സൈബർ ക്രൈം ശൃംഖലയെ പൊളിച്ച ഓപ്പറേഷൻ 'എൻഡ് ഗെയിം', അറസ്റ്റിലായ ചൈനീസ് പൌരൻ സമ്പാദിച്ചത് അളവില്ലാത്ത സ്വത്ത്

Published : May 31, 2024, 08:18 AM IST
സൈബർ ക്രൈം ശൃംഖലയെ പൊളിച്ച ഓപ്പറേഷൻ 'എൻഡ് ഗെയിം', അറസ്റ്റിലായ ചൈനീസ് പൌരൻ സമ്പാദിച്ചത് അളവില്ലാത്ത സ്വത്ത്

Synopsis

60 ദശലക്ഷം യുഎസ് ഡോളർ വിലയുള്ള ആഡംബര വസ്തുക്കളാണ് ഇയാളിൽ നിന്ന് കണ്ടുകെട്ടിയിട്ടുള്ളത്. ഫെറാരി, റോൾസ് റോയ്സ്, രണ്ട് ബിഎംഡബ്ല്യു, നിരവധി ക്രിപ്റ്റോ കറൻസ് വാലറ്റുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തതായാണ് യുഎസ് നീതിന്യായ വകുപ്പ് വിശദമാക്കുന്നത്. 

ലണ്ടൻ: സൈബർ കുറ്റകൃത്യങ്ങളുടെ ലോകത്തിലെ തന്നെ ഏറ്റവും  വലിയ സൂത്രധാരനായി പ്രവർത്തിച്ചിരുന്ന ബോട്ട് നെറ്റ് നിർമ്മിച്ച് പ്രവർത്തിപ്പിച്ചിരുന്നതിന് പിടിയിലായ ചൈനീസ് സ്വദേശിയിൽ നിന്ന് പിടികൂടിയത് കോടികൾ വില വരുന്ന ആഡംബര വാഹനങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വാങ്ങിക്കൂട്ടിയ 21 വസ്തു വകകളും. അമേരിക്കൻ നീതി വകുപ്പും എഫ്ബിഐയും മറ്റ് അന്താരാഷ്ട്ര ഏജൻസികളുടേയും പങ്കാളിത്തത്തോടെ നടന്ന ഓപ്പറേഷനാണ് സൈബർ കുറ്റകൃത്യങ്ങളുടെ വൻ ശൃംഖല തകർത്തത്. സംഭവവുമായി ബന്ധപ്പെട്ട് യൂറോപ്യൻ കുറ്റാന്വേഷണ സംഘടനയായ യൂറോപോൾ  നാല് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എട്ട് പേർ ഒളിവിൽ പോയതായാണ് യൂറോപോൾ വിശദമാക്കുന്നത്. 

ചൈനീസ് പൌരനായ യുൻഹി വാംഗ് എന്നയാളെയാണ് അമേരിക്കൻ പൊലീസ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കംപ്യൂട്ടറുകളിലെ സ്വകാര്യ വിവരങ്ങൾ അടക്കമുള്ളവ സൈബർ ക്രിമിനലുകൾക്ക് വിൽപന നടത്തുക വഴി അളവില്ലാത്ത സ്വത്താണ് ഇയാൾ സമ്പാദിച്ചതെന്നാണ് പുറത്ത് വരുന്നത്. 60 ദശലക്ഷം യുഎസ് ഡോളർ വിലയുള്ള ആഡംബര വസ്തുക്കളാണ് ഇയാളിൽ നിന്ന് കണ്ടുകെട്ടിയിട്ടുള്ളത്. ഫെറാരി, റോൾസ് റോയ്സ്, രണ്ട് ബിഎംഡബ്ല്യു, നിരവധി ക്രിപ്റ്റോ കറൻസ് വാലറ്റുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തതായാണ് യുഎസ് നീതിന്യായ വകുപ്പ് വിശദമാക്കുന്നത്. 

മൈക്രോ സോഫ്റ്റ് അടക്കമുള്ള ടെക് ഭീമൻമാരുട സഹായത്തോടെയാണ് സൈബർ തട്ടിപ്പ് വീരനെ പിടികൂടിയത്. ഓപ്പറേഷൻ എൻഡ് ഗെയിം എന്ന പേരിലാണ് ലോകത്തിലെ വിവിധ ഭാഗങ്ങളിലെ പൊലീസ് വിഭാഗങ്ങളുടെ സഹകരണത്തോടെ നടന്ന ബോട്ട്നെറ്റ് തകർക്കലിന് നൽകിയിരിക്കുന്നത്. ഇതി ഇനിയും തുടരുമെന്നാണ് യൂറോപോൾ വിശദമാക്കിയിട്ടുള്ളത്. 

ലോകത്തിലെ പലയിടങ്ങളിൽ നിന്നുള്ള ഇന്റർനെറ്റ് ഉപഭോക്താക്കളിൽ നിന്നായി 5.9 ബില്യൺ യുഎസ് ഡോളർ തട്ടിയെടുക്കുകയും നിരവധി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും ചെയ്ത ബോട്ട്നെറ്റ് ആണ് തകർത്തതെന്നാണ് അമേരിക്കൻ നീതി വകുപ്പ് ഇന്നലെയാണ്വിശദമാക്കിയത്. അമേരിക്കൻ നീതി വകുപ്പും എഫ്ബിഐയും മറ്റ് അന്താരാഷ്ട്ര ഏജൻസികളുടേയും പങ്കാളിത്തത്തോടെയായിരുന്നു ഓപ്പറേഷനെന്നും അമേരിക്ക വിശദമാക്കിയിരുന്നു. യുൻഹി വാംഗിന് ചൈനീസ് പൌരത്വത്തിന് പുറമേ ഇയാൾക്ക് കരീബിയൻ ദ്വീപായ സെന്റ് കിറ്റ്സ് ആൻഡ് നെവിസിലേയും  പൌരത്വമുണ്ടെന്നാണ് യുഎസ് വിശദമാക്കുന്നത്. മാൽവെയറുകൾ നിറഞ്ഞ കംപ്യൂട്ടർ ശൃംഖലയേയാണ് ബോട്ട്നെറ്റ് എന്ന് വിശേഷിപ്പിക്കുന്നത്. 

ക്രിമിനൽ ഗൂഡാലോചന, വഞ്ചന, സാമ്പത്തിക കുറ്റകൃത്യം അടക്കമുള്ള കുറ്റങ്ങളാണ് പിടിയിലായ ചൈനീസ് സ്വദേശിക്ക് നേരെ ചുമത്തിയിട്ടുള്ളത്. 65 വർഷത്തോളം ശിക്ഷ ലഭിക്കാനുള്ള കുറ്റങ്ങളാണ് നിലവിൽ ഇയാൾക്കെതിരെയുള്ളത്. 2014 നും 2022നും ഇടയിൽ നിർമ്മിച്ച ഈ ബോട്ട് നെറ്റിന് 911എസ് 5 എന്നാണ് പേര് നൽകിയിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 150 ഓളം സെർവറുകളാണ് ഈ ബോട്ട് നെറ്റിലുണ്ടായിരുന്നത്. 200 രാജ്യങ്ങളിലായി 19 ദശലക്ഷം ഐപി അഡ്രസുകളിലേക്കാണ് ഈ ബോട്ട് നെറ്റ് സഹായത്തോടെ ഹാക്കർമാർ നുഴഞ്ഞുകയറിയത്. 

സൈബർ ആക്രമണങ്ങൾ,  വലിയ രീതിയിലെ സാമ്പത്തിക തട്ടിപ്പ്, കുട്ടികളെ ദുരുപയോഗം, അപമാനിക്കൽ, ബോംബ് ഭീഷണികൾ അടക്കമുള്ള കുറ്റകൃത്യങ്ങളാണ് ഈ ബോട്ട്നെറ്റിന്റെ സഹായത്തോടെ നടന്നിരുന്നത്. ഹാക്ക് ചെയ്ത ഐപിയിൽ നിന്ന് അഞ്ച് ലക്ഷത്തിലധികം തൊഴിലില്ലായ്മ ഇൻഷുറൻസ് ക്ലെയിമുകൾ ഒരുമിച്ചെത്തിയതാണ് ബോട്ട്നെറ്റിലേക്കുള്ള പിടിവീഴാനുള്ള സാഹചര്യമൊരുക്കിയത്. 9 ദശലക്ഷം ഡോളറാണ് തൊഴിലില്ലായ്മ ഇൻഷുറൻസ് ക്ലെയിം തട്ടിപ്പിലൂടെ ബോട്ട്നെറ്റ് തട്ടിയത്. 

മോഷ്ടിച്ച ക്രെഡിറ്റ് കാർഡുകളുടെ സഹായത്തോടെ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ സൈബർ ക്രിമിനലുകൾക്ക് ഈ ബോട്ട് നെറ്റ് സഹായം നൽകുകയും ചെയ്തിരുന്നു. 99ദശലക്ഷം ഡോളറിനായിരുന്നു സൈബർ കുറ്റവാളികൾക്ക് ഐപി അഡ്രസുകൾ അറസ്റ്റിലായ ചൈനീസ് പൌരൻ വിറ്റിരുന്നതെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം. യുഎഇ, തായ്ലാൻഡ്, സിംഗപ്പൂർ, ചൈന. അമേരിക്ക, സെന്റ് കിറ്റ്സ് ആൻഡ് നെവിസ് എന്നീ രാജ്യങ്ങളിലടക്കം ഇയാൾ വസ്തു വകകളും വാങ്ങിയതായും അന്വേഷണത്തിൽ വ്യക്തമായെന്നാണ് അമേരിക്ക വിശദമാക്കുന്നത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രണ്ടും കൽപ്പിച്ച് ട്രംപ്, ലോക സാമ്പത്തിക ഫോറത്തിൽ നിർണായക നീക്കമുണ്ടാകുമെന്ന് സൂചന; ഗ്രീൻലാൻ‍ഡ് വേണമെന്ന് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെടും
അന്ത്യശാസനവുമായി ഇറാൻ; 72 മണിക്കൂറിനുള്ളിൽ പ്രതിഷേധക്കാർ കീഴടങ്ങണം, വധശിക്ഷ നടപ്പാക്കാൻ നീക്കമെന്നും സൂചന