
പോങ്യാങ്: ഉത്തരകൊറിയയിൽ ക്ഷാമമുണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഭരണാധികാരി കിം ജോങ് ഉൻ ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചെന്ന് റിപ്പോര്‍ട്ട്. ഭക്ഷ്യക്ഷാമം മറികടക്കാൻ കാർഷിക ഉത്പാദന പരിഷ്കരണം നടപ്പാക്കാനാണ് കിം ജോങ് ഉന്നിന്റെ ശ്രമം. ഇതു സംബന്ധിച്ച് സർക്കാർ പ്രതിനിധികളുമായി ഇന്നലെ ചർച്ച നടത്തിയതായി ഉത്തരകൊറിയന്‍ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഉത്തരകൊറിയയിൽ ഭക്ഷ്യക്ഷാമം ഉടലെടുക്കുന്നതായി നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഉത്തരകൊറിയയുടെ സ്ഥിതി മോശമാണെന്ന് ദക്ഷിണ കൊറിയ ആരോപിച്ചിരുന്നു. ഇതിനിടയിലാണ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കിം രംഗത്തെത്തിയത്. ഈ വർഷം ധാന്യ ഉത്‍പാദനം വർധിപ്പിക്കലാണ് ലക്ഷ്യമെന്ന് കിം ജോങ് ഉൻ വ്യക്തമാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ നടന്ന പാർട്ടിയുടെ പ്ലീനറി യോഗത്തിൽ സുസ്ഥിരമായ കാർഷിക ഉൽപാദനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു, രാജ്യത്ത് ഭക്ഷ്യക്ഷാമം രൂക്ഷമാവുമെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം.
ഭക്ഷ്യക്ഷാമത്തെ നേരിടാൻ കാർഷിക ഉത്പാദനത്തിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ചായിരുന്നു ചർച്ച. ആണവായുധങ്ങളുടെയും ബാലിസ്റ്റിക് മിസൈൽ പദ്ധതികളുടെയും പേരിൽ ഉത്തരകൊറിയ അന്താരാഷ്ട്ര ഉപരോധം നേരിടുന്നതിനിടെയാണ് പുതിയ വാര്‍ത്ത.
ദക്ഷിണ കൊറിയക്കുനേരെ കിം ജോങ് ഉൻ നിരന്തരം മിസൈൽ പരീക്ഷണം നടത്തിയിരുന്നു. മാസങ്ങൾക്കുമുമ്പ് കരസേനയുടെ ഷെല്ലാക്രമണമാണ് ഇടതടവില്ലാതെ നടത്തിയത്. നവംബർ ആദ്യം ഭൂഖണ്ഡാന്തര മിസൈൽ ഒരു മുന്നറിയിപ്പുമില്ലാതെ പരീക്ഷിച്ച് കിം വലിയ പ്രകോപനം സൃഷ്ടിച്ചിരുന്നു.
130 ഷെല്ലുകൾ കരയിൽ നിന്നും തൊടുത്തുവെന്നാണ് പുറത്തുവന്നത്. ഇരുരാജ്യങ്ങളും സമുദ്രാതിർത്തി നിശ്ചയിച്ചിരിക്കുന്ന മേഖലയ്‌ക്ക് തൊട്ടടുത്താണ് മിസൈലുകളെല്ലാം പതിച്ചത്. അതിർത്തി കേന്ദ്രീകരിച്ചുള്ള സമാധാന ഉടമ്പടിയുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് ദക്ഷിണ കൊറിയ ആരോപിച്ചിരുന്നു. എന്നാൽ ദക്ഷിണ കൊറിയ മിസൈലുകൾ പരീക്ഷിച്ചതിലുള്ള പ്രതികരണം മാത്രമാണ് നടത്തിയതെന്നാണ് ഉത്തര കൊറിയയുടെ വാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam