
വാഷിംഗ്ടൺ: ഇന്ത്യൻ വംശജ്ഞയായ കമല ഹാരിസിനെ അമേരിക്കൻ വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.
അമേരിക്കൻ സംസ്ഥാനമായ കാലിഫോർണിയയിൽ നിന്നുള്ള സെനറ്ററായ കമല ഹാരിസ് ഈ വർഷം നവംബറിൽ നടക്കുന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡനൊപ്പം മത്സരിക്കും. ഡെമോക്രാറ്റിക് പാർട്ടി കൺവൻഷൻ്റെ മൂന്നാം ദിനത്തിലാണ് കമല ഹാരിസിൻ്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഒബാമ, ഹിലരി ക്ലിൻ്റൺ എന്നിവരുടെ സാന്നിധ്യത്തിലാണ് കമലയുടെ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടായത്.
ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ കൺവൻഷനെ അഭിസംബോധന ചെയ്തു സംസാരിച്ച കമല ട്രംപ് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ചു. രോഗങ്ങളുടേയും തൊഴിലിലായ്മയുടേയും നാടായി അമേരിക്ക മാറിയെന്ന് കമല കുറ്റപ്പെടുത്തി. ചരിത്രം തിരുത്താനുള്ള അവസരമാണിതെന്നും അമേരിക്കയിലെ നിലവിലെ ആപത്തുകളിൽ നിന്നും രക്ഷിക്കാനുള്ള അവസരമായി തെരഞ്ഞെടുപ്പിനെ വിനിയോഗിക്കണമെന്നും അല്ലാത്തപക്ഷം വരും തലമുറകളോട് നമ്മൾ ഉത്തരം പറയേണ്ടി വരുമെന്നും കമല നദി പ്രസംഗത്തിൽ പറഞ്ഞു.
തമിഴ്നാട്ടിൽ വേരുകളുള്ള കമല സെനറ്റർ എന്ന നിലയിൽ നടത്തിയ മികച്ച പ്രവർത്തനത്തെ തുടർന്നാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ വിശ്വസ്തയായി മാറിയതും വൈസ് പ്രസിഡൻ്റ് മത്സരാർത്ഥിയായി ജോ ബൈഡൻ്റെ പിന്തുണ നേടിയെടുത്തതും. മുൻ അറ്റോർണി ജനറലായിരുന്ന കമല ജോ ബൈഡൻ്റെ അന്തരിച്ച മകൻ ബ്യൂ ബൈഡൻ്റെ അടുത്ത അനുയായി ആയിരുന്നു. ജമൈക്കൻ പൗരനാണ് കമലയുടെ പിതാവ്. അമേരിക്കൻ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മൂന്നാമത്തെ വനിതയും ആദ്യത്തെ ആഫ്രിക്കൻ-ഏഷ്യൻ വംശജ്ഞയുമാണ് കമല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam