
ലെബനൻ: ലൈവ് റിപ്പോർട്ടിംഗിനിടെ ലെബനീസ് മാധ്യമ പ്രവർത്തകന് നേരെ ഇസ്രായേലിന്റെ മിസൈൽ ആക്രമണം. ഫാദി ബൗദയ എന്ന മാധ്യമ പ്രവർത്തകന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ അദ്ദേഹത്തിന് പരിക്കേറ്റതായാണ് റിപ്പോർട്ട്. മറായ ഇന്റർനാഷണൽ നെറ്റ്വർക്കിന്റെ ഡയറക്ടർ ജനറലാണ് ഫാദി ബൌദയ. ലൈവ് റിപ്പോർട്ടിംഗിനിടെ ഉണ്ടായ മിസൈൽ ആക്രമണത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം, തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 1,600-ലധികം ആളുകൾക്കാണ് പരിക്കേറ്റത്. ആയിരക്കണക്കിന് ആളുകൾക്ക് വീട് ഉപേക്ഷിച്ച് പോകേണ്ടിയും വന്നിരുന്നു. ഹിസ്ബുല്ലയുടെ ആയുധ ശേഖരം നശിപ്പിക്കുന്നതിന്റെ ഭാഗമായി 1,600ഓളം ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ ആക്രമണം നടത്തിയെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. ഇസ്രായേലിന്റെ ആക്രമണത്തിൽ ആശുപത്രികളും മെഡിക്കൽ സെന്ററുകളും ആംബുലൻസുകളുമെല്ലാം തകർന്നെന്ന് ലെബനീസ് ആരോഗ്യമന്ത്രി ആരോപിച്ചു. തിരിച്ചടിയുടെ ഭാഗമായി ഇസ്രായേലിന്റെ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി റോക്കറ്റാക്രമണം നടത്തിയെന്ന് ഹിസ്ബുല്ല അറിയിച്ചു.
സെപ്റ്റംബർ 20ന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ പ്രമുഖ ഹിസ്ബുല്ല നേതാവായ ഇബ്രാഹിം അക്വിൽ കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുല്ലയുടെ റദ്വാൻ യൂണിറ്റിന്റെ തലവനായിരുന്നു ഇബ്രാഹിം അക്വിൽ. വടക്കൻ ഇസ്രായേലിൽ നടക്കുന്ന ആക്രമണങ്ങളുടെ സൂത്രധാരൻ ഇബ്രാഹിം അക്വിലാണെന്നായിരുന്നു ഇസ്രായേലിന്റെ ആരോപണം. ഈ വ്യോമാക്രമണത്തിൽ മാത്രം ബെയ്റൂട്ടിൽ 45ഓളം പേർ കൊല്ലപ്പെടുകയും 60-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അടുത്തിടെ ലെബനനിൽ പേജറുകളും വോക്കി-ടോക്കികളും വ്യാപകമായി പൊട്ടിത്തെറിച്ച് 37-ഓളം പേർ കൊല്ലപ്പെടുകയും 3000-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഘർഷം രൂക്ഷമായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam