തങ്ങളെ ദുഷിച്ചുള്ള ലഘുലേഖകൾ ബലൂണിൽ അതിർത്തിക്കപ്പുറം വിടുന്ന 'തെരുവുപട്ടികളെ' നിലക്കുനിർത്തണമെന്ന് കിം യോ ജോങ്

By Web TeamFirst Published Jun 4, 2020, 4:01 PM IST
Highlights

അഞ്ചുലക്ഷത്തോളം ലഘുലേഖകളാണ്  ബലൂണുകളിൽ കെട്ടി വിട്ട നിലയിൽ പറന്ന് ഉത്തര കൊറിയൻ മണ്ണിൽ, അവിടെ ജീവിക്കുന്ന ജനങ്ങൾക്കിടയിലേക്ക് പറന്നിറങ്ങുന്നത്. 

പ്യോങ്‌യാങ് : അതിർത്തികടന്നുള്ള കുപ്രചാരണങ്ങളെ നിലയ്ക്ക് നിർത്താൻ അയൽരാജ്യമായ ദക്ഷിണ കൊറിയക്ക് അന്ത്യ ശാസനം നൽകിയിരിക്കയാണ് ഉത്തരകൊറിയയിലെ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരിയായ കിം ജോ യോങ്. രാജ്യത്തിന്റെ നയങ്ങളോട് വിയോജിച്ച്, അതിർത്തി കടന്ന് ദക്ഷിണ കൊറിയൻ മണ്ണിലേക്ക് പലായനം ചെയ്ത സ്വന്തം രാജ്യത്തെ പൗരന്മാർ തന്നെയാണ് ഇപ്പോൾ ഉത്തര കൊറിയൻ ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറിയിരിക്കുന്നത്. 

അങ്ങനെ സ്വന്തം രാജ്യത്ത് നിന്ന് വിഘടിച്ച് അപ്പുറം ചാടിയവർ ചേർന്ന്, ദക്ഷിണ കൊറിയ നൽകുന്ന രാഷ്ട്രീയ അഭയത്തിന്റെ ബലത്തിൽ, അവിടെ ഇരുന്നുകൊണ്ട് സ്വന്തം രാജ്യത്തെ ഭരണാധികാരിയായ കിം ജോങ് ഉൻ, സഹോദരി കിം ജോ യോങ് എന്നിവരെ വളരെ ശക്തമായ ഭാഷയിൽ വിമർശിച്ചുവിമർശിച്ചുകൊണ്ടുള്ള ലഘുലേഖകൾ നിരന്തരം ഉത്തരകൊറിയയിലേക്ക് പറത്തിവിടുകയാണ്. അത്തരത്തിലുള്ള അഞ്ചുലക്ഷത്തോളം ലഘുലേഖകളാണ്  ബലൂണുകളിൽ കെട്ടി വിട്ട നിലയിൽ പറന്ന് ഉത്തര കൊറിയൻ മണ്ണിൽ, അവിടെ ജീവിക്കുന്ന ജനങ്ങൾക്കിടയിലേക്ക് പറന്നിറങ്ങിയിട്ടുള്ളത്. ആ ലഘുലേഖകളിൽ നിറഞ്ഞു നിൽക്കുന്നത് ഉത്തരകൊറിയൻ ഗവണ്മെന്റിന്റെ ആണവ നയത്തെയും, രാജ്യത്തെ സ്വാതന്ത്ര്യമില്ലാത്ത, പൗരാവകാശങ്ങൾ ലംഘിക്കപ്പെടുന്നു സാഹചര്യങ്ങളെയും കുറിച്ചുള്ള തുറന്ന വിമർശനങ്ങളാണ്. അതൊക്കെ വായിച്ച് തങ്ങളുടെ ജനങ്ങളുടെ മനസ്സിൽ അനാവശ്യമായ ' രാജ്യദ്രോഹ ചിന്തകൾ' നിറയുമോ എന്ന ആശങ്കയാണ് കിം ജോ യോങിന്റെ പ്രതികരണത്തിൽ നിറഞ്ഞു നിൽക്കുന്നത്. 

രാജ്യത്തെ ഔദ്യോഗിക ന്യൂസ് ഏജൻസി ആയ KCNA വഴി ഇറക്കിയ പ്രസ് റിലീസിലൂടെയാണ് കിം യോ ജോങ് പ്രതികരിച്ചിട്ടുള്ളത്. " നിങ്ങളുടെ കണ്മുന്നിൽ നടക്കുന്ന ഇത്തരത്തിലുള്ള വിദ്രോഹ പ്രവർത്തനങ്ങൾ, മനുഷ്യാവകാശം, അഭിപ്രായ സ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞ് ഇനിയും കണ്ടില്ലെന്നു നടിച്ചാൽ അതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ദക്ഷിണ കൊറിയക്ക് ചിലപ്പോൾ താങ്ങാനാവുന്നതിലും അപ്പുറമാകും എന്ന് അവർ ഭീഷണിപ്പെടുത്തി. അന്യനാട്ടിൽ ചെന്നിരുന്നുകൊണ്ട് സ്വന്തം രാജ്യത്തെ വിമർശിക്കുന്നവരെ  'തെരുവുപട്ടികൾ' എന്നും 'മനുഷ്യ വിസർജ്ജ്യങ്ങൾ' എന്നും ഒക്കെയാണ് തന്റെ പ്രതികരണത്തിൽ കിം ജോ യോങ് വിശേഷിപ്പിച്ചിരിക്കുന്നത്. ഉത്തരകൊറിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് കൂടിയാണ് കിം യോ ജോങ്. 

 

click me!