
ഇസ്ലാമാബാദ്: തന്റെ ജീവൻ അപകടത്തിലാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അവിശ്വാസപ്രമേയത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ജീവൻ അപകടത്തിലാണെന്ന് വിശ്വസനീയമായ ഇടത്തുനിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും എന്നാൽ താൻ ഭയക്കുകയില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. സ്വതന്ത്രവും ജനാധിപത്യപരവുമായ പാക്കിസ്ഥാനുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു.
ഞായറാഴ്ചയാണ് ദേശീയ അസംബ്ലിയിൽ അവിശ്വാസ പ്രമേയം നടക്കുന്നത്. സൈന്യം മൂന്ന് അവസരങ്ങളാണ് തനിക്ക് തന്നിരിക്കുന്നത്. ഒന്ന്, അവിശ്വാസ വോട്ട്, നേരത്തെയുള്ള തിരഞ്ഞെടുപ്പ് അല്ലെങ്കിൽ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കൽ. തന്റെ ജീവൻ അപകടത്തിലാണെന്ന് മാത്രമല്ല, വിദേശ കൈകളിൽ കളിക്കുന്ന പ്രതിപക്ഷം തന്റെ സ്വഭാവഹത്യ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
"എന്റെ ജീവനും അപകടത്തിലാണെന്ന് ഞാൻ എന്റെ രാജ്യത്തെ അറിയിക്കട്ടെ, എന്റെ സ്വഭാവഹത്യയ്ക്കും അവർ പദ്ധതിയിട്ടിട്ടുണ്ട്. എന്റെ മാത്രമല്ല, എന്റെ ഭാര്യയുടേത് കൂടി," 69 കാരനായ ഇമ്രാൻ ഖാൻ വ്യക്തമാക്കി. പ്രതിപക്ഷം തനിക്ക് എന്ത് ഓപ്ഷനുകളാണ് നൽകിയതെന്ന ചോദ്യത്തിന് പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫിനെപ്പോലുള്ളവരോട് സംസാരിക്കണമെന്ന് താൻ കരുതുന്നില്ലെന്ന് ഖാൻ പറഞ്ഞു.
"നമ്മൾ (അവിശ്വാസ വോട്ട്) അതിജീവിക്കുകയാണെങ്കിൽ നേരത്തെയുള്ള തെരഞ്ഞെടുപ്പാണ് ഏറ്റവും നല്ല ഓപ്ഷൻ, എനിക്ക് കേവല ഭൂരിപക്ഷം നൽകാൻ ഞാൻ എന്റെ രാജ്യത്തോട് അഭ്യർത്ഥിക്കും” അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഗൂഢാലോചനയാണെന്ന് വിശേഷിപ്പിച്ച ഖാൻ, കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ തനിക്ക് ഇതിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും ചില പ്രതിപക്ഷ നേതാക്കൾ എംബസികൾ സന്ദർശിക്കുന്നതായി തനിക്ക് റിപ്പോർട്ടുകൾ ലഭിച്ചെന്നും കൂട്ടിച്ചേർത്തു. ഹുസൈൻ ഹഖാനിയെപ്പോലുള്ളവർ ലണ്ടനിൽ വെച്ച് നവാസ് ഷെരീഫിനെ കണ്ടുവെന്നും ഖാൻ പറഞ്ഞു.
മാർച്ച് 31 ന് രാജ്യത്തെ ഒരു ടെലിവിഷൻ പ്രസംഗത്തിൽ ഒരു വിദേശ രാജ്യം തന്റെ പ്രധാനമന്ത്രി പദത്തിൽ വിയോജിപ്പ് പ്രകടിപ്പിക്കുക മാത്രമല്ല, അവിശ്വാസ വോട്ടിലൂടെ അദ്ദേഹത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു എന്ന് ഖാൻ ആവർത്തിച്ചു. തന്റെ സ്വതന്ത്ര വിദേശ നയത്തെ വിദേശ രാജ്യം എതിർത്തതായും ഖാൻ പറഞ്ഞതായി എആർവൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഒരു ഭരണമാറ്റം ആവശ്യപ്പെടുക മാത്രമല്ല, പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കണമെന്ന് വ്യക്തമായി പരാമർശിക്കുകയും ചെയ്തിരിക്കുന്നു. പ്രധാനമന്ത്രിക്കെതിരെ ഞായറാഴ്ചത്തെ അവിശ്വാസ പ്രമേയത്തിന് മുന്നോടിയായി ഇമ്രാൻ ഖാനെ വധിക്കാനുള്ള ഗൂഢാലോചന രാജ്യത്തിന്റെ സുരക്ഷാ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗധരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ റിപ്പോർട്ടുകൾക്ക് ശേഷം സർക്കാർ തീരുമാനമനുസരിച്ച് ഇമ്രാൻ ഖാന്റെ സുരക്ഷ വർദ്ധിപ്പിച്ചതായി ചൗധരിയെ ഉദ്ധരിച്ച് ഡോൺ പത്രം റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam