വെള്ളമാണെന്ന് കരുതി യുവാവിന്റെ ദേഹത്ത് വൈദികൻ പെട്രോൾ ഒഴിച്ചു; മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് ദാരുണാന്ത്യം

By Web TeamFirst Published Dec 5, 2019, 8:00 PM IST
Highlights

പാത്രത്തിലുള്ളത് വെള്ളമാണെന്ന് കരുതി ചടങ്ങിനിടെ വൈദികൻ യുവാവിന്റെ ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു. ഇതിനിടെ സമീപത്ത് കത്തിച്ചുവച്ചിരുന്ന മെഴുകുതിരിയിൽനിന്ന് തീപടർന്ന് യുവാവിന്റെ ദേഹത്ത് പിടിക്കുകയായിരുന്നു. 

ലാ​ഗോസ്: നൈജീരിയിലെ ലാ​ഗോസിൽ പള്ളിയിലെ ചടങ്ങിനിടെ യുവാവ് തീപ്പൊള്ളലേറ്റു മരിച്ചു. വെള്ളത്തിന് പകരം യുവാവിന്റെ ദേഹത്ത് വൈദികൻ പെട്രോൾ ഒഴിച്ചതാണ് അപകടത്തിന് കാരണമായതെന്ന് നാഷണൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി വക്താവ് ഇബ്രാഹിം ഫരിൻലോയി പറഞ്ഞു. ലാ​ഗോസിലെ ബാരുവയിലാണ് സംഭവം.

പാത്രത്തിലുള്ളത് വെള്ളമാണെന്ന് കരുതി ചടങ്ങിനിടെ വൈദികൻ യുവാവിന്റെ ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു. ഇതിനിടെ സമീപത്ത് കത്തിച്ചുവച്ചിരുന്ന മെഴുകുതിരിയിൽനിന്ന് തീപടർന്ന് യുവാവിന്റെ ദേഹത്ത് പിടിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവാവ് തൽക്ഷണം മരിച്ചു. അപകടത്തില്‍ വൈദികനും സാരമായി പൊള്ളലേറ്റിട്ടുണ്ട്. ചികിത്സയ്ക്കായി വൈദികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പള്ളിക്കുള്ളില്‍നിന്ന് നൂറ് ശതമാനം പൊള്ളലേറ്റ് കത്തിക്കരിഞ്ഞനിലയിലായിരുന്നു യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

പള്ളിയിൽ നിന്നുണ്ടായ തീ അടുത്തുള്ള പൈപ്പ് ലൈനിലേക്ക് പടർന്ന് വൻ പൊട്ടിത്തെറിയുണ്ടാകുകയും ചെയ്തിരുന്നു. പൈപ്പ് ലൈനിലെ തീ അണയ്ക്കാനുള്ള ശ്രമം പുരോ​ഗമിക്കുകയാണെന്നും ഇബ്രാഹിം ഫരിൻലോയി പറഞ്ഞു. 

click me!