
ഒട്ടാവ: കുർബാനക്കിടെ വൈദികന് നേരെ കത്തിവീശി യുവാവ്. അൾത്താരയിൽ പ്രവേശിച്ച അക്രമി അപ്രതീക്ഷിതമായി കത്തിയെടുത്ത് വൈദികന് നേരെ വീശുകയായിരുന്നു. കുതറിയോടിയത് കൊണ്ടുമാത്രം തലനാരിഴയ്ക്കാണ് വൈദികൻ രക്ഷപ്പെട്ടത്. ഞെട്ടിക്കുന്ന ദൃശ്യം പുറത്തു വന്നു. കാനഡയിലെ വിന്നിപെഗ് ചർച്ചിലാണ് സംഭവം നടന്നത്.
ഞായറാഴ്ച വൈകുന്നേരത്തെ പ്രാർത്ഥനക്കിടെയാണ് വൈദികന് നേരെ വധശ്രമം നടന്നത്. സെൽകിർക്ക് അവന്യൂവിലെ ഹോളി ഗോസ്റ്റ് ഇടവകയിൽ വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. പ്രാർത്ഥനാ ശുശ്രൂഷക്കിടെ അൾത്താരയിലേക്ക് അപ്രതീക്ഷിതമായി ഓടിക്കയറുകയായിരുന്നു യുവാവ്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകും മുൻപ് അക്രമി വൈദികനെ കത്തിയെടുത്ത് കുത്താനൊരുങ്ങി. പരിഭ്രാന്തനായി കുതറിയോടിയ വൈദികനെ അക്രമി പിടിച്ചുവയ്ക്കാൻ ശ്രമിക്കുന്ന ദൃശ്യം പുറത്തുവന്നു.
38 കാരനായ പാസ്റ്റർ പരിക്കേൽക്കാതെ രക്ഷപ്പെട്ടെന്ന് കനേഡിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ റിപ്പോർട്ട് ചെയ്തു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമിയുടെ വിശദാംശങ്ങളോ എന്തിനാണ് ഇയാൾ വൈദികനെ ആക്രമിക്കാൻ ശ്രമിച്ചതെന്നോ ഇപ്പോൾ വ്യക്തമല്ല.
"ഇത് തികച്ചും അപൂർവമായ സംഭവമാണ്. പള്ളിയിൽ പോകുമ്പോൾ ആയുധമുണ്ടാകുമെന്ന് ആരും കരുതില്ലല്ലോ. എല്ലാവരെയും ഞെട്ടിച്ച സംഭവമാണിത്"- വിന്നിപെഗ് പൊലീസ് വക്താവ് സ്റ്റീഫൻ സ്പെൻസർ പറഞ്ഞു.
അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് അന്തരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam