'ആരാണെന്ന് അറിഞ്ഞില്ല, ഭീകരമായ തെറ്റ്': മാപ്പ് പറഞ്ഞ് ജസ്റ്റിന്‍ ട്രൂഡോ

Published : Sep 28, 2023, 09:35 PM ISTUpdated : Sep 28, 2023, 10:02 PM IST
'ആരാണെന്ന് അറിഞ്ഞില്ല, ഭീകരമായ തെറ്റ്': മാപ്പ് പറഞ്ഞ് ജസ്റ്റിന്‍ ട്രൂഡോ

Synopsis

ആ ആദരം നാസി ഭരണകൂടത്തിന്റെ ക്രൂരതക്കിരയായവരുടെ ഓര്‍മകളോടുള്ള അതിക്രമമാണെന്ന് ട്രൂഡോ

ഒട്ടാവ: നാസി വിമുക്ത ഭടനെ കനേഡിയന്‍ പാര്‍ലമെന്‍റില്‍ ആദരിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഭീകരമായ പിഴവ് എന്നാണ് ട്രൂഡോ പറഞ്ഞത്. വംശഹത്യയുടെ ഓര്‍മകള്‍ പേറുന്നവരെ ഈ സംഭവം നോവിച്ചെന്ന് ട്രൂഡോ പാര്‍ലമെന്‍റില്‍ പറഞ്ഞു.

“ഈ ചേംബറിൽ സന്നിഹിതരായിരിക്കുന്ന എല്ലാവരുടെയും പേരിൽ, വെള്ളിയാഴ്ച നടന്ന സംഭവത്തിന് ആത്മാർത്ഥമായി ക്ഷമാപണം നടത്തുന്നു. ആരാണെന്ന് അറിയാതെ ഈ വ്യക്തിയെ ആദരിച്ചത് ഭീകരമായ തെറ്റാണ്. നാസി ഭരണകൂടത്തിന്റെ ക്രൂരതക്കിരയായവരുടെ ഓര്‍മകളോടുള്ള അതിക്രമമാണ്"- ട്രൂഡോ പറഞ്ഞു.

98 കാരനായ യാരോസ്ലാവ് ഹുങ്ക എന്ന നാസി വിമുക്ത ഭടനെ കനേഡിയന്‍ സ്പീക്കര്‍ വിശേഷിപ്പിച്ചത് ഹീറോ എന്നാണ്. പോളിഷ് വംശജനായ യുക്രെയ്നില്‍ താമസിച്ചിരുന്ന ഹുങ്ക പിന്നീട് കാനഡയിലേക്ക് കുടിയേറുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധ സമയത്ത് നാസി സൈനിക വിഭാഗത്തിന്റെ 14-ആം വാഫെൻ എസ്എസ് ഡിവിഷനിൽ ഹുങ്ക പ്രവര്‍ത്തിച്ചിട്ടുണ്ട്.

യുക്രെയിന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ സെലന്‍സ്കിയുടെ സാന്നിധ്യത്തിലാണ് ഹുങ്കയെ സ്പീക്കര്‍ പ്രശംസിച്ചത്. റഷ്യയുടെ ആക്രമണത്തിനെതിരെ കാനഡയുടെ പിന്തുണ അഭ്യർത്ഥിച്ചാണ് സെലന്‍സ്കി എത്തിയത്. നാസി ഭടനെ ആദരിച്ചതിനെ വിമര്‍ശിച്ച് ജൂത വിഭാഗം രംഗത്തെത്തുകയുണ്ടായി. കനേഡിയന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുകയും മാപ്പ് പറയുകയും ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം.

റഷ്യ സംഭവം ആയുധമാക്കി. ഹുങ്കയെ ആദരിച്ചത് അതിക്രമം എന്നാണ് റഷ്യ വിശേഷിപ്പിച്ചത്. ഒരു പിഴവിനെ റഷ്യ രാഷ്ട്രീയവല്‍ക്കരിക്കുന്നത് വിഷമിപ്പിക്കുന്നതാണെന്ന് ട്രൂഡോ പ്രതികരിച്ചു.

“രണ്ടാം ലോകമഹായുദ്ധ സമയത്ത് ആര് ആരോടാണ് യുദ്ധം ചെയ്തതെന്നോ എന്താണ് സംഭവിച്ചതെന്നോ അറിയാത്ത ഒരു യുവതലമുറയെ കാനഡ ഉൾപ്പെടെയുള്ള പല പാശ്ചാത്യ രാജ്യങ്ങളും വളർത്തിയെടുത്തിട്ടുണ്ട്. ഫാസിസത്തിന്റെ ഭീഷണിയെക്കുറിച്ച് അവർക്ക് ഒന്നും അറിയില്ല”- ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.

അതേസമയം ഹൗസ് ഓഫ് കോമൺസിലെ സ്പീക്കർ ആന്റണി റോട്ടയ്ക്കാണ് നാസി വിമുക്തനെ ക്ഷണിച്ചതിന്‍റെ പൂര്‍ണ ഉത്തരവാദിത്വമെന്നാണ് സര്‍ക്കാര്‍ നിലപാട്. സ്പീക്കര്‍ രാജിവെയ്ക്കുകയും ചെയ്തു. റഷ്യ സംഭവം രാഷ്ട്രീയവല്‍ക്കരിച്ചതോടെ സെലന്‍സ്കിയോടും ട്രൂഡോ ക്ഷമാപണം നടത്തി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അറിയിച്ചത് ഡ്യൂട്ടി ഫ്രീ സ്റ്റോറിലെ ജീവനക്കാരൻ, പിന്നാലെ ബ്രെത്ത് അനലൈസർ പരിശോധന; എയർ ഇന്ത്യ പൈലറ്റ് കാനഡയിൽ പിടിയിൽ
ഖുറാൻ തൊട്ട് പുതിയ ചരിത്രത്തിലേക്ക് സത്യപ്രതിജ്ഞ; അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിന്‍റെ മേയറായി ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനി