
ഇസ്ലാമാബാദ്: പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്‌ഷ് ഇ മുഹമ്മദിന്റെ (ജെഇഎം) വനിതാ വിഭാഗം 5,000 പേരെ റിക്രൂട്ട് ചെയ്തതായി തലവൻ മസൂദ് അസ്ഹറിന്‍റെ വെളിപ്പെടുത്തൽ. ഈ വനിതാ കേഡർമാരെ ആത്മഹത്യാ ദൗത്യങ്ങൾക്കായി പരിശീലനം നൽകുകയും തീവ്രവാദ ചിന്താഗതിക്ക് അടിമപ്പെടുത്തുകയും ചെയ്യുന്നതായി റിപ്പോർട്ടുണ്ട്. മസൂദ് അസ്ഹറിന്‍റെ സഹോദരി സഈദയുടെ നേതൃത്വത്തിലുള്ളതാണ് ജമാഅത്ത് ഉൽ മോമിനാത്ത് എന്ന ജെഇഎമ്മിന്‍റെ വനിത വിഭാഗം. സംഘടനയുടെ സാന്നിധ്യം ശക്തിപ്പെടുത്താനും സ്ത്രീകളെ റിക്രൂട്ട് ചെയ്തുകൊണ്ട് പ്രവർത്തന വ്യാപ്തി വർധിപ്പിക്കാനുമാണ് ഭീകര സംഘടന ലക്ഷ്യമിടുന്നത്.
വനിതാ വിംഗായ ജമാഅത്ത് ഉൽ മോമിനാത്തിന്റെ വളർച്ചയെക്കുറിച്ച് അടുത്തിടെ ഒരു സാമൂഹിക മാധ്യമ പോസ്റ്റിലാണ് മസൂദ് അസ്ഹർ വിശദമാക്കിയത്. കഴിഞ്ഞ ആഴ്ചകളിൽ 5,000ൽ അധികം സ്ത്രീകൾ ഗ്രൂപ്പിൽ ചേർന്നിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. റിക്രൂട്ട്‌മെന്‍റും പരിശീലനവും എളുപ്പമാക്കുന്നതിനായി പാക് അധീന കശ്മീരിലെ (പിഒകെ) എല്ലാ ജില്ലാ തലങ്ങളിലും സംഘടനയുടെ ഓഫീസുകൾ സ്ഥാപിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ഈ വിംഗിന്‍റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഓരോ ജില്ലയിലും ഒരു വനിതാ തലവന്‍റെ (മുൻതസിമ) നേതൃത്വത്തിൽ പ്രത്യേക ഓഫീസ് പ്രവർത്തിക്കും. യൂണിറ്റിൽ ചേർന്ന പല സ്ത്രീകളും ഈ സംഘടന തങ്ങൾക്ക് ഒരു ലക്ഷ്യബോധം നൽകുകയും വിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്തു എന്ന് അഭിപ്രായപ്പെട്ടതായും മസൂദ് അസ്ഹർ പോസ്റ്റിൽ അവകാശപ്പെടുന്നുണ്ട്. വളർച്ച വേഗത്തിലും വ്യവസ്ഥാപിതവുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. തീവ്രവാദ ഗ്രൂപ്പ് അംഗങ്ങളെ ഒരു പൊതു പ്രത്യയശാസ്ത്രത്തിന് കീഴിൽ ഏകീകരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും, ലക്ഷ്യബോധവും ഭക്തിയും വളർത്താൻ ഈ ആത്മീയ ചിട്ടകൾ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്താൻ അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു.
ജെഇഎം വനിതാ വിംഗിന്‍റെ രൂപീകരണം പാകിസ്ഥാനിലെ തീവ്രവാദ സംഘടനകളില്‍ ഉണ്ടാവുന്ന ശ്രദ്ധേയമായ മാറ്റമാണ് സൂചിപ്പിക്കുന്നത്. തീവ്രവാദ സംഘടനകളുടെ തന്ത്രപരമായ മാറ്റങ്ങൾ പ്രതിഫലിപ്പിച്ചുകൊണ്ട്, തീവ്രവാദ പ്രവർത്തനങ്ങളിൽ സ്ത്രീകൾ പുതിയ മുഖങ്ങളായി ഉയർന്നുവരുന്നു എന്ന് വിശകലന വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ ഒക്ടോബറിൽ, ജെയ്‌ഷിന്‍റെ ശത്രുക്കളെ നേരിടാൻ സ്ത്രീകളെ റിക്രൂട്ട് ചെയ്യാനും പരിശീലിപ്പിക്കാനും വിന്യസിക്കാനുമുള്ള വിപുലമായ പദ്ധതി മസൂദ് അസ്ഹർ വിശദീകരിക്കുന്ന ഒരു ഓഡിയോ ഇന്ത്യ ടുഡേ പുറത്തുവിട്ടിരുന്നു.
സംഘടനയിൽ ചേരുന്ന ഏതൊരു സ്ത്രീയും മരണശേഷം നേരിട്ട് സ്വർഗ്ഗത്തിലേക്ക് പോകും എന്ന് മസൂദ് ഉറപ്പും നൽകി. ജെയ്‌ഷിന്‍റെ ശത്രുക്കൾ ഹിന്ദു സ്ത്രീകളെ സൈന്യത്തിൽ ചേർക്കുകയും വനിതാ മാധ്യമപ്രവർത്തകരെ നമുക്കെതിരെ അണിനിരത്തുകയും ചെയ്തിരിക്കുന്നു എന്നും പ്രസംഗത്തിൽ അസ്ഹർ ആരോപിച്ചിരുന്നു.