഒരു പാത ആവശ്യമാണെന്നും ജോ ബൈഡൻ പറഞ്ഞു. ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെയാണ് അമേരിക്കയുടെ പരാമർശം.
അതേസമയം, ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുന്ന ജനങ്ങളുടെ മൃതദേഹം സൂക്ഷിക്കാൻ ഗാസയിൽ ഇടമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഗാസ നിവാസികളുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത് ഐസ്ക്രീം ട്രക്കുകളിലാണെന്നാണ് വിവരം. മൃതദേഹങ്ങള്‍ നിറഞ്ഞതിനാല്‍ സംസ്കരിക്കാന്‍ സ്ഥലമില്ല. മോര്‍ച്ചറികളും മൃതദേഹങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. അതുകൊണ്ടാണ് മൃതദേഹങ്ങള്‍ ഐസ് ക്രീം ട്രക്കുകളില്‍ തന്നെ സൂക്ഷിക്കാന്‍ ആരോഗ്യ അധികൃതര്‍ തീരുമാനിച്ചത്. ഹമാസിന്‍റെ ആക്രമണത്തിന് തിരിച്ചടിയായി ഇസ്രയേൽ ഗാസ മുനമ്പിൽ കനത്ത ആക്രമണമാണ് നടത്തുന്നത്.
"ആശുപത്രി മോർച്ചറികളില്‍ 10 മൃതദേഹങ്ങൾ വരെയേ സൂക്ഷിക്കാന്‍ കഴിയൂ. അതിനാൽ ഞങ്ങൾ ഐസ്ക്രീം ഫാക്ടറികളിൽ നിന്ന് ഐസ്ക്രീം ഫ്രീസറുകൾ കൊണ്ടുവന്നു"- ഷുഹാദ അൽ അഖ്സ ആശുപത്രിയിലെ ഡോക്ടർ യാസർ അലി പറഞ്ഞു. ഐസ്ക്രീം നുണയുന്ന പുഞ്ചിരിക്കുന്ന കുട്ടികളുടെ ചിത്രങ്ങളുള്ള ട്രക്കുകളാണ് ഇന്ന് താത്ക്കാലിക മോര്‍ച്ചറികളായി മാറിയിരിക്കുന്നത്. സാധാരണയായി സൂപ്പർമാർക്കറ്റുകളിൽ ഐസ്ക്രീം എത്തിക്കാനാണ് ഈ ട്രക്കുകള്‍ ഉപയോഗിക്കുന്നത്.
ഐസ്ക്രീം ട്രക്കുകളും നിറഞ്ഞതോടെ മുപ്പതോളം മൃതദേഹങ്ങള്‍ ടെന്‍റുകളില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് ഡോക്ടര്‍ അലി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു- "ഗാസ മുനമ്പ് പ്രതിസന്ധിയിലാണ്. ഈ രീതിയിൽ യുദ്ധം തുടർന്നാൽ ഞങ്ങൾക്ക് മരിച്ചവരെ അടക്കം ചെയ്യാൻ കഴിയില്ല. ശ്മശാനങ്ങൾ ഇതിനകം നിറഞ്ഞിരിക്കുന്നു". ഗാസ സിറ്റിയില്‍ മൃതദേഹങ്ങളുടെ കൂട്ട സംസ്കാരം നടത്താനുള്ള സംവിധാനം ഒരുക്കുമെന്ന് മീഡിയ ഓഫീസ് മേധാവി സലാമ മറൂഫ് പറഞ്ഞു.
എട്ട് ദിവസം മുന്‍പ് തുടങ്ങിയ ഇസ്രയേല്‍ - ഹമാസ് യുദ്ധം ഇപ്പോഴും തുടരുകയാണ്. ഇസ്രയേലിൽ 1,300 പേരെയാണ് ഹമാസ് കൊലപ്പെടുത്തിയത്. ഇസ്രയേലിന്‍റെ വ്യോമാക്രമണത്തിൽ 2300ല്‍ അധികം പേർ കൊല്ലപ്പെട്ടെന്നും അവരിൽ നാലിലൊന്ന് കുട്ടികളാണെന്നും ഗാസ അധികൃതര്‍ അറിയിച്ചു. ആയിരത്തോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചികിത്സിക്കാന്‍ ആവശ്യമായ ഉപകരണങ്ങളും മരുന്നുകളും തീരുന്നതും ഗാസ നിവാസികളെ സംബന്ധിച്ച് പ്രതിസന്ധിയാണ്.
ഒഴിഞ്ഞു പോകണമെന്ന ഇസ്രയേൽ മുന്നറിയിപ്പിന് പിന്നാലെ വടക്കൻ ഗാസയിൽ നിന്ന് ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നാല് ലക്ഷം പേർ പലായനം ചെയ്തെന്നാണ് ഔദ്യോഗിക കണക്ക്. അതിനിടെ പലസ്തീനിൽ കുടുങ്ങിയ വിദേശികളെ ഉൾപ്പെടെ ഒഴിപ്പിക്കാന്‍ ഈജിപ്ത് റാഫാ ഗേറ്റ് തുറക്കും. കരയുദ്ധത്തിന് തയ്യാറായി ഇസ്രയേൽ സൈന്യം അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുകയാണ്.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam