ലണ്ടനിലേത് ഭീകരാക്രമണമെന്ന് പൊലീസ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു, അക്രമി തീവ്രവാദ കേസില്‍ ശിക്ഷിക്കപ്പെട്ട 28കാരന്‍

By Web TeamFirst Published Nov 30, 2019, 10:51 AM IST
Highlights

ഉസ്മാന്‍ ഖാന്‍ (28) എന്നയാളാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ ശരീരത്ത് കെട്ടിവെച്ച ബോംബ് വ്യാജമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

ലണ്ടന്‍: വെള്ളിയാഴ്ച ലണ്ടന്‍ ബ്രിഡ്ജില്‍ നടന്ന കത്തിയാക്രമണം ഇസ്‍ലാമിക തീവ്രവാദി ആക്രമണമാണെന്ന് ലണ്ടന്‍ പൊലീസ്. ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ആക്രമണം നടത്തിയ യുവാവിനെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തി. മുമ്പ് ഭീകരാക്രമണക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയാണ് കഴിഞ്ഞ ദിവസവും ആക്രമണം നടത്തിയതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

ഉസ്മാന്‍ ഖാന്‍ (28) എന്നയാളാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ ശരീരത്ത് കെട്ടിവെച്ച ബോംബ് വ്യാജമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. 2012ലെ ഭീകരാക്രമണ കേസില്‍ ഉസ്മാനെ ശിക്ഷിച്ചിരുന്നു. 2018ലാണ് ഇയാള്‍ മോചിതനാകുന്നതെന്ന് അസി. കമ്മീഷണര്‍ നീല്‍ ബസു മാധ്യമങ്ങളോട് പറഞ്ഞു. സ്റ്റാഫോര്‍ഡ്ഷെയറിലാണ് ഇയാള്‍ താമസിക്കുന്നത്. രണ്ട് വര്‍ഷം മുമ്പും ലണ്ടന്‍ ബ്രിഡ്ജില്‍ ആക്രമണം നടന്നിരുന്നു. അന്ന് എട്ടുപേരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ് ഉച്ചക്ക് 1.58ന് പാലത്തിന്‍റെ വടക്കുഭാഗത്താണ് ആക്രമണം നടന്നത്.

ആള്‍ക്കൂട്ടത്തിന് നേരെ യുവാവ് കത്തി കൊണ്ട് ആക്രമണം നടത്തുകയായിരുന്നു.   സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പ്രചരിച്ചു. അക്രമിയെ വെടിവെക്കുന്ന 14 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളും പ്രചരിച്ചു. അക്രമി സ്ഫോടക വസ്തുക്കളുമായാണ് എത്തിയതെന്നും ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് പറയുന്നു. ആക്രമണത്തെ അപലപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും രംഗത്തെത്തി. ആക്രമണത്തെ പ്രതിരോധിച്ച പൊലീസിന് അദ്ദേഹം നന്ദി പറഞ്ഞു.

click me!