
വാഷിംങ്ടണ്‍: യുക്രൈനില്‍ റഷ്യ (Russia) നടത്തുന്ന അധിനിവേശത്തില്‍ ഇന്ത്യന്‍ നിലപാടിനെ ചോദ്യം ചെയ്ത് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ (Joe Biden) രംഗത്ത്. ചാഞ്ചാടുന്ന നിലപാടാണ് ഇന്ത്യ (India) എടുക്കുന്നത് എന്നാണ് ബൈഡന്‍ പറയുന്നത്. അമേരിക്കന്‍ സഖ്യകക്ഷികളില്‍ ഇത്തരത്തില്‍ നിലപാട് എടുക്കുന്നത് ഇന്ത്യയാണെന്ന് ബൈഡന്‍ പറയുന്നു.
നാറ്റോ, യൂറോപ്യന്‍ യൂണിയന്‍, ഏഷ്യയിലെ സഖ്യരാജ്യങ്ങള്‍ എന്നിവ റഷ്യയ്ക്കും റഷ്യന്‍ പ്രസിഡന്‍റ് പുടിനും എതിരെ നിലപാടുകളും ഉപരോധങ്ങളും ഏര്‍പ്പെടുത്തി ശക്തമായി നില്‍ക്കുന്നതില്‍ ബൈഡന്‍ ഇവരെ അഭിനന്ദിച്ചു.
ഇപ്പോള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളില്‍ റഷ്യയുടെ കറൻസി, അന്താരാഷ്‌ട്ര വ്യാപാരം, ഹൈടെക് സാധനങ്ങളിലേക്കുള്ള കയറ്റുമതി ഇറക്കുമതി നിരോധനം എന്നിവ തടയാനുള്ള അഭൂതപൂർവമായ ഉപരോധങ്ങളും ഉള്‍പ്പെടുന്നുണ്ട്.
വാഷിങ്ടണില്‍ യുഎസ് ബിസിനസ് തലവന്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യയുടെ കാര്യത്തില്‍ നാറ്റോയിലും പസഫിക്കിലും ഒരു ഐക്യമുന്നണി ഉണ്ടായിരുന്നുവെന്ന് ബൈഡന്‍ യോഗത്തില്‍ സൂചിപ്പിച്ചു.
പുടിന്‍റെ ആക്രമണ സ്വഭാവത്തിനെതിരായ നിലപാടില്‍ സഖ്യ കക്ഷികളില്‍ ഇന്ത്യയുടെ നിലപാട് ചിലയിടത്ത് ദൃഢമല്ല. എന്നാല്‍ ജപ്പാന്‍റെയും ഓസ്ട്രേലിയയുടെ നിലപാട് ദൃഢമാണ് - ബൈഡന്‍ പറയുന്നു. യുഎസ് ഐക്യരാഷ്ട്ര സഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പിന്തുണയ്ക്കാതെ ഇന്ത്യ മാറിനിന്നിരുന്നു ഇതാണ് യുഎസ് പ്രസിഡന്‍റിന്‍റെ പരാമര്‍ശത്തിലേക്ക് നയിച്ചത് എന്നാണ് കരുതപ്പെടുന്നത്.
നാറ്റോയെ പിളര്‍ക്കാനാണ് ശ്രമിച്ചത്, എന്നാല്‍ നാറ്റോ ശക്തമാകുകയാണ് ചെയ്തത്. ചരിത്രത്തില്‍ ഇല്ലാത്ത ഐക്യമാണ് ഇപ്പോള്‍ ഉള്ളത് - പുടിന്‍റെ ശ്രമങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് ബൈഡന്‍ പറഞ്ഞു.
അതേ സമയം ബൈഡന്‍റെ വിമര്‍ശനം ഉയരുമ്പോഴും റഷ്യയില്‍ നിന്നും ഇന്ത്യ ആദായ വിലയില്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഉപയോഗത്തിന്‍റെ 85 ശതമാനം ക്രൂഡ് ഇറക്കുമതി ചെയ്യുന്ന ഇന്ത്യ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഇറക്കുമതി വളരെ കുറച്ച് മാത്രമാണ് എന്നാണ് വ്യക്തമാക്കുന്നത്.
എന്നാല്‍ പുതിയ വെല്ലുവിളികള്‍ നേരിടുന്ന അവസ്ഥയില്‍ രാജ്യം മറ്റ് ഊര്‍ജ്ജ സ്രോതസ്സുകള്‍ തേടുമെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ ഇതുവരെ നിക്ഷപക്ഷ നിലപാടാണ് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ എടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam