
ടോക്കിയോ: ജപ്പാനിൽ അരിവില കുത്തനെ ഉയർന്നതിന് പിന്നാലെ ദക്ഷിണ കൊറിയയിലേക്ക് വിനോദ സഞ്ചാരത്തിന് എത്തുന്ന ജാപ്പനീസ് സഞ്ചാരികൾ മടങ്ങുന്നത് അരിയുമായി. ജപ്പാനിൽ 10 കിലോഗ്രാം അരിയുടെ ലഭിക്കണമെങ്കിൽ 8,000 യെൻ (4,700 രൂപ) നൽകണം. അതേസമയം അതേ അളവ് കൊറിയയിൽ ഏകദേശം മൂന്നിലൊന്ന് വിലക്ക് ലഭിക്കും. വില വ്യത്യാസം കാരണം ജാപ്പനീസ് സഞ്ചാരികൾ കൊറിയയിൽ നിന്ന് അരി വാങ്ങിയാണ് മടങ്ങുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സിയോൾ സൂപ്പർമാർക്കറ്റുകളിൽ അരി വാങ്ങുന്ന ജാപ്പനീസ് ഉപഭോക്താക്കളുടെ എണ്ണത്തിൽ ഗണ്യമായ വർധനവിന് കാരണമായതായി റീട്ടെയിൽ ഉദ്യോഗസ്ഥർ പറഞ്ഞു.
ജാപ്പനീസ് വിനോദസഞ്ചാരി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ തന്റെ കഥ പങ്കുവെച്ചതോടെയാണ് കൂടുതൽ ആളുകൾ കൊറിയയിലേക്ക് അരി വാങ്ങാനെത്തുന്നത്. സിയോളിലെ ടൂറിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോകാൻ 4 കിലോ വെള്ള അരിയും 5 കിലോ ബ്രൗൺ റൈസും വാങ്ങിയ ജാപ്പനീസ് സഞ്ചാരിയുടെ വീഡിയോ വൈറലായിരുന്നു. അതേസമയം, കൊറിയയിൽ അരി കൊണ്ടുപോകാൻ നിയന്ത്രണമുണ്ട്. ഇഞ്ചിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടപടിക്രമം പൂർത്തിയാക്കിയാണ് അരി കൊണ്ടുപോകുന്നത്.
ആവശ്യമായ രേഖകൾ സമർപ്പിക്കുകയും ജാപ്പനീസ് വിലാസം സ്ഥിരീകരിക്കുകയും ചെയ്ത ശേഷം, ഏകദേശം 30 മിനിറ്റിനുള്ളിൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്കാണ് അരി കൊണ്ടുപോകാൻ അനുമതി. 2023 ലെ വേനൽക്കാലം മുതലാണ് ജപ്പാനിൽ അരി വില കുതിച്ചുയരാൻ തുടങ്ങിയത്. കാലാവസ്ഥ വിളവെടുപ്പിനെ ബാധിച്ചതും വിനോദസഞ്ചാരികൾ വർധിച്ചതും ഭൂകമ്പ ഭീഷണിയെ തുടർന്ന് ആളുകൾ അരി സ്റ്റോക്ക് ചെയ്യാൻ ശ്രമിച്ചതും വില വർധനവിന് കാരണമായി.
Read More... 'അധിക്ഷേപത്തിനെതിരെ പൊലീസിൽ 2 പരാതി നൽകി, നടപടി അറിയിച്ചില്ല'; സാധാരണക്കാരന്റെ സ്ഥിതി എന്താകുമെന്ന് ജി സുധാകരൻ
കരുതൽ ശേഖരത്തിൽ നിന്ന് അരി വിതരണം സുസ്ഥിരമാക്കാൻ ജാപ്പനീസ് സർക്കാർ ശ്രമിച്ചിട്ടും ക്ഷാമം നിലനിൽക്കുന്നു. വർദ്ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത്, ദക്ഷിണ കൊറിയ ജപ്പാനിലേക്ക് 22 ടൺ അരി കയറ്റുമതി ചെയ്യാൻ തീരുമാനിച്ചു. 1990 ന് ശേഷം ആദ്യമായാണ് ഇത്രയും അരി കയറ്റി അയക്കുന്നത്.