
കിർഗിസ്ഥാൻ -താജികിസ്താൻ അതിർത്തിയിൽ സൈനികർ തമ്മിലുണ്ടായ സംഘർഷത്തിൽ മരണം മൂന്നായി. സംഘര്‍ഷത്തിൽ ഇതുവരെ 27 സൈനികര്‍ക്കാണ് പരിക്കേറ്റത്. രണ്ട് ദിവസം പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തിൽ ടാങ്കുകളും മോർട്ടാറുകളും അടക്കമുള്ള പടക്കോപ്പുകൾ പ്രയോഗിക്കപ്പെട്ടതായി ഇരു രാജ്യങ്ങളും പരസ്പരം ആരോപിച്ചു. അതിര്‍ത്തി പ്രദേശത്ത് ഏതാണ്ട് ആയിരം കിലോമീറ്റര്‍ മേഖലയെ ചൊല്ലി കിർഗിസ്താനും താജികിസ്താനും തമ്മിൽ തർക്കമുണ്ട്. ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ നിലവിൽ സമർഖണ്ഡിൽ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുത്തു വരികയാണ്.
അതിർത്തിയോട് ചേർന്നുള്ള കിർഗിസ്, താജിക് പ്രവിശ്യകളിലെ ഗവർണർമാർ അതിർത്തി മേഖലയിലെത്തി കൂടിക്കാഴ്ച നടത്തുകയും സ്ഥിതിഗതികൾ ശാന്തമാക്കാൻ നടപടികളെടുക്കുകയും ചെയ്തിട്ടുണ്ട്. ഇരുരാജ്യങ്ങളുടേയും സൈനികര്‍ അതിര്‍ത്തിയിൽ അതീവ ജാഗ്രതയിലാണ്.
മുൻ സോവിയറ്റ് റിപ്പബ്ലിക്കിൻ്റെ ഭാഗമായിരുന്ന രണ്ട് രാജ്യങ്ങൾക്കിടയിൽ കാലങ്ങളായി നിലനിൽക്കുന്ന അതിര്‍ത്തി തര്‍ക്കമാണ് ഇപ്പോൾ രൂക്ഷമായ സംഘര്‍ഷത്തിലേക്ക് വഴി തുറന്നിരിക്കുന്നത്. സോവിയറ്റ് യൂണിൻ്റെ പതനത്തോടെ പെട്ടെന്ന് സ്വാതന്ത്ര്യം പ്രാപിച്ച് ഈ രാജ്യങ്ങളുടെ അതിര്‍ത്തി കൃത്യമായിട്ടല്ല നിര്‍ണയിച്ചിരിക്കുന്നത്. ഇതിനാൽ അതിര്‍ത്തിയെ ചൊല്ലി സംഘര്‍ഷം പതിവാണ്. കഴിഞ്ഞ വര്‍ഷം അതിര്‍ത്തി തര്‍ക്കം ഒരു ചെറിയ യുദ്ധത്തിലേക്ക് ഇരു രാജ്യങ്ങളേയും എത്തിച്ചിരുന്നു. റഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളാണ് കിർഗിസ്ഥാനും താജികിസ്താനും. രണ്ട് രാജ്യങ്ങളിലും റഷ്യൻ സൈനിക താവളങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. സഖ്യകക്ഷികൾ തമ്മിലുള്ള തര്‍ക്കം തീര്‍ക്കാൻ മോസ്കോയുടെ അടിയന്തര ഇടപെടലുണ്ടാവും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam