
ദില്ലി: റഷ്യൻ (Russian) അധിനിവേശം തുടരുന്നതിനിടെ യുക്രൈയിനിൽ (Ukraine) ആശങ്കയിലാണ് മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ. ഇന്ത്യ ആവശ്യപ്പെട്ട പ്രകാരം പടിഞ്ഞാറൻ യുക്രൈയിനിലേക്ക് പോകാനാവാത്ത അവസ്ഥയിലാണെന്ന് തെക്ക്-കിഴക്കൻ പ്രദേശമായ സാപ്പൊറേഷ്യയിൽ നിന്നുള്ള മലയാളി വിദ്യാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഭക്ഷണത്തിന് പോലും കടകളെ ആശ്രയിക്കാനാവുന്നില്ല. കടകളെല്ലാം അടച്ചിരിക്കുകയാണ്. ബാങ്കുകളിൽ നിന്ന് തങ്ങൾക്ക് പണം പിൻവലിക്കാനാവുന്നില്ല എന്നും വിദ്യാർത്ഥികൾ പറയുന്നു.
ഇന്ത്യൻ പൗരൻമാർക്ക് തിരികെ വരണമെങ്കിൽ പടിഞ്ഞാറൻ യുക്രൈനിലേക്ക് വരേണ്ടി വരും. എല്ലാ പൗരൻമാരോടും പാസ്പോർട്ട് നിർബന്ധമായും കയ്യിൽ കരുതണമെന്നാണ് ഇന്ത്യ നിർദേശം നൽകിയിരിക്കുന്നത്. എംബസിയുടെ ട്വിറ്റർ, ഫേസ്ബുക്ക് അടക്കമുള്ള എല്ലാ സാമൂഹ്യമാധ്യമങ്ങളും തുടർച്ചയായി നിരീക്ഷിക്കണമെന്നാണ് നിർദേശം. എന്നാൽ, പടിഞ്ഞാറൻ യുക്രൈയിനിലേക്ക് എത്താനാവാത്ത സ്ഥിതിയാണുള്ളതെന്ന് വിദ്യാർത്ഥികൾ പറയുന്നു. വാഹനസൗകര്യങ്ങൾ ലഭ്യമല്ല. സ്വകാര്യ ടാക്സികൾ വിളിച്ച് പോകേണ്ട സ്ഥിതിയാണ്. അതിനും മാത്രം പണം തങ്ങളുടെ കൈവശമില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. യുക്രൈനിലെ പൊതുഗതാഗത സർവീസുകൾ പൂർണമായും നിലച്ച അവസ്ഥയിലാണ്. പടിഞ്ഞാറൻ യുക്രൈനിലേക്ക് യാത്ര ചെയ്യാൻ ക്യാബുകളോ ടാക്സികളോ ബുക്ക് ചെയ്യേണ്ടി വരും. അതിന് വലിയ തുകയാകും. അത് എങ്ങനെയെങ്കിലും സംഘടിപ്പിച്ചാലും അത് ടാക്സി ഡ്രൈവർമാർക്ക് നൽകാൻ വഴിയില്ല.
പല ബാങ്കുകളും അടച്ചു. പണം കൈമാറാൻ ഒരു വഴിയുമില്ല. എല്ലാ എടിഎമ്മുകളും അടച്ചിട്ടിരിക്കുകയാണ്. പണമായി ഒരു രൂപ പോലും എടുക്കാനാകുന്നില്ല. ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കാനാകില്ല. എംബസി ഏതെങ്കിലും തരത്തിൽ വാഹനങ്ങൾ സംഘടിപ്പിച്ച് പടിഞ്ഞാറൻ യുക്രൈനിലേക്ക് എത്തിക്കാൻ സഹായിക്കണമെന്നാണ് പല വിദ്യാർത്ഥികളും ആവശ്യപ്പെടുന്നത്. പലരും ഓഫ്‍ലൈൻ ക്ലാസുകൾ നഷ്ടമാകും എന്ന ഭയത്താലാണ് രാജ്യത്തേക്ക് തിരികെ മടങ്ങാതിരുന്നത്. വലിയ തുക മുടക്കിയാണ് പഠിക്കാനെത്തിയത്. ഇവിടെ നിന്ന് നാട്ടിലേക്ക് പോയാൽ പിന്നെ തിരികെ വരുന്നത് ബുദ്ധിമുട്ടാകും. അതിന് വലിയ പണച്ചെലവും വരും. അതിനാൽത്തന്നെ നിരവധി കുട്ടികൾ നാട്ടിലേക്ക് മടങ്ങാതെ യുക്രൈനിൽത്തന്നെ തുടർന്നു.
യുദ്ധമുണ്ടാകില്ല എന്ന പ്രതീക്ഷയിൽത്തന്നെയായിരുന്നു കുട്ടികളിൽ പലരും. സമാധാനശ്രമങ്ങൾ ലക്ഷ്യം കാണും എന്നാണ് പല ഇന്ത്യൻ പൗരൻമാരും കരുതിയിരുന്നത്. എന്നാൽ തീർത്തും അപ്രതീക്ഷിതമായി സമാധാനചർച്ചകൾ പലതും നടക്കുന്നതിനിടെയും, യുഎൻ സുരക്ഷാ കൗൺസിൽ യോഗം ചേരുന്നതിനിടെയും പുടിൻ അപ്രതീക്ഷിതയുദ്ധം പ്രഖ്യാപിക്കുകയായിരുന്നു.
കേരളത്തിൽ നിന്നുള്ള 2320 വിദ്യാർത്ഥികൾ യുക്രൈയിനിൽ ഉണ്ടെന്നാണ് സർക്കാരിൻറെ ഔദ്യോഗിക കണക്ക്. മലയാളികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തോടാവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ സുരക്ഷ കാര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറിന് കത്തയച്ചത്. നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്യാതെയും നിരവധി പേര്‍ ഉക്രനിലുണ്ട്. ഒഡേസാ സര്‍വകലാശാലയില്‍ 200 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുകയാണ്. ഖര്‍ഖീവ് സര്‍വകലാശാലയില്‍ നിന്ന് 13 വിദ്യാര്‍ത്ഥികൾ നോര്‍ക്കയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഖാർകിവ് സർവകലാശാലയുടെ ഹോസ്റ്റലിന് മുന്നിൽ സ്ഫോടനമുണ്ടായെന്നും ഇത് നേരിട്ട് കണ്ടെന്നും ഇവിടെ താമസിക്കുന്ന മലയാളി വിദ്യാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.