
വാഷിങ്ടൺ: അമേരിക്കയിൽ കറുത്തവർഗകാരിക്കെതിരെ വംശീയാധിക്ഷേപം നടത്തിയ പ്രശസ്ത എഴുത്തുകാരിയുമായുള്ള കരാര്‍ പ്രസാധകർ പിന്‍വലിച്ചു. അവാർഡ് ജേതാവായ ജോർദാനിയൻ-അമേരിക്കൻ എഴുത്തുകാരി നടാഷ ടൗൈൻസിനെതിരേയാണ് വംശീയാധിക്ഷേപത്തിന്റെ പേരിൽ റേയർ ബേർഡ് ബുക്ക് പ്രസാധകർ നടപടി സ്വീകരിച്ചത്.
കഴിഞ്ഞ മാസമാണ് വാഷിങ്ടൺ മെട്രോ ട്രെയിൻ ജീവനക്കാരി ട്രെയിനിൽനിന്ന് പ്രഭാതഭക്ഷണം കഴിക്കുന്നതിന്റെ ചിത്രം നടാഷ ട്വിറ്ററിൽ പങ്കുവച്ചത്. 'വാഷിങ്ടൺ മെട്രോ ട്രെയിൻ ജീവനക്കാരി യൂണിഫോം ധരിച്ച് ട്രെയിനിൽനിന്ന് പ്രഭാതഭക്ഷണം കഴിക്കുകയാണ്. ഞാൻ കരുതിയത് ട്രെയിനിൽനിന്ന് ഭക്ഷണം കഴിക്കുന്നത് അനുവദനീയമല്ലെന്നാണ്. ഇത് അംഗീകരിക്കാൻ കഴിയില്ല. ഇതിനെതിരെ വാഷിങ്ടൺ മെട്രോ പ്രതികരിക്കുമെന്ന് കരുതുന്നു', എന്നാണ് ചിത്രത്തോടൊപ്പം നടാഷ ട്വീറ്റ് ചെയ്തത്.
നടാഷയുടെ ട്വീറ്റിനെതിരെ ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് നിരവധിയാളുകളാണ് പ്രതിഷേധം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ന്യൂനപക്ഷ എഴുത്തുകാരിയായിരുന്നിട്ടും കറുത്തവർഗകാരിയെ നടാഷ അധിക്ഷേപിച്ചെന്നാരോപിച്ച് ശക്തമായ പ്രതിഷേധമാണ് അവർക്കെതിരെ ഉയർന്നത്. ഇതിന് പിന്നാലെ ലോകമാധ്യമങ്ങളടക്കം നടാഷയുടെ ട്വീറ്റ് ഏറ്റെടുത്തതോടെ നടാഷ ട്വീറ്റ് പിൻവലിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തു.
തന്റെ ട്വീറ്റിനെ തുടർന്ന് ജീവനക്കാരിയെ ജോലിയിൽനിന്ന് പിരിച്ച് വിട്ടോ എന്നറിയുന്നതിനായി നടാഷ വാഷിങ്ടൺ മെട്രോയുമായി ബന്ധപ്പെട്ടു. എന്നാൽ ജീവനക്കാരിയെ മെട്രോ അധികാരികൾ ജോലിയിൽനിന്ന് പിരിച്ച് വിട്ടിരുന്നില്ല. തുടർന്ന് റേയർ ബേർഡ് എക്സിക്യൂട്ടിവ് റോബേർട്ട് ജേസൺ പീറ്റർസണുമായി നടാഷ കൂടിക്കാഴ്ച നടത്തുകയും സംഭവത്തിൽ വിശദീകരണം നൽകുകയും ചെയ്തു.
'തന്റെ ട്വീറ്റ് ഒരിക്കലും വംശീയാധിക്ഷേപമാകും എന്ന് ചിന്തിച്ചിരുന്നില്ല' എന്നായിരുന്നു നടാഷ പ്രസാധകർക്ക് നൽകിയ വിശദീകരണം. എന്നാൽ നടാഷ നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച റേയർ ബേർഡ് ബുക്ക് അവരുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽനിന്ന് തങ്ങൾ പിൻമാറുകയാണെന്നും അറിയിക്കുകയായിരുന്നു.
'ദേ കോൾ മി വയറ്റ്' എന്ന പുസ്തകം പുറത്തിറക്കാനാണ് നടാഷയുമായി റേയർ ബേർഡ് ബുക്ക് കരാറിൽ ഒപ്പിട്ടത്. കാലിഫോർണിയയിലെ റേയർ ബേർഡ് ഇംപ്രിന്റ് കാലിഫോർണിയ കോൾഡ്ബ്ലഡ് ബുക്കാണ് പുസ്തകം പ്രസിദ്ധീകരിക്കേണ്ടിയിരുന്നത്. എന്നാൽ പുസ്തകം പ്രസിദ്ധീകരിക്കാമെന്നേറ്റ് റേയർ ബേർഡ് കരാറിൽ ഒപ്പിട്ടിരുന്നുവെന്നും അതിനാൽ കരാർ പിൻവലിക്കുന്നത് നിയമലംഘനമാണെന്നും കാണിച്ച് നടാഷ പ്രസാധകർക്കെതിരെ പരാതി നൽകിയിരിക്കുകയാണ്. നോവൽ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് പിൻമാറിയത് തന്നെ അധിക്ഷേപിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നതിന് തുല്യമാണെന്ന് നടാഷ പരാതിയിൽ പറഞ്ഞു. ഏകദേശം 90 കോടി രൂപയാണ് കമ്പനിക്കെതിരെ നടാഷ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam