
ഇസ്ലാമാബാദ്: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പാകിസ്താൻ സന്ദർശനത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, പ്രതിരോധ ബന്ധങ്ങൾ ശക്തമാകുന്നു. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ മുയിസു, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധം, സമുദ്ര സുരക്ഷ, വ്യാപാരം, വിദ്യാഭ്യാസം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലായി 20 സുപ്രധാന കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.
അസിം മുനീറുമായുള്ള ചർച്ചയിൽ സുരക്ഷാ സാഹചര്യങ്ങളും സൈനിക തലത്തിലുള്ള സഹകരണവും ചർച്ചയായി. സന്ദർശനത്തിനിടെ, ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന സാർക് ഉച്ചകോടി വീണ്ടും ശക്തമാക്കണമെന്ന് മുയിസു ആവശ്യപ്പെട്ടു. സാർക് കൂട്ടായ്മ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അടുത്ത ഉച്ചകോടി എത്രയും വേഗം നടത്തുന്നതിന് മാലദ്വീപ് മുൻകൈ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2016-ൽ ഉറി ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ പിന്മാറിയതോടെയാണ് ഇസ്ലാമാബാദിൽ നടക്കേണ്ടിയിരുന്ന സാർക് ഉച്ചകോടി മുടങ്ങിയത്.
പാകിസ്താനുമായി കൂടുതൽ അടുക്കുന്ന മാലദ്വീപിൻ്റെ നിലപാട് ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഇന്ത്യയുടെ സുരക്ഷയ്ക്ക് ആശങ്കയുയർത്തുന്നുണ്ട്. മാലദ്വീപും പാകിസ്‌താനുമായുള്ള ഉഭയകക്ഷി വ്യാപാരം 13 ദശലക്ഷം ഡോളറിൽ നിന്ന് 200 ദശലക്ഷം ഡോളറായി ഉയർത്താനും തീരുമാനമായിട്ടുണ്ട്. ഈ പ്രതിരോധ- സാമ്പത്തിക സഹകരണ കരാറുകൾ ഭാവിയിൽ ഏതുരീതിയിലാണ് മാറുക എന്നത് ഇന്ത്യ ഉറ്റുനോക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam