
ന്യൂയോര്‍ക്ക്: ബലാത്സംഗ കേസില്‍ 72കാരന്‍ 47 വര്‍ഷത്തിനു ശേഷം കുറ്റവിമുക്തനായി. 1975ല്‍ നടന്ന സംഭവത്തില്‍, ഡിഎന്‍എ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചത്. അമേരിക്കയിലെ ഗ്രീന്‍ബര്‍ഗിലാണ് സംഭവം. ലിയോനാര്‍ഡ് മാക്ക് എന്നയാളാണ് കുറ്റവിമുക്തനായത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്നതായിരുന്നു ലിയോനാര്‍ഡ് മാക്കിനെതിരെ ചുമത്തപ്പെട്ട കുറ്റം. സ്കൂളില്‍ നിന്ന് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയെയും അക്രമി പീഡിപ്പിക്കാന്‍ ശ്രമിച്ചു. പ്രതി ഇരുവരുടെയും കണ്ണുകളും കൈകളും കെട്ടിയാണ് അതിക്രമം നടത്തിയത്.
തൊപ്പി വെച്ച കമ്മലിട്ട കറുത്ത വംശജനാണ് ആക്രമിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. വൈകാതെ ആഫ്രിക്കൻ അമേരിക്കക്കാരനായ ലിയോനാര്‍ഡ് മാക്കിനെ പൊലീസ് പിടികൂടി. കോടതി കുറ്റക്കാരനാണെന്ന് വിധിച്ചതോടെ ഏഴര വര്‍ഷം ജയിലില്‍ കഴിയേണ്ടിവന്നു. താന്‍ കുറ്റക്കാരനല്ലെന്ന് തെളിയിക്കാനുള്ള നിയമ പോരാട്ടത്തിലായിരുന്നു ഇക്കാലമത്രയും മാക്ക്.
മാക്ക് കുറ്റക്കാരനല്ലെന്ന് പുതിയ ഡിഎന്‍എ പരിശോധനാഫലത്തിന്‍റെ അടിസ്ഥാനത്തില്‍ കോടതി വിധിച്ചത് കഴിഞ്ഞ ദിവസമാണ്. അതിനിടെ മറ്റൊരാള്‍ കുറ്റസമ്മതം നടത്തിയെന്ന് വെസ്റ്റ്ചെസ്റ്റര്‍ സിറ്റി കൌണ്ടി പ്രോസിക്യൂട്ടര്‍ പറഞ്ഞു.
"50 വർഷം ഞാന്‍ അനീതിക്കിരയായി ജീവിച്ചു. അത് എന്റെ ജീവിതത്തിന്റെ ഗതിയെ മാറ്റിമറിച്ചു. ഞാൻ താമസിച്ചിരുന്ന സ്ഥലം മുതൽ എന്റെ കുടുംബവുമായുള്ള ബന്ധം വരെ എനിക്ക് നഷ്ടമായി. ഒരു ദിവസം നിരപരാധിയാണെന്ന് തെളിയിക്കപ്പെടുമെന്ന പ്രതീക്ഷ എനിക്കൊരിക്കലും നഷ്ടപ്പെട്ടില്ല. ഇപ്പോൾ സത്യം പുറത്ത് വന്നിരിക്കുന്നു, ഇപ്പോള്‍ എനിക്ക് ശ്വസിക്കാം. ഒടുവിൽ ഞാൻ സ്വതന്ത്രനായി"- ലിയോനാര്‍ഡ് മാക്ക് പറഞ്ഞു.
നാഷണൽ രജിസ്‌ട്രി ഓഫ് എക്‌സോണറേഷൻസ് പ്രകാരം 1989 മുതൽ പുതിയ ഡിഎൻഎ ടെസ്റ്റുകളുടെ അടിസ്ഥാനത്തിൽ തെറ്റായി ശിക്ഷിക്കപ്പെട്ട 575 പേർ മോചിതരായിട്ടുണ്ട്. അവരില്‍ 35 പേർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരായിരുന്നു. ആഫ്രിക്കൻ അമേരിക്കക്കാരാണ് കൂടുതലും ഇത്തരത്തില്‍ ശിക്ഷിക്കപ്പെടുന്നതെന്ന് ഗവേഷകര്‍ പറയുന്നു.
അമേരിക്കയിലെ മൊത്തം ജനസംഖ്യയുടെ 13.6 ശതമാനം മാത്രമാണ് ആഫ്രിക്കൻ അമേരിക്കക്കാരുള്ളത്. 1989നും 2022നും ഇടയിൽ ശിക്ഷാവിധിക്ക് ശേഷം കുറ്റവിമുക്തരായ 3300 പേരിൽ പകുതിയിലധികവും ആഫ്രിക്കന്‍ അമേരിക്കക്കാരാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam