
ദില്ലി: കാനഡയുടെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മാർക്ക് കാർണിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി. വിജയത്തിന് മാർക്ക് കാർണിക്കും ലിബറൽ പാർട്ടിക്കും അഭിനന്ദനങ്ങൾ എന്നാണ് മോദി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചത്. പൊതുവായ ജനാധിപത്യ മൂല്യങ്ങൾ, നിയമവാഴ്ചയോടുള്ള ഉറച്ച പ്രതിബദ്ധത, ജനങ്ങൾ തമ്മിലുള്ള ഊർജ്ജസ്വലമായ ബന്ധം എന്നീ കാര്യങ്ങളിലടക്കം ഇന്ത്യയും കാനഡയും തമ്മിൽ ബന്ധപ്പെട്ടുകിടക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും നമ്മുടെ ജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ തുറക്കുന്നതിനും കാർണിയുമായി ഒന്നിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും മോദി കുറിച്ചു.
കാനഡയിൽ ലിബറൽ പാർട്ടി വീണ്ടും അധികാരത്തിലേക്ക്, വിജയം പ്രഖ്യാപിച്ച് മാർക്ക് കാർണി
അതേസമയം ട്രംപ് വിരുദ്ധ വികാരം ആഞ്ഞടിച്ച കനേഡിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മികച്ച വിജയത്തോടെയാണ് കാർണിയുടെ ലിബറൽ പാർട്ടി അധികാരം നിലനിർത്തിയത്. 343 അംഗ പാർലമെന്റിൽ 165 സീറ്റുകൾ നേടി ഒന്നാം സ്ഥാനത്തെത്തിയ ലിബറൽ പാർട്ടി മറ്റുള്ളവരെ ബഹുദൂരം പിന്നിലാക്കി. ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി കഴിഞ്ഞ മാർച്ചിൽ അധികാരത്തിൽ എത്തിയ മാർക്ക് കാർണി പ്രധാനമന്ത്രിയായി തുടരും. 43 ശതമാനം വോട്ടുനേടിയാണ് കാർണിയുടെ അധികാരത്തുടർച്ച. 343 അംഗ കനേഡിയൻ പാർലമെന്റിൽ ഭൂരിപക്ഷത്തിന് വേണ്ടത് 172 സീറ്റുകളാണ്. കേവല ഭൂരിപക്ഷത്തിന് ഏതാനും സീറ്റുകൾ കുറവ് ഉണ്ടെങ്കിലും മാർക്ക് കാർണിയുടെ ലിബറൽ പാർട്ടി അധികാരം ഉറപ്പിച്ചിട്ടുണ്ട്. സീറ്റെണ്ണവും വോട്ട് ശതമാനവും കൂട്ടിയാണ് കാർണിയുടെ നേതൃത്വത്തിൽ ലിബറൽ പാർട്ടിയുടെ കുതിപ്പ്.
കാനഡ സ്വമേധയാ രാഷ്ട്ര പദവി ഉപേക്ഷിക്കണം എന്നും അമേരിക്കയുടെ അൻപത്തിയൊന്നാം സംസ്ഥാനം ആയി മാറണമെന്നും ട്രംപ് നിരന്തരം അവർത്തിക്കുന്നതിനിടെ ആയിരുന്നു ഈ തെരഞ്ഞെടുപ്പ്. അധിക തീരുവ പ്രഖ്യാപിച്ചുള്ള അമേരിക്കയുടെ വ്യാപാരയുദ്ധവും വന്നതോടെ കാനഡയിൽ ട്രംപ് വിരുദ്ധ വികാരം ആഞ്ഞടിച്ചു. ഇത് ഫലപ്രദമായി ഉപയോഗിക്കാൻ ആയത് ലിബറൽ പാർട്ടിക്കും മാർക്ക് കാർണിക്കും ആണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. ഓരോ പ്രചാരണ യോഗത്തിലും കാർണി ട്രംപിനെതിരെ ആഞ്ഞടിച്ചിരുന്നു. 2021 ൽ നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 119 സീറ്റുകൾ മാത്രം ഉണ്ടായിരുന്ന കൺസർവേറ്റുകൾക്ക് ഇത്തവണ സീറ്റുകൾ ഗണ്യമായി കൂട്ടാനായി. പക്ഷെ ഭരണമാറ്റം ഉണ്ടാക്കി അധികാരത്തിൽ എത്താനായില്ല. മൂന്നു കോടിയോളം വരുന്ന കനേഡിയൻ വോട്ടർമാർ രണ്ടു പ്രധാന പാർട്ടികൾക്ക് ചുറ്റും അണിനിരന്നതോടെ ഏറ്റവും കനത്ത തിരിച്ചടി ഉണ്ടായത് ഇടതുപക്ഷ പാർട്ടി ആയ എൻ ഡി പിക്ക് ആണ്. സിഖ് നേതാവായ ജഗ്‌മീത് സിംഗ് നയിക്കുന്ന ഇടത് പാർട്ടിയായ ന്യൂ ഡെമോക്രാറ്റിക് ഇത്തവണ വിരലിൽ എണ്ണാവുന്ന സീറ്റിൽ ഒതുങ്ങി. കഴിഞ്ഞ തവണ ഈ പാർട്ടിക്ക് 25 സീറ്റുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ തവണ 33 സീറ്റുകൾ നേടിയ ബ്ലോക്ക് ക്യൂബികുവ പാർട്ടിക്കും വലിയ നഷ്ടമാണ് ഇക്കുറി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം