ബ്രിട്ടനിൽ തീവ്ര വലതുപക്ഷ പാർട്ടി തരംഗത്തിലും പിടിച്ച് നിന്ന് മലയാളി എൻജിനീയർ, വൻ നേട്ടം ബ്രിട്ടീഷുകാർ ഏറെയുള്ള മേഖലയിൽ

Published : May 12, 2026, 11:12 AM IST
Nikhil Sherine Thampi

Synopsis

റിഫോം പാർട്ടി തരംഗത്തിനിടെ സീറ്റ് നിലനിർത്താൻ സാധിച്ച ഏതാനും സൺസർവേറ്റീവ് പാർട്ടി കൗൺസിലർ കൂടിയാണ് നിഖിൽ. കുടിയേറ്റ വിരുദ്ധ നയങ്ങളുടെ പേരിൽ വൻ ഭൂരിപക്ഷമാണ് റിഫോം യുകെ നേടിയത്.

ലണ്ടൻ: ബ്രിട്ടനിൽ പ്രാദേശിക തെരഞ്ഞെടുപ്പിൽ രാജ്യം ഭരിക്കുന്ന ലേബർ പാർട്ടി വൻ തിരിച്ചടിയാണ് നേരിട്ടത്. പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജി വയ്ക്കണമെന്ന് പാർട്ടിക്കുള്ളിൽ ആവശ്യം ഉയരാൻ വരെ കാരണമായത് തീവ്ര വലതുപക്ഷ പാർട്ടിയായ റിഫോം യുകെ തരംഗം മൂലമാണ്. എന്നാൽ റിഫോം യുകെ തരംഗത്തിനിടയിലും വൻ മുന്നേറ്റത്തോടെ തന്റെ സീറ്റ് നില നിർത്തി മലയാളി. തിരുവനന്തപുരം കവടിയാർ സ്വദേശിയായ നിഖിൽ ഷെറിൻ തമ്പിയാണ് വൻ മുന്നേറ്റത്തോടെ ലണ്ടനിലെ ക്രോയ്ഡൺ ബോറോ കൗൺസിലിലെ കൂൾസ്‌ഡൺ ടൗൺ വാർഡിൽ നിന്ന് രണ്ടാം തവണയും കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത്.

1450 സീറ്റുകളാണ് റിഫോം യുകെ നേടിയത്. 1064 സീറ്റിൽ നിന്ന് 804 സീറ്റിലേക്കാണ് ലേബർ പാർട്ടിയെത്തിയത്. 136 കൗൺസിലുകളിലായി 5034 സീറ്റുകളിലാണ് പ്രദേശിക തെരഞ്ഞെടുപ്പ് നടന്നത്. റിഫോം പാർട്ടി തരംഗത്തിനിടെ സീറ്റ് നിലനിർത്താൻ സാധിച്ച ഏതാനും സൺസർവേറ്റീവ് പാർട്ടി കൗൺസിലർ കൂടിയാണ് നിഖിൽ. കുടിയേറ്റ വിരുദ്ധ നയങ്ങളുടെ പേരിൽ വൻ ഭൂരിപക്ഷമാണ് റിഫോം യുകെ നേടിയത്. 2022ലാണ് നിഖിൽ ആദ്യമായി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോൾ രണ്ടാം തവണയും വിജയിച്ചതിലൂടെ ആ പ്രദേശത്തെ ജനങ്ങൾക്കിടയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനം വ്യക്തമാക്കുന്നതാണ്.

എറണാകുളം മോഡൽ എൻജിനീയറിംഗ് കോളേജിൽ നിന്ന് ബി.ടെക് പൂർത്തിയാക്കിയ ശേഷം 2010ലാണ് നിഖിൽ ഉപരിപഠനത്തിനായി യുകെയിൽ എത്തിയത്. നിലവിൽ ഫിലിപ്‌സ് കമ്പനിയിൽ സീനിയർ ഇന്റഗ്രേഷൻ സ്പെഷ്യലിസ്റ്റ് ആയി ജോലി ചെയ്യുകയാണ് നിഖിൽ. അദ്ദേഹത്തിന്റെ ഭാര്യ നിവേദ ഗീത മനോഹർ ബ്രിട്ടനിലെ എൻഎച്ച്എസിൽ ഉദ്യോഗസ്ഥയാണ്. ലോക്കൽ റെസിഡന്റ്സ് അസോസിയേഷൻ ചെയർമാൻ എന്ന നിലയിലുള്ള പ്രവർത്തനങ്ങളും പള്ളിയിലെയും മറ്റ് പ്രാദേശിക കൂട്ടായ്മകളിലെയും ഇടപെടലുകളുമാണ് അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചത്. വെള്ളക്കാർക്ക് ഭൂരിപക്ഷമുള്ള ഒരു പ്രദേശത്ത് അവരുടെ വിശ്വാസം നേടിയെടുക്കാൻ നിഖിലിന് സാധിച്ചതാണ് രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെടാൻ കാരണമായത്.

വിജയിച്ചെങ്കിലും ബ്രിട്ടനിലേക്കുള്ള കുടിയേറ്റത്തെക്കുറിച്ച് നിഖിൽ വ്യക്തമായ ചില മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. കൃത്യമായ പ്ലാനിംഗും സാമ്പത്തിക ഭദ്രതയും ഇല്ലാതെ യുകെയിലേക്ക് വരുന്നത് അപകടകരമാണെന്നും, ലോൺ എടുത്ത് വരുന്നവർ കടുത്ത പ്രതിസന്ധികൾ നേരിടുന്നുണ്ടെന്നും നിഖിൽ ചൂണ്ടിക്കാട്ടുന്നു. 2021ന് ശേഷം നിയമപരമായി ബ്രിട്ടനിലെത്തിയവർ പോലും കുടിയേറ്റ വിരുദ്ധക്കാരുടെ ഇരകളാക്കപ്പെടുന്നുവെന്നും നിഖിൽ പ്രതികരിക്കുന്നത്. 2017ലാണ് നിഖിലും ഭാര്യയും ചേർന്ന് കോൾഡ്സണിൽ വീട് വാങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആ സുരക്ഷിത താവളവും നഷ്ടമായി, ഭൂമിയിൽ കൊതുകുകളില്ലാത്ത അവസാന രാജ്യത്തും കൊതുക് ശല്യം, വില്ലനായത് കാലാവസ്ഥ വ്യതിയാനം
ഇറാന് അഭയം നൽകി പാകിസ്ഥാൻ? സൈനിക വിമാനങ്ങൾ നൂർ ഖാൻ വ്യോമതാവളത്തിൽ പാർക്ക് ചെയ്തുവെന്ന് റിപ്പോർട്ട്; അമേരിക്കയിൽ മുറുമുറുപ്പ്