
ജറുസലേം: ഗാസയെ വിഭജിക്കുന്ന നെറ്റ്‍സാരിം ഇടനാഴിയിൽ നിന്നും പിൻവാങ്ങി ഇസ്രയേൽ സൈന്യം. ഗാസ വെടിനിർത്തൽ കരാറിന്റെ ഭാഗമായാണ് ഇസ്രയേൽ സൈന്യം പിൻവാങ്ങിയത്. വെടിനിർത്തൽ കരാറിന്‍റെ ഭാഗമായി ഇന്നലെയും 3 ഇസ്രയേൽ ബന്ദികളെ ഹമാസ് വിട്ടയച്ചിരുന്നു. പകരമായി 183 പലസ്തീനികളെ ഇസ്രയേലും മോചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമാധാന ശ്രമങ്ങൾക്ക് കൂടുതൽ കരുത്തുപകർന്നുകൊണ്ട് ഇസ്രയേൽ സൈന്യം നെറ്റ്‍സാരിം ഇടനാഴിയിൽ നിന്നും പിൻവാങ്ങാൻ തീരുമാനിച്ചത്.
അതിനിടെ സൗദി അറേബ്യക്കുള്ളിൽ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതികരണവുമായി അറബ് രാഷ്ട്രങ്ങൾ രംഗത്തെത്തി. എത്ര കാലമെടുത്താലും ഒരാൾക്കും പലസ്തീനികളെ അവരുടെ മണ്ണിൽ നിന്ന് നീക്കാനാവില്ലെന്നായിരുന്നു നെതന്യാഹുവിന്‍റെ പ്രസ്താവനയോടുള്ള സൗദിയുടെ പ്രതികരണം. പലസ്തീനികൾക്ക് അവരുടെ മണ്ണുമായുള്ള ബന്ധം അത് കൈയേറുന്നവർക്ക് മനസ്സിലാകില്ലെന്നും സൗദി പറഞ്ഞു. ഇത്തരം ചിന്താഗതിക്കാരാണ് സമാധാനത്തിന്റെ വഴി സ്വീകരിക്കുന്നതിൽ നിന്ന് ഇസ്രയേലിനെ തടയുന്നതെന്നും സൗദി വിദേശകാര്യ മന്ത്രാലയം വിമർശിച്ചു. പ്രകോപനപരവും തള്ളിക്കളയേണ്ടതുമാണ് പ്രസ്താവനയെന്നാണ് യു എ ഇ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. പലസ്തീനികളെ അവരുടെ മണ്ണിൽ നിന്ന് നീക്കാനുള്ള ശ്രമങ്ങൾ തള്ളിക്കളയുന്നുവെന്നും യു എ ഇ വ്യക്തമാക്കി. ആശങ്കകൾ ചർച്ച ചെയ്യാൻ ഈ മാസം 27 ന് ഈജിപ്തിൽ ഉച്ചകോടി ചേരാനും അറബ് രാഷ്ട്രങ്ങൾ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസ്, അമേരിക്ക രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിനായി ഇന്ന് യാത്ര തിരിക്കും. ഫ്രാൻസിൽ ഇന്ന് വൈകിട്ടെത്തുന്ന പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. നാളെ നടക്കുന്ന നിർമ്മിത ബുദ്ധി ഉച്ചകോടിയിൽ മക്രോണിനൊപ്പം മോദി സഹ അധ്യക്ഷനാകും. മാർസെയിൽ ഇന്ത്യൻ കോൺസുലേറ്റിന്‍റെ ഉദ്ഘാടനവും ഇരുനേതാക്കളും ചേർന്ന് നിർവ്വഹിക്കും. ബുധനാഴ്ച ഫ്രാൻസിൽ നിന്ന് അമേരിക്കയിൽ എത്തുന്ന നരേന്ദ്ര മോദി വ്യാഴാഴ്ച വൈറ്റ് ഹൗസിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ട്രംപ് അധികാരമേറ്റതിന് എത്തിയതിന് പിന്നാലെ നടക്കുന്ന ഈ സന്ദർശനം ഇന്ത്യ - അമേരിക്ക തന്ത്രപ്രധാന ബന്ധത്തിന്‍റെ പ്രാധാന്യം തെളിയിക്കുന്നതാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമമാക്കി. ഇന്ത്യയിൽ നിന്ന് അനധികൃതമായി കുടിയേറിയവരെ വിലങ്ങും ചങ്ങലയും ഇട്ട് അമേരിക്കൻ സൈനിക വിമാനത്തിൽ തിരിച്ചയച്ചത് വൻ വിവാദത്തിന് ഇടയാക്കിയിരുന്നു. കൂടുതൽ ഇന്ത്യക്കാരെ നാടുകടത്താൻ അമേരിക്ക തയ്യാറെടുക്കുന്ന സാഹചര്യത്തിൽ ഇക്കാര്യം മോദി - ട്രംപ് ചർച്ചയിൽ ഉയർന്നു വരും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam