
ദില്ലി: നായർ, ഈഴവ സമുദായങ്ങളുടെ കുത്തക ഏതെങ്കിലും പ്രത്യേക സംഘടനകൾക്കല്ലെന്ന് ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സമുദായ സംഘടനകൾ പറയുന്നതിനപ്പുറം ചിന്തിക്കാൻ ഇന്ന് ജനങ്ങൾക്ക് അറിയാമെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കുള്ള മറുപടിയായി സുരേന്ദ്രൻ പറഞ്ഞു. ഭൂരിപക്ഷ സമുദായങ്ങൾ ഒന്നിക്കുന്നത് കാണുമ്പോൾ മുന്നണികൾക്ക് അങ്കലാപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹിന്ദു വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന സജി ചെറിയാൻ്റെ മോഹം നടപ്പിലാകില്ലെന്നും സുരേന്ദ്രൻ പരിഹസിച്ചു. 2 ഹിന്ദു വോട്ട് കിട്ടാനാണ് സജി ചെറിയാന്‍റെ പരിശ്രമം. എന്നാൽ 'അത് നടപ്പില്ല മോനേ സജി ചെറിയാനേ' എന്നും സുരേന്ദ്രൻ പരിഹസിച്ചു.
ചെങ്ങന്നൂരിൽ സജി ചെറിയാൻ വിജയിക്കുന്നത് പോപ്പുലർ ഫ്രണ്ടിന്റെ വോട്ട് വാങ്ങിയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. വോട്ട് ലക്ഷ്യം വെച്ച് സമുദായങ്ങളെ പ്രീണിപ്പിക്കാനാണ് മന്ത്രി സജി ചെറിയാൻ ശ്രമിക്കുന്നത്. എന്നാൽ ഇത്തരം നീക്കങ്ങൾ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ തിരിച്ചറിയുമെന്നും സജി ചെറിയാന്റെ രാഷ്ട്രീയ നാടകങ്ങൾ ഇനി ചെലവാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമുദായങ്ങളുടെ പേരിൽ വോട്ട് കച്ചവടം നടത്തുന്ന രീതിക്ക് അന്ത്യം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിനോട് ശക്തമായ ഭാഷയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും നേരത്തെ രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്നും മന്ത്രി കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. സജി ചെറിയാന്റേത് വിദ്വേഷ പ്രസ്താവനയാണെന്നും വർഗീയത ആളിക്കത്തിക്കുന്നത് തലമുറകളോടുള്ള ക്രൂരതയാണെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. എൻ എസ് എസ്- എസ് എൻ ഡി പി വിമര്‍ശനത്തിനും സമുദായ നേതാക്കളുമായി തര്‍ക്കിക്കേണ്ടെന്ന കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്‍റെ അഭിപ്രായത്തിനും ശേഷവും നിലപാടിലുറച്ച് നില്‍ക്കുകയാണ് വി ഡി സതീശൻ. വ്യക്തിപരമായി ലാഭ നഷ്ടങ്ങള്‍ ഉണ്ടായാലും വര്‍ഗീയതയ്ക്കെതിരായ നിലപാടിൽ വെള്ളം ചേര്‍ക്കില്ലെന്ന് സതീശൻ വ്യക്തമാക്കി. സമുദായ നേതാക്കളെപ്പറ്റി മോശമായി പറയില്ലെന്നും വി ഡി സതീശൻ ആവർത്തിച്ചു. സമുദായ നേതാക്കൾക്ക് മുന്നിൽ ഇരുന്നാൽ മതി കിടക്കേണ്ട എന്നാണ് തന്റെ നിലപാട്. പോകുന്നത് തിണ്ണ നിരങ്ങലാണ് എന്ന് അവർ കരുതുന്നുണ്ടെങ്കിൽ പോകാതിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam