പശ്ചിമേഷ്യയുടെ സമാധാന പ്രതീക്ഷയായിരുന്ന 2 സുപ്രധാന ചർച്ചകളും ഇറാനിലേക്കുള്ള ഇസ്രയേൽ ആക്രമണം തകർത്തു, അമേരിക്ക-ഇറാൻ ചർച്ചയും യുഎൻ സമ്മേളനവും നടക്കില്ല

Published : Jun 14, 2025, 09:15 PM IST
iran israel war

Synopsis

ഇസ്രയേലിന്റെ ഇറാൻ ആക്രമണം പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയായി. അമേരിക്ക-ഇറാൻ ചർച്ചയും യുഎൻ സമ്മേളനവും ഇതോടെ അനിശ്ചിതത്വത്തിലായി

തെഹ്റാൻ: വെള്ളിയാഴ്ച പുലർച്ചെ ഇറാനെ ഇസ്രയേൽ ആക്രമിച്ചതോടെ പശ്ചിമേഷ്യയുടെ തന്നെ സമാധാന പ്രതീക്ഷയായിരുന്ന രണ്ട് സുപ്രധാന ചർച്ചകൾ കൂടിയാണ് തകർത്തത്. നാളെ നടക്കുന്ന അമേരിക്കയുമായുള്ള ചർച്ചയിൽ ഇനി അർത്ഥമില്ലെന്നാണ് ഇറാൻ നിലപാട്. പലസ്തീൻ വിഷയത്തിൽ പരിഹാരം കാണാനായി ചേരാനിരുന്ന യു എൻ സമ്മേളനവും മാറ്റി.

സമാധാനത്തിലേക്ക് ഉണ്ടായിരുന്ന വഴികൾ അടയ്ക്കുന്നതായിരുന്നു ഇസ്രയേൽ തുടങ്ങിവച്ച ആക്രമണം. മേഖലയിൽ പുതിയ യുദ്ധമുഖവും തുറന്നു. ഇറാനെ ആക്രമിച്ച ഇസ്രയേൽ നടപടിയുടെ ഫലത്തെ ഇങ്ങനെ ചുരുക്കി വായിക്കാം. നാളെ ഒമാനിൽ നടക്കേണ്ട അമേരിക്ക - ഇറാൻ ചർച്ചയിൽ ഇനി അർത്ഥമില്ലെന്ന നിലപാടാണ് ഇറാനെടുത്തിരിക്കുന്നത്. ഇസ്രയേലിന് അനുകൂലമായ നിലപാട് അമേരിക്ക സ്വീകരിച്ചതോടെ ആണവ നിർവ്യാപന ചർച്ചകളുടെ വാതിൽ അടഞ്ഞു എന്ന് ഉറപ്പിക്കാം. ഒമാൻ ഇരു രാഷ്ട്രങ്ങളുമായി സംസാരിച്ച് ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ അമേരിക്ക - ഇറാൻ ചർച്ച നടക്കില്ലെന്ന് ഉറപ്പാണ്. ഫലമുണ്ടാകുമെന്നു തോന്നിച്ച ഘട്ടത്തിൽ നിന്നാണ് അമേരിക്ക - ഇറാൻ ചർച്ചകളിൽ ഈ തിരിച്ചടിയേറ്റിരിക്കുന്നത്.

സ്വതന്ത്ര പലസ്തീൻ യാഥാർത്ഥ്യമാക്കാൻ ലക്ഷ്യമിട്ടായിരുന്നു അടുത്ത ആഴ്ച്ചയിൽ ന്യൂയോർക്കിൽ ചേരാനിരുന്ന അന്താരാഷ്ട്ര സമ്മേളനം. ഹമാസിനെ പുറത്താക്കി അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നത് ഉൾപ്പട നിർദേശങ്ങൾ പലസ്തീൻ പ്രസിഡണ്ട് നൽകുകയും ഫ്രഞ്ച് പ്രസിണ്ട് ഇത് പരസ്യപ്പെടുത്തുകയും വരെ ചെയ്തിരുന്നു. മേഖല സംഘർഷത്തിലായതോടെ ഇതും നിലവിൽ മാറ്റിവെച്ചു. രണ്ട് ചർച്ചകളും ഇനി എപ്പോൾ നടക്കുമെന്നത് കാത്തിരുന്ന് കാണണം. ഹമാസ് - ഇസ്രയേൽ യുദ്ധത്തേക്കാൾ വ്യാപ്തിയും ആഘാതവും കൂടുതലാണ് നീണ്ട് നിൽക്കുന്ന ഇറാൻ - ഇസ്രയേൽ യുദ്ധത്തിനെന്ന് ഏവർക്കും അറിയാം. ഇറാഖ്, ജോർദാൻ വ്യോമപാത കലുഷിതമാകുന്നത് മിഡിൽ ഈസ്റ്റിലെ വ്യോമഗതാഗത്തെ അക്ഷരാർത്ഥത്തിൽ താളം തെറ്റിച്ചിരിക്കുകയാണ്. എണ്ണ, സ്വർണ്ണ വിലകൾ കൈവിട്ടുപോകുമെന്ന അവസ്ഥയിലാണ്. പ്രധാന വ്യാപാര റൂട്ടുകളിലും അനിശ്ചിതാവസ്ഥയുണ്ടാക്കും. ഗാസയിൽ മാനുഷിക ദുരിതം മാറ്റമില്ലാതെ തുടരുന്നതും ലോകത്തിന് നൊമ്പരമാണ്.

അതേസമയം ഇറാൻ - ഇസ്രയേൽ സംഘർഷം കടുക്കുന്നതിൽ കടുത്ത ആശങ്കയിലാണ് ഇന്ത്യ. സംഘർഷം അവസാനിപ്പിക്കണമെന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ഏഴ് ഉച്ചകോടിക്കിടെ നടക്കുന്ന കൂടിക്കാഴ്ചകളിൽ അറിയിക്കും. വലിയ യുദ്ധമായി ഇസ്രയേൽ - ഇറാൻ സംഘർഷം മാറുമോ എന്ന ആശങ്കയിലാണ് ഇന്ത്യ. ഇറാൻ വ്യോമമേഖല അടച്ചതു പോലും ഇന്ത്യയെ ബാധിച്ചിരിക്കുകയാണ്. ഇരു രാജ്യങ്ങളും ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, തന്നെ വിളിച്ച ബഞ്ചമിൻ നെതന്യാഹുവിനെ അറിയിച്ചത്. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇറാൻ വിദേശകാര്യമന്ത്രി സയിദ് അബ്ബാസ് അരാഗ്ച്ചിയോടും ഇക്കാര്യമാണ് പറഞ്ഞത്. സുഹൃദ് രാജ്യങ്ങൾ എന്ന നിലയ്ക്ക് ചർച്ചകൾക്കുള്ള പിന്തുണ നൽകാൻ തയ്യാറാണെന്നും ഇന്ത്യ അറിയിച്ചു. ജി ഏഴ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നാളെ യാത്ര തിരിക്കും. ഉച്ചകോടിയിലും കൂടുതൽ ചർച്ച പശ്ചിമേഷ്യയിലെ സംഘർഷത്തെക്കുറിച്ചാകും. ഡോണൾഡ് ട്രംപ് അടക്കമുള്ള നേതാക്കളെ മോദി കാണാനിടയുണ്ട്. ഇസ്രയേൽ - ഇറാൻ സംഘർഷം തീർക്കണം എന്ന നിലപാട് ഇന്ത്യ അറിയിക്കും. ഓപ്പറേഷൻ സിന്ദൂർ സമയത്ത് ഇന്ത്യയുടെ കൂടെ നിന്ന ഇസ്രയേലിനെ പിണക്കാതെയും ഇറാനെ തള്ളാതെയും നിൽക്കുക എന്ന വെല്ലുവിളിയാണ് ഇന്ത്യയ്ക്കുള്ളത്.

PREV
Read more Articles on
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്