
ബെയ്‌റൂട്ട്: തെക്കൻ ലബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ വനിതാ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന മറ്റൊരു മാധ്യമപ്രവർത്തകയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ലെബനീസ് മാധ്യമപ്രവർത്തക അമൽ ഖലീൽ ആണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകയും ഫ്രീലാൻസ് ഫോട്ടോഗ്രാഫറുമായ സൈനബ് ഫറാജിന് പരിക്കേറ്റു. തെക്കൻ ലബനനിലെ അൽ-തൈരി എന്ന സ്ഥലത്ത് വാർത്താ റിപ്പോർട്ട് ചെയ്യാൻ എത്തിയതായിരുന്നു ഇരുവരും. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുന്നിലെ കാറിന് നേരെ ഇസ്രായേൽ മിസൈൽ ആക്രമണം നടത്തി. ഭയന്നോടിയ മാധ്യമപ്രവർത്തകർ അടുത്തുള്ള വീട്ടിൽ അഭയം പ്രാപിച്ചെങ്കിലും, ഇസ്രായേൽ സൈന്യം ആ വീടിന് നേരെയും ആക്രമണം നടത്തി.
കർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ അമൽ ഖലീലിനെ രക്ഷിക്കാൻ എത്തിയ ആംബുലൻസുകൾക്ക് നേരെയും ഇസ്രായേൽ സൈന്യം വെടിയുതിർത്തുവെന്ന് ലബനൻ ആരോഗ്യ മന്ത്രാലയം ആരോപിച്ചു. ഏകദേശം നാല് മണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് രക്ഷാപ്രവർത്തകർക്ക് തകർന്ന വീടിനടുത്തേക്ക് എത്താൻ സാധിച്ചത്. അപ്പോഴേക്കും അമൽ ഖലീൽ മരണപ്പെട്ടിരുന്നു. ആദ്യം ആക്രമിക്കപ്പെട്ട കാറിലുണ്ടായിരുന്ന രണ്ട് ലെബനീസ് പൗരന്മാരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ബുധനാഴ്ച മാത്രം വ്യത്യസ്ത ആക്രമണങ്ങളിലായി ആകെ അഞ്ച് പേർ കൊല്ലപ്പെട്ടുവെന്നാണ് ഇവിടെ നിന്ന് പുറത്തുവരുന്ന വിവരം.
അതേസമയം തങ്ങൾ മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടല്ല ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ വിശദീകരണം. ഹിസ്ബുള്ള ഉപയോഗിക്കുന്ന സൈനിക കേന്ദ്രങ്ങളിൽ നിന്ന് പുറത്തുവന്ന വാഹനങ്ങൾ തങ്ങളുടെ സൈന്യത്തിന് ഭീഷണിയായതിനാലാണ് ആക്രമണം നടത്തിയത്. എന്നാൽ മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ഈ ആക്രമണം രാജ്യാന്തര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് ലബനൻ വാർത്താവിനിമയ മന്ത്രാലയം അപലപിച്ചു. അന്താരാഷ്ട്ര തലത്തിൽ മാധ്യമപ്രവർത്തകരുടെ കൂട്ടായ്‌മകൾ അമൽ ഖലീലിൻ്റെ കൊലപാതകത്തെ നിശിതമായി വിമർശിച്ച് രംഗത്തെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam