
ആംസ്റ്റർഡാം: യൂറോപ്പ ലീഗ് മത്സരം കാണാനെത്തിയ ഇസ്രായേൽ ഫുട്ബോൾ പ്രേമികളും പലസ്തീൻ അനുകൂലികളും തമ്മിൽ കൂട്ടത്തല്ല്. മക്കാബി ടെൽ അവീവും അയാക്സും തമ്മിലുള്ള മത്സരത്തിന് മുമ്പും ശേഷവും ഇസ്രായേൽ ഫുട്ബോൾ പ്രേമികളും പലസ്തീൻ അനുകൂലികളും തമ്മിൽ സംഘർഷമുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആംസ്റ്റർഡാമിലാണ് സംഭവം.
സംഘർഷത്തിൽ 10 ഇസ്രായേൽ പൗരൻമാർക്ക് പരിക്കേറ്റെന്നും രണ്ട് പേരെ കാണാതായെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തേയ്ക്ക് മടങ്ങിയെത്താൻ അടിയന്തരമായി വിമാനങ്ങൾ അയക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് അറിയിച്ചിരുന്നു. സംഘർഷത്തെ ഇസ്രായേൽ പ്രസിഡൻ്റ് ഐസക് ഹെർസോഗ് അപലപിച്ചു. 2023 ഒക്ടോബർ 7 ലെ ഹമാസ് ആക്രമണത്തിന് സമാനമായ സംഭവമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നഗരമധ്യത്തിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് സുരക്ഷ ശക്തമാക്കിയിരുന്നു. നഗരത്തിൽ പ്രതിഷേധം നിരോധിച്ചിട്ടും പലസ്തീൻ അനുകൂല പ്രക്ഷോഭകർ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചത് വീണ്ടും സ്ഥിതിഗതികൾ വഷളാക്കി. ഇതേ തുടർന്ന് 57 ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയാക്സിന്റെ ഹോം സ്റ്റേഡിയമായ ജോൺ ക്രൈഫ് അരീനയിൽ നടന്ന മത്സരത്തിൽ അയാക്‌സ് എതിരില്ലാത്ത 5 ഗോളുകൾക്ക് ജയിച്ചു. ഈ മാസം 28ന് ഇസ്താംബൂളിൽ ഒരു തുർക്കി ക്ലബ്ബിനെതിരെയാണ് മക്കാബി ടെൽ അവീവിന്റെ അടുത്ത മത്സരം. തുർക്കി അധികൃതരുടെ ആവശ്യ പ്രകാരം മത്സരം ഒരു നിഷ്പക്ഷ വേദിയിലേയ്ക്ക് മാറ്റിയതായാണ് റിപ്പോർട്ട്.
READ MORE: സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാർത്ഥ്യമാകുന്നു; ഫ്ലാഗ് ഓഫ് നവംബര്‍ 11ന്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam