
ടെൽ അവീവ്: തെക്കൻ ലെബനനിലെ വിവിധ ഗ്രാമങ്ങളിൽ ആക്രമണം നടത്താൻ ഇസ്രയേൽ സൈന്യം ഒരുങ്ങുന്നു. ഇവിടെയുള്ള ഗ്രാമീണരോട് ഉടൻ വീടുകൾ ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി. ഹിസ്ബുള്ളയെ ലക്ഷ്യമിട്ടുള്ള സൈനിക നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മുന്നറിയിപ്പ്. മേഖലയിൽ സൈനിക നടപടികൾ നടക്കുന്നുണ്ടെന്നും ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യം വെക്കുന്നതിനാൽ സുരക്ഷയെ കരുതി ഉടൻ തന്നെ വടക്കൻ പ്രദേശങ്ങളിലേക്ക് മാറണമെന്നും ഇസ്രയേൽ സൈനിക വക്താവ് ആവശ്യപ്പെട്ടു.
അതിർത്തി ഗ്രാമങ്ങളിൽ നിന്ന് ഏകദേശം 30 കിലോമീറ്ററിലധികം അകലെയുള്ള അവാലി നദിക്ക് വടക്കോട്ട് മാറാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇസ്രായേൽ സൈന്യത്തിന്റെ മുന്നറിയിപ്പിന് പിന്നാലെ അതിർത്തി പ്രദേശങ്ങളിൽ ഹിസ്ബുള്ളയും പ്രത്യാക്രമണം നടത്തുന്നുണ്ട്. മേഖലയിൽ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്. ആയിരക്കണക്കിന് ആളുകൾ അഭയാർത്ഥികളായി മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഹിസ്ബുള്ളയുടെ താവളങ്ങളെന്ന പേരിൽ തെക്കൻ ലെബനനിലെ ഗ്രാമങ്ങളിൽ വീടുകൾ തകർക്കുകയാണ് ഇസ്രയേൽ. മറുപടിയായി ഡ്രോണുകളും റോക്കറ്റുമുപയോഗിച്ചാണ് ഹിസ്ബുള്ള പ്രത്യാക്രമണം നടത്തുന്നത്. മേഖലയിലെ സമാധാന ശ്രമങ്ങൾ പരാജയപ്പെടുന്നതിനിടയിൽ ഇസ്രായേൽ യുദ്ധം കൂടുതൽ വ്യാപിപ്പിക്കുന്നു എന്നതിന്റെ സൂചനയായാണ് ഈ പുതിയ മുന്നറിയിപ്പിനെ ലോകരാജ്യങ്ങൾ കാണുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam