കമല ഹാരിസ് വൈസ് പ്രസിഡന്റാകുന്നത് അമേരിക്കയ്ക്ക് അപമാനം: ഡൊണാൾഡ് ട്രംപ്

By Web TeamFirst Published Sep 9, 2020, 11:21 AM IST
Highlights

നേരത്തേയും കമല ഹാരിസിനെതിരെ ട്രംപ് രംഗത്തെത്തിയിരുന്നു. കൊവിഡ് വാക്സിൻ വിഷയത്തിൽ കമലാ ഹാരിസും ബൈഡനും രാഷ്ട്രീയം കളിക്കുന്നുവെന്ന് ട്രംപ് ആരോപിച്ചിരുന്നു. 

വാഷിം​ഗ്ടൺ: അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസിനെതിരെ വിമർശനവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ ജനങ്ങൾക്ക് കമലയെ ഇഷ്ടമില്ലെന്നും അവര്‍ വൈസ് പ്രസിഡന്റായാല്‍ അത് രാജ്യത്തിന് അപമാനമാണെന്നും ട്രംപ് പറഞ്ഞു. നോര്‍ത്ത് കരോലിനയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ ആയിരുന്നു ട്രംപിന്റെ പരാമര്‍ശം.

"ആളുകൾക്ക് അവരെ ഇഷ്ടമല്ല. ആരും അവരെ ഇഷ്ടപ്പെടുന്നില്ല. അവർക്ക് ഒരിക്കലും ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റാകാൻ കഴിയില്ല. അത് നമ്മുടെ രാജ്യത്തിന് അപമാനമായിരിക്കും", ട്രംപ് പറഞ്ഞു.

ബൈഡന്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കണമെന്ന് ചൈന ആഗ്രഹിക്കുന്നതിന്റെ കാരണം ഇപ്പോള്‍ വ്യക്തമാണ്. അമേരിക്കയെ തകര്‍ക്കുന്ന നയങ്ങള്‍ മാത്രമറിയുന്നയാളാണ് ബൈഡന്‍ എന്ന് അവര്‍ക്ക് നന്നായി അറിയാമെന്നും ട്രംപ് പറഞ്ഞു.

നേരത്തേയും കമല ഹാരിസിനെതിരെ ട്രംപ് രംഗത്തെത്തിയിരുന്നു. കൊവിഡ് വാക്സിൻ വിഷയത്തിൽ കമലാ ഹാരിസും ബൈഡനും രാഷ്ട്രീയം കളിക്കുന്നുവെന്ന് ട്രംപ് ആരോപിച്ചിരുന്നു. കമല ക്ഷോഭിക്കുന്ന ഭ്രാന്തിളകിയ തീവ്ര ഇടത് പക്ഷക്കാരിയാണെന്നും ട്രംപ് ആരോപിച്ചു.

click me!