ഇന്ത്യയുടെ കമാന്‍ഡോകളെ ആവശ്യമില്ല, ഭീകരരെ നേരിടാന്‍ ശ്രീലങ്കയ്ക്ക് കഴിയും; മഹീന്ദ രാജപക്സെ

By Web TeamFirst Published Apr 28, 2019, 6:14 PM IST
Highlights

"ശ്രീലങ്കയ്ക്ക് വിദേശ സൈനികരുടെ സേവനം ആവശ്യമില്ല.  ഞങ്ങളുടെ സേന എന്തിനും പ്രാപ്തരാണ്."

കൊളംബോ: ഭീകരരെ നേരിടാന്‍ ഇന്ത്യയുടെ സഹായം ആവശ്യമില്ലെന്ന്  ശ്രീലങ്കയുടെ മുന്‍ പ്രസിഡന്‍റ്  മഹീന്ദ രജപക്സെ. ഇന്ത്യ എന്‍എസ്ജി കമാന്‍ഡോകളെ അയയ്ക്കേണ്ടതില്ല. ഭീകരരെ നേരിടാന്‍ ശ്രീലങ്കന്‍ സേന പ്രാപ്തരാണെന്നും രജപക്സെ അവകാശപ്പെട്ടു.

"ഇന്ത്യയുടെ നടപടികള്‍ സഹായകരം തന്നെയാണ്. അതില്‍ നന്ദിയുണ്ട്. പക്ഷേ, എന്‍എസ്ജി കമാന്‍ഡോകളെ അയയ്ക്കേണ്ടതില്ല. ശ്രീലങ്കയ്ക്ക് വിദേശ സൈനികരുടെ സേവനം ആവശ്യമില്ല.  ഞങ്ങളുടെ സേന എന്തിനും പ്രാപ്തരാണ്. അവര്‍ക്ക് ഞങ്ങള്‍ അധികാരവും സ്വാതന്ത്ര്യവും നല്‍കിയാല്‍ മാത്രം മതി." ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ രജപക്സെ പറഞ്ഞു.

ആവശ്യം വന്നാല്‍ ഇന്ത്യന്‍ സേനയുടെ സഹായം സ്വീകരിക്കുമെന്ന ശ്രീലങ്കന്‍ ഔദ്യോഗിക പ്രതിനിധിയുടെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് രജപക്സെയുടെ പ്രതികരണം.  രാജ്യത്ത് നടന്ന ഭീകരാക്രമണത്തിന് ഉത്തരവാദികള്‍ സര്‍ക്കാരും പരമോന്നത സൈനിക, പോലീസ് മേധാവിയായ പ്രസിഡന്‍റ് മൈത്രീപാല സിരിസേനയും പ്രധാനമന്ത്രി റെനില്‍ വിക്രമസംഗെയുമാണെന്ന് രജപക്സെ ആരോപിച്ചു. രാജ്യസുരക്ഷ ബലികൊടുത്ത് ഇരുവരും രാഷ്ട്രീയനാടകങ്ങള്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവര്‍ക്ക് ആശങ്ക വോട്ട്ബാങ്കുകളെക്കുറിച്ച് മാത്രമായിരുന്നു. അതുകൊണ്ടാണ് ഒന്നും ചെയ്യാതിരുന്നതെന്നും രജപക്സെ പറഞ്ഞു. 

click me!