
മനില: കൊവിഡ് വ്യാപനം തടയാനുള്ള നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുകയും മദ്യപിച്ച് പൊലീസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തയാള്‍ പൊലീസ് വെടിവയ്പില്‍ മരിച്ചു. ഫിലിപ്പീന്‍സിലാണ് സംഭവം. 63കാരനാണ് പൊലീസ് വെടിവയ്പില്‍ മരിച്ചത്. ഫിലിപ്പീന്‍സിലെ തെക്കന്‍ പ്രവിശ്യയായ ആഗ്സാന്‍ ഡെല്‍ നോര്‍ത്തേയിലാണ് സംഭവം.
മാസ്ക് പോലും ധരിക്കാന്‍ തയ്യാറാകാതിരുന്ന ഇയാള്‍ പൊലീസ് ചെക്ക് പോസ്റ്റിലെ പരിശോധനയ്ക്കിടെ പൊലീസിനെയും ആരോഗ്യ പ്രവര്‍ത്തകരെയും അക്രമിക്കാന്‍ ശ്രമിച്ചതോടെയാണ് വെടി വയ്ച്ചത്. ശാന്തനാക്കാനുള്ള പൊലീസിന്‍റെ ശ്രമങ്ങള്‍ നിഷ്ഫലമായതോടെയാണ് വെടിവച്ചതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ഫിലിപ്പീന്‍സ് പ്രസിഡന്‍റ് പ്രശ്നക്കാരെ വെടിവയ്ക്കാന്‍ പൊലീസിനും സൈന്യത്തിനും നിര്‍ദേശം നല്‍കിയത്. രാജ്യത്തെ സാഹചര്യങ്ങള്‍ അതീവ മോശമാണ് അതിനാല്‍ സര്‍ക്കാരിനെ പിന്തുടരുകയെന്നാണ് കഴിഞ്ഞ ദിവസം പ്രിസിഡന്‍റ് റോഡ്രിഗോ ഡുടേര്‍ടെ വ്യക്തമാക്കിയത്. ആരോഗ്യ പ്രവര്‍ത്തകരേയും പൊലീസിനും ശല്യമുണ്ടാക്കുകയോ ആക്രമിക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ അതൊരു കുറ്റകൃത്യമായി കണക്കാക്കും. അത്തരം ആപത്കരമായ സാഹചര്യത്തില്‍ സൈന്യത്തിനും പൊലീസിനും വെടി വയ്ക്കാം എന്നാണ് ഫിലിപ്പീന്‍സ് പ്രസിഡന്‍റെ പറഞ്ഞത്.
കൊവിഡ് 19 വ്യാപനം ചെറുക്കാന്‍ കര്‍ശന നടപടികളിലാണ് രാജ്യം സ്വീകരിച്ചിട്ടുള്ളത്. 3904 കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചിട്ടുള്ളത്. 144 രോഗികളാണ് കോവിഡ് 19 മൂലം ഫിലിപ്പീന്‍സില്‍ ഇതിനോടകം മരിച്ചിട്ടുള്ളത്. നിയന്ത്രണങ്ങള്‍ പാലിക്കാതെ ഇവ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് പ്രസിഡന്‍റ് വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam