30,000 അടി ഉയരെ വിമാനത്തിൽ ശ്വാസം കിട്ടാതെ പിടഞ്ഞ് കുരുന്ന്, ഓക്സിജൻ കുറഞ്ഞതോടെ അപസ്മാരം, രക്ഷകനായി മലയാളി ഡോക്ടർ

Published : Feb 16, 2026, 03:00 PM IST
Dr. Cecil

Synopsis

ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിൽ വെച്ച് ശ്വാസംമുട്ടൽ അനുഭവപ്പെട്ട മൂന്ന് വയസ്സുകാരനെ മലയാളി ഡോക്ടർ രക്ഷിച്ചു. ന്യൂമോണിയയിൽ നിന്ന് മുക്തനായി വരികയായിരുന്ന കുട്ടിയുടെ ഓക്സിജൻ നില താഴ്ന്നപ്പോൾ ഡോ. സെസിലിന്‍റെ സമയോചിതമായ ഇടപെടൽ നിർണായകമായി.  

ദുബായ്: മുപ്പതിനായിരം അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിനുള്ളിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി മരണത്തോട് മല്ലിട്ട മൂന്ന് വയസ്സുകാരന് പുനർജന്മം നൽകി മലയാളി ഡോക്ടർ. ദുബായ് അൽ ഫുത്തൈം ഹെൽത്ത് കെയറിലെ സർജൻ ഡോ. സെസിൽ കുന്നപ്പള്ളിയാണ് വിമാനത്തിനുള്ളിൽ അടിയന്തര ചികിൽസ നൽകി അമേരിക്കൻ മലയാളി ദമ്പതികളുടെ മകൻ സ്റ്റീവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

അപ്രതീക്ഷിതമായി എത്തിയ വില്ലൻ

അമേരിക്കയിൽ സ്ഥിരതാമസമാക്കിയ അക്കര കുടുംബം വാർഷിക അവധിക്കായി നാട്ടിലേക്ക് വരികയായിരുന്നു. ദുബായിൽ നിന്നുള്ള കണക്ഷൻ ഫ്ലൈറ്റിൽ കൊച്ചിയിലേക്ക് യാത്ര ചെയ്യവേയാണ് മൂന്ന് വയസ്സുകാരനായ സ്റ്റീവിന്റെ ആരോഗ്യനില വഷളായത്. ന്യൂമോണിയയിൽ നിന്ന് മുക്തനായി വരികയായിരുന്ന കുട്ടി പെട്ടെന്ന് അബോധാവസ്ഥയിലാവുകയായിരുന്നു. ജെറ്റ് ലാഗ് ആണെന്നാണ് മാതാപിതാക്കൾ ആദ്യം കരുതിയതെങ്കിലും കുട്ടിയുടെ ഓക്സിജൻ നില അപകടകരമാംവിധം താഴുന്നത് ഡോ. സെസിൽ തിരിച്ചറിഞ്ഞു.

വിമാനത്തിൽ ഡോക്ടറുടെ സഹായം തേടിയുള്ള അറിയിപ്പ് കേട്ടാണ് ഡോ. സെസിൽ മുന്നോട്ട് വന്നത്. യുകെയിൽ നിന്നുള്ള മറ്റ് രണ്ട് ഡോക്ടർമാരും അവിടെയുണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഓക്‌സിമീറ്റർ മുതിർന്നവർക്കുള്ളതായിരുന്നു. കുട്ടിയുടെ മൂന്ന് വിരലുകൾ ചേർത്ത് പിടിച്ചാണ് ഡോക്ടർ റീഡിംഗ് എടുത്തത്. ഓക്സിജൻ ടാങ്കിലെ തകരാർ തിരിച്ചറിഞ്ഞ അദ്ദേഹം ഉടൻ തന്നെ പുതിയ ടാങ്ക് ആവശ്യപ്പെട്ടു.

ഓക്സിജൻ കുറഞ്ഞതോടെ കുട്ടിക്ക് അപസ്മാരം അനുഭവപ്പെട്ടു. അപസ്മാരം നിർത്താനുള്ള മരുന്ന് വിമാനത്തിലുണ്ടായിരുന്നെങ്കിലും അത് നൽകിയാൽ ശ്വസന തടസ്സം ഉണ്ടാകുമെന്ന് ഭയന്ന് ഡോക്ടർ ആ മരുന്ന് വേണ്ടെന്ന് വെച്ചു. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് മനസ്സിലാക്കിയ ഡോക്ടർ, വിമാനം അടിയന്തരമായി ലാൻഡ് ചെയ്യാൻ നിർദ്ദേശിച്ചു. തുടർന്ന് വിമാനം മുംബൈ വിമാനത്താവളത്തിലിറക്കി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.

മുംബൈയിലെ ഡോക്ടർമാർ സ്റ്റീവിനെ പരിശോധിച്ച ശേഷമാണ് വിമാനത്തിനുള്ളിൽ നടന്ന ഇടപെടലുകൾ എത്രത്തോളം വിലപ്പെട്ടതായിരുന്നു എന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞത്. പിന്നീട് സോഷ്യൽ മീഡിയ വഴിയാണ് അവർ ഡോ. സെസിലിനെ കണ്ടെത്തി നന്ദി അറിയിച്ചത്. ദിവസങ്ങൾക്ക് ശേഷമാണ് സ്റ്റീവിന്റെ മാതാപിതാക്കൾ ഡോക്ടറെ തിരിച്ചറിഞ്ഞത്. ‘വിമാനത്തിനുള്ളിൽ ഡോ. സെസിൽ എടുത്ത കൃത്യമായ തീരുമാനങ്ങളാണ് എന്റെ മകന്റെ ജീവൻ രക്ഷിച്ചതെന്ന് മുംബൈയിലെ ആശുപത്രിയിലെ ഡോക്ടർമാർ സ്ഥിരീകരിച്ചു,’ സ്റ്റീവിന്റെ പിതാവ് പിന്റോ അക്കര പറഞ്ഞു. എന്നാൽ കൂടെയുണ്ടായിരുന്ന മറ്റ് ഡോക്ടർമാരുടെയും സമചിത്തതയോടെ പെരുമാറിയ മാതാപിതാക്കളുടെയും കൂട്ടായ വിജയമാണിതെന്ന് ഡോ. സെസിൽ പ്രതികരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ-അമേരിക്ക ചർച്ചകളിൽ വഴിത്തിരിവാകും നീക്കം, അന്താരാഷ്ട്ര ആണാവോർജ ഏജൻസിയും ഇറാനും തമ്മിൽ ഉടൻ ചർച്ച
'പാകിസ്ഥാൻ ലോകത്തിലെ ഏക സമ്പന്ന രാജ്യമാകും': പ്രസ്ഥാവനയ്ക്ക് പിന്നാലെ എയറിലായി പാക് സെനറ്റർ