'കോടതികള്‍ പണക്കാര്‍ക്കുവേണ്ടി'; കൊലപാതകക്കേസിലെ പ്രതികളെ വെറുതെ വിട്ട ശേഷം ജഡ്ജി സ്വയം വെടിവെച്ചു

By Web TeamFirst Published Oct 6, 2019, 9:23 AM IST
Highlights

ജുഡീഷ്യല്‍ സംവിധാനത്തിന് സുതാര്യതയും വിശ്വാസ്യതയും വേണം. നിരപരാധികളെ ശിക്ഷിച്ച് ബലിയാടാക്കരുതെന്നും ജഡ്ജി പറഞ്ഞു. 

ബാങ്കോംഗ്: നീതിന്യായ വ്യവസ്ഥയില്‍ സുതാര്യതയില്ലെന്നാരോപിച്ച് കോടതി മുറിയില്‍ ജഡ്ജി സ്വയം വെടിവച്ചു. തായ്‍ലന്‍ഡിലെ ജഡ്ജിയായ കാനകൊണ്‍ പിയാന്‍ചാനയാണ്  ഫേസ്ബുക്ക് ലൈവില്‍ കോടതി സംവിധാനത്തെ വിമര്‍ശിച്ച ശേഷം വെടിവെച്ചത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ജഡ്ജി അപകട നില തരണം ചെയ്തതായി അധികൃതര്‍ പറഞ്ഞു. തായ് കോടതികള്‍ പണക്കാര്‍ക്കും സ്വാധീനമുള്ളവര്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ചെറിയ കുറ്റം ചെയ്ത പാവപ്പെട്ടവര്‍ക്ക് വലിയ ശിക്ഷ നല്‍കുന്നുവെന്നും ജഡ്ജി ആരോപിച്ചു. 

യാല കോടതിയിലിയിരുന്നു വിവാദമായ സംഭവം. കൊലപാതക കേസില്‍ പ്രതികളായിരുന്ന മുസ്ലിം യുവാക്കളെ തെളിവില്ലാത്തതിന്‍റെ അടിസ്ഥാനത്തില്‍ വെറുതെ വിട്ട വിധി പറഞ്ഞ ശേഷമായിരുന്നു ജഡ്ജിയുടെ ആത്മഹത്യാ ശ്രമം. ഒരാളെ ശിക്ഷിക്കാന്‍ കൃത്യവും വ്യക്തവുമായ തെളിവ് വേണം. നിങ്ങള്‍ക്ക് ഉറപ്പില്ലെങ്കില്‍ ഒരാളെ ശിക്ഷ വിധിക്കരുത് എന്നായിരുന്നു ഫേസ്ബുക്ക് ലൈവില്‍ ജഡ്ജി പറഞ്ഞത്. ജുഡീഷ്യല്‍ സംവിധാനത്തിന് സുതാര്യതയും വിശ്വാസ്യതയും വേണം. നിരപരാധികളെ ശിക്ഷിച്ച് ബലിയാടാക്കരുതെന്നും ജഡ്ജി പറഞ്ഞു.

തായ് മുന്‍ രാജാവിന്‍റെ ചിത്രത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ജഡ്ജിയുടെ ഫേസ്ബുക്ക് ലൈവ്.  ലൈവിന് ശേഷം സ്വയം വെടിവെക്കുകയും ചെയ്തു. ഉടനെ ആശുപത്രിയിലെത്തിച്ചതിനാല്‍ ജഡ്ജിയുടെ ജീവന്‍ രക്ഷപ്പെട്ടു.തായ്‍ലന്‍ഡിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ് യാല. മലായ്-മുസ്ലിം സംഘര്‍ഷത്തില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ 7000 പേരാണ് മരിച്ചത്. സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ആയിരങ്ങളാണ് ജയിലില്‍ കഴിയുന്നത്.  

click me!