ഗാസയിൽ വീണ്ടും വ്യോമാക്രമണം നടത്താൻ ഇസ്രയേൽ സൈന്യം? വടക്കൻ ഗാസയിലേക്കുള്ള സഹായ വിതരണം വീണ്ടും തടയുമെന്ന് റിപ്പോർട്ട്

Published : Aug 30, 2025, 06:09 PM IST
Gaza

Synopsis

വടക്കൻ ഗാസയിലേക്കുള്ള സഹായ വിതരണം വീണ്ടും ഇസ്രയേൽ തടഞ്ഞേക്കുമെന്ന് റിപ്പോർട്ട്

ടെൽ അവീവ്: വടക്കൻ ഗാസയിലെ ചില മേഖലയിലേക്കുള്ള സഹായ വിതരണം വീണ്ടും തടയാൻ ഇസ്രയേൽ സൈന്യം തീരുമാനിച്ചതായി റിപ്പോർട്ട്. ഹമാസിനെ ലക്ഷ്യമിട്ട് ഗാസയിൽ വീണ്ടും വ്യോമാക്രമണം നടത്താൻ തീരുമാനിച്ചെന്നും റിപ്പോർട്ടുകളുണ്ട്. വടക്കൻ ഗാസയിൽ നിന്ന് താമസക്കാരെ തെക്കൻ ഗാസയിലേക്ക് ഒഴിപ്പിക്കാനുള്ള ശ്രമവും ഇതോടൊപ്പം നടത്തും. ഇതിൻ്റെയെല്ലാം ഭാഗമായാണ് സഹായവുമായി വരുന്ന ട്രക്കുകളുടെ വടക്കൻ ഗാസയിലേക്കുള്ള സഞ്ചാരം നിയന്ത്രിക്കുന്നതെന്നാണ് വിവരം.

ഗാസയെ ലക്ഷ്യമിട്ടുള്ള ഇസ്രയേൽ ആക്രമണം തുടരുന്നതിനെ ലോകരാഷ്ട്രങ്ങൾ കുറ്റപ്പെടുത്തുന്നതിനിടെയാണ് വീണ്ടും ആക്രമിക്കാനുള്ള തയ്യാറെടുപ്പ്. കഴിഞ്ഞയാഴ്ച ഐക്യരാഷ്ട്രസഭ ഗാസയെ ക്ഷാമ ബാധിത മേഖലയായി പ്രഖ്യാപിക്കുകയും ഇവിടേക്ക് സഹായങ്ങളെത്തിക്കാൻ ഇസ്രയേൽ തടസം നിൽക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഈ ആരോപണം നിഷേധിച്ച ഇസ്രയേൽ, ഗാസ സിറ്റി ഒഴിപ്പിക്കേണ്ടത് അനിവാര്യമെന്നാണ് പ്രതികരിച്ചത്.

ഇസ്രായേലി പ്രതിരോധ മന്ത്രാലയ സ്ഥാപനമായ സിഒജിഎടിയാണ് പലസ്‌തീൻ ഭൂഭാഗത്ത് സിവിൽ കാര്യങ്ങൾക്ക് ഇപ്പോൾ മേൽനോട്ടം വഹിക്കുന്നത്. ഗാസയുടെ വടക്കൻ മേഖലയിൽ നിന്ന് ജനങ്ങളെ തെക്കൻ മേഖലയിലേക്ക് മാറ്റാനുമാണ് ഇവരുടെ ശ്രമം. എന്നാൽ ഗാസ നഗരത്തിനും വടക്കൻ ഗാസയ്ക്കുമിടയിൽ എങ്ങോട്ട് പോകുമെന്നറിയാത്ത പത്ത് ലക്ഷത്തോളം മനുഷ്യരുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ പലസ്തീൻ അഭയാർത്ഥി ഏജൻസിയായ യുഎൻആർഡബ്ല്യുഎയുടെ തലവൻ ഫിലിപ്പ് ലസാരിനി പ്രതികരിച്ചത്.

ഇസ്രയേൽ വ്യോമാക്രമണം നടത്തുമ്പോൾ വടക്കൻ ഗാസയിൽ നിന്ന് ജനത്തെ തെക്കൻ ഗാസയിലേക്ക് മാറ്റുന്നത് എങ്ങനെയെന്ന് റെഡ് ക്രോസ് മേധാവി മിർജാന സ്പോൾജാറികും ചോദിച്ചു. ഭക്ഷണം, പാർപ്പിടം വൈദ്യസഹായം എന്നിവയുടെ ദൗർലഭ്യത്തിനിടയിൽ ഈ നിലയിൽ ജനങ്ങളെ മാറ്റുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം ഗാസയിൽ തടവിലുള്ള ബന്ദികളെയെല്ലാം തിരികെ കിട്ടുന്നത് വരെയും ഹമാസിനെ ഉന്മൂലനം ചെയ്യുന്നത് വരെയും ആക്രമണം തുടരുമെന്നാണ് ഇസ്രയേൽ സൈന്യത്തിൻ്റെ നിലപാട്. ഇതിനിടെ ഗാസയിൽ നിന്ന് 2023 ഒക്ടോബർ ഏഴിന് ഹമാസ് പിടിച്ചുകൊണ്ടുപോയി ബന്ദികളാക്കിയ രണ്ട് പേരുടെ കൂടി മൃതദേഹങ്ങൾ കണ്ടെത്തി. 2023 ഒക്ടോബറിലെ ആക്രമണത്തിൽ പിടികൂടിയ 251 ബന്ദികളിൽ 47 പേർ ഇപ്പോഴും ഗാസയിൽ തന്നെ തടവിലാണെന്നും അവരിൽ 20 പേരെങ്കിലും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് കരുതുന്നുവെന്നുമാണ് ഇസ്രയേൽ സൈന്യം പറയുന്നത്.

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?
പാക്കിസ്ഥാനിൽ ആദ്യ വനിതാ ചാവേർ ആക്രമണം നടത്തിയ ബലൂച് ലിബറേഷൻ ഫ്രണ്ട്, 'ഫിദായീൻ ഓപ്പറേഷൻ' തന്ത്രം; ലക്ഷ്യമിട്ടത് ചൈനീസ് കേന്ദ്രം