
വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന് വീണ്ടും നാക്കുപിഴ. നാറ്റോ സമ്മേളനത്തിന്റെ വാർത്താ സമ്മേളനത്തിൽ യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയെ, 'പ്രസിഡന്റ് പുടിൻ' എന്നാണ് ബൈഡൻ അഭിസംബോധന ചെയ്തത്. കമല ഹാരിസിനെയാകട്ടെ ട്രംപ് എന്നാണ് വിളിച്ചത്. തെറ്റ് മനസ്സിലാക്കി ഉടൻ തിരുത്തി എങ്കിലും ഇതു വലിയ വാർത്തയായി. അതിനിടെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ ബൈഡനു മേൽ സമ്മർദ്ദം ശക്തമായി.
താൻ സംസാരിച്ച് കഴിഞ്ഞ ശേഷം സെലൻസ്കിക്ക് മൈക്ക് കൈമാറുന്നതിനിടെയാണ് ബൈഡന് നാക്കുപിഴ സംഭവിച്ചത്- "ഇനി ഞാൻ യുക്രൈൻ പ്രസിഡന്‍റിനെ ക്ഷണിക്കുന്നു. നിശ്ചയദാർഢ്യവും ധൈര്യവുമുള്ള വ്യക്തിയാണ് അദ്ദേഹം. പുടിന് സ്വാഗതം" എന്നാണ് ബൈഡൻ പറഞ്ഞത്. ഉടൻ തന്നെ നാക്കുപിഴ തിരിച്ചറിഞ്ഞ ബൈഡൻ മൈക്കിനരികിലേക്ക് തിരിച്ചെത്തി. എന്നിട്ട് ഉച്ചത്തിൽ പറഞ്ഞതിങ്ങനെ- "പ്രസിഡന്‍റ് പുടിൻ! സെലൻസ്കി പ്രസിഡന്‍റ് പുടിനെ തോൽപ്പിക്കാൻ പോകുന്നവനാണ്". താൻ പുടിനേക്കാൾ നല്ലവനാണ് എന്നായിരുന്നു സെലൻസ്കിയുടെ മറുപടി.
വൈസ് പ്രസിഡന്‍റ് കമല ഹാരിസിനെയാകട്ടെ 'വൈസ് പ്രസിഡന്‍റ് ട്രംപ്' എന്നാണ് ബൈഡൻ വിശേഷിപ്പിച്ചത്. കമല ഹാരിസാണ് പ്രസിഡന്‍റ് സ്ഥാനാർത്ഥിയെങ്കിൽ ട്രംപിനെ തോൽപ്പിക്കാൻ കഴിയുമോ എന്നായിരുന്നു ചോദ്യം. വൈസ് പ്രസിഡന്‍റ് ട്രംപിന് പ്രസിഡന്‍റാകാൻ യോഗ്യതയില്ലെങ്കിൽ വൈസ് പ്രസിഡന്‍റായി താൻ തെരഞ്ഞെടുക്കില്ലായിരുന്നു എന്നാണ് ബൈഡൻ പറഞ്ഞത്.
അതിനിടെ അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറുമെന്ന അഭ്യൂഹം ജോ ബൈഡൻ തള്ളി. പിന്മാറാൻ ആലോചിക്കുന്നില്ലെന്നും മുന്നോട്ട് തന്നെയെന്നും ബൈഡൻ വ്യക്തമാക്കി. നാറ്റോ സമ്മേളനത്തിനിടെയുള്ള വാർത്താസമ്മേളനത്തിലാണ് ബൈഡൻ നിലപാട് വ്യക്തമാക്കിയത്. പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ ഏറ്റവും യോഗ്യൻ താനെന്നും ജോ ബൈഡൻ പ്രതികരിച്ചു. ട്രംപിനെ ഒരിക്കൽ തോൽപ്പിച്ചു, വീണ്ടും പരാജയപ്പെടുത്തുമെന്നും ബൈഡൻ പറഞ്ഞു.
ബൈഡൻ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ബൈഡൻ നിലപാട് വ്യക്തമാക്കിയത്. തന്റെ ഭരണ കാലയളവിൽ അമേരിക്കയിൽ സാമ്പത്തിക മേഖല വൻ പുരോഗതി കൈവരിച്ചെന്ന് ബൈഡൻ അവകാശപ്പെട്ടു. തുടങ്ങി വെച്ച പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് വീണ്ടും മത്സരിക്കുന്നതെന്ന് ജോ ബൈഡൻ പ്രതികരിച്ചു. കമല ഹാരിസ് മികച്ച പ്രസിഡന്റ് ആകാൻ കഴിവുള്ള നേതാവാണെന്നും ബൈഡൻ പറഞ്ഞു.
അതേസമയം ഡോണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ന്യൂയോർക്ക് ടൈംസ് രംഗത്തെത്തി. അമേരിക്കയെ നയിക്കാൻ ട്രംപ് അയോഗ്യനെന്ന് ന്യൂയോർക്ക് ടൈംസിന്‍റെ പത്രാധിപ സമിതി അഭിപ്രായപ്പെട്ടു. ട്രംപിന്റെ സ്വഭാവവും പ്രവൃത്തികളും അമേരിക്കൻ ജനാധിപത്യത്തിനും ഭരണഘടനക്കും ഭീഷണിയാണെന്നാണ് മുഖപ്രസംഗത്തിൽ പറയുന്നത്. രാജ്യതാൽപര്യങ്ങൾക്കെതിരെയാണ് ട്രംപ് പ്രവര്‍ത്തിക്കുന്നത്. സ്വന്തം സങ്കുചിത താല്പര്യങ്ങൾ മാത്രമാണ് ട്രംപിന് മുഖ്യമെന്നും വിമര്‍ശിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam