അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ കനേഡിയൻ ഭാഗത്ത് കാണാതായ അന്തർവാഹിനിക്കായി തെരച്ചിൽ തുടരുന്നു. രണ്ട് ദിവസം മുൻപാണ് ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങൾ കാണാൻ 5 വിനോദ സഞ്ചാരികളുമായി പോയ അന്തർ വാഹിനി കാണാതായത്. ഇനി ഒരു ദിവസത്തേക്കുള്ള ഓക്സിജൻ മാത്രമാണ് അന്തർ വാഹനിയിൽ ശേഷിക്കുന്നത്. ഇന്നലെ രാത്രിയും സമുദ്രാന്തർഭാഗത്ത് തെരച്ചിൽ തുടർന്നു.

09:21 AM (IST) Jun 21
സംസ്ഥാനത്ത് പനി കേസുകളിൽ വർധനയുണ്ടായേക്കാമെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്. വർദ്ധനവ് ഉണ്ടാകുമെന്നു മേയ് മാസത്തിൽ തന്നെ വിലയിരുത്തിയിരുന്നു. അതീവ ജാഗ്രത വേണം. എലിപ്പനി പ്രതിരോധ മരുന്നുകളുടെ കാര്യത്തിൽ വീഴ്ച്ച പാടില്ലെന്നും മന്ത്രി പറഞ്ഞു. ഡെങ്കി പനി കൂടുതൽ വ്യാപിച്ച സ്ഥലങ്ങളിൽ പ്രത്യേക പരിശോധന നടത്തും. കൊതുകുകൾ പെരുകുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുത്. വീടുകളിലും സ്ഥാപനങ്ങളിലും മുൻകരുതൽ വേണം. കോവിഡ് കേസുകളിൽ വർധനയുണ്ടായിട്ടില്ലെന്നും വീണാ ജോർജ് പറഞ്ഞു.
09:20 AM (IST) Jun 21
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തം പാടില്ലെന്ന് മുന്നറയിപ്പുണ്ട്. എറണാകുളം മുതൽ കാസർകോട് വരെയുള്ള ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കിഴക്കൻ മേഖലകളിലും ഇടനാടുകളിലുമാണ് കൂടുതൽ മഴ സാധ്യത. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, എറണാകുളം, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
09:20 AM (IST) Jun 21
എ ഐ ക്യാമറ പദ്ധതിയിൽ കോടതി അനുമതി ഇല്ലാതെ കരാറുകാർക്ക് പണം നൽകരുതെന്ന ഹൈക്കോടതി വിധിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സകല അഴിമതികളിലും പിണറായി വിജയനെ ന്യായീകരിക്കാൻ വിധിക്കപ്പെട്ട സി പി എം അടിമകളുടെ മുഖത്തേറ്റ അടിയാണ് എ ഐ ക്യാമറ അഴിമതിയിൽ ഇന്ന് കോടതിയിൽ നിന്നുണ്ടായ പരാമർശങ്ങളെന്ന് സുധാകരൻ പറഞ്ഞു. ഈ ജനതയ്ക്ക് കാവലായി ഇമ ചിമ്മാതെ പ്രതിപക്ഷം ഇവിടെയുണ്ട്. പിണറായി വിജയൻ ഖജനാവിൽ നിന്ന് കട്ടെടുത്ത ഓരോ രൂപയ്ക്കും ഞങ്ങൾ കണക്ക് പറയിച്ചിരിക്കും- സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
09:19 AM (IST) Jun 21
വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ സമഗ്രാന്വേഷണം വേണമെന്ന് സിപിഐ മുഖപത്രം ജനയുഗം. പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്നതും ദുരൂഹവുമായ വിവരങ്ങളാണ്. സമഗ്രാന്വേഷണം വേണം. നടന്നത് പരസ്പരം പഴിചാരി രക്ഷപ്പെടാവുന്ന കൃത്യവിലോപമല്ലെന്നും ജനയുഗം പറയുന്നു. നിരന്തരം വിവാദങ്ങൾകൊണ്ട് പ്രതിക്കൂട്ടിൽ നിൽക്കുന്ന എസ്എഫ്ഐയെ ശക്തമായി വിമർശിക്കുന്നതാണ് ജനയുഗത്തിന്റെ നിലപാട്.
09:19 AM (IST) Jun 21
വ്യാജ ഡിഗ്രി വിവാദത്തില്‍ നിഖില്‍ തോമസിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചിൽ നടത്തുന്നത്. നിഖിൽ ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. നിഖിലിന്‍റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്താണ് അവസാനം ലൊക്കേഷന്‍ കണ്ടെത്തിയത്.
09:17 AM (IST) Jun 21
അന്താരാഷ്ട്ര യോഗാദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎൻ ആസ്ഥാനത്ത് യോഗക്ക് നേതൃത്വം നൽകും. ദില്ലിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിൽ പരിപാടികൾ നടക്കുകയാണ്. ഇന്ത്യൻ സമയം വൈകീട്ട് 5.30 നാണ് മോദി യുഎൻ ആസ്ഥാനത്ത് യോഗദിന ചടങ്ങിൽ പങ്കെടുക്കുന്നത്. പരിപാടിയിൽ 180 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും.
09:16 AM (IST) Jun 21
മോന്‍സന്‍ പോക്സോ കേസിലെ കെ സുധാകരനെതിരായ സിപിഎം ആരോപണത്തില്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് കെപിസിസി. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി ഇന്ന് പൊലീസിൽ പരാതി നൽകും. 11 മണിക്ക് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ ഡിജിപിക്ക് പരാതി നൽകും എന്നാണ് വിവരം.
09:16 AM (IST) Jun 21
വ്യാജ രേഖ കേസിൽ നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും മുൻകൂർ ജാമ്യാപേക്ഷയുമായി മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യ. കാസർകോട് ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യ ഹർജി ഈ മാസം 24 ന് കോടതി പരിഗണിക്കും. അവിവാഹിതയാണ്. ആ പരിഗണന നൽകണമെന്നും വിദ്യ ജാമ്യ ഹർജിയിൽ പറയുന്നു. ജാമ്യം നിഷേധിക്കേണ്ട തരത്തിലുള്ള കുറ്റം ചെയ്തിട്ടില്ലെന്നും ഹർജിയിലുണ്ട്.