
ഹവാന: ക്യൂബയിൽ വൈദ്യുതി പ്രതിസന്ധി. വ്യാഴാഴ്ച മുതൽ വിവിധയിടങ്ങളിൽ 14 മണിക്കൂറിലേറെ സമയം വൈദ്യുതി മുടങ്ങി. ആറ് നിലയങ്ങൾ തകരാറിലായതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതർ വിശദമാക്കുന്നത്. ഉഷ്ണ തരംഗം രൂക്ഷമാവുന്നതിനിടയിലാണ് ലക്ഷക്കണക്കിന് ആളുകളെ ബുദ്ധിമുട്ടിലാക്കിയ സംഭവം. അറ്റകുറ്റ പണി സമയത്ത് നടക്കാതെ വന്നതും സാങ്കേതിക വിദ്യ പഴഞ്ചനായതുമാണ് നിലയങ്ങളിലെ തകരാറിന് കാരണമെന്നാണ് അധികൃതർ വിശദമാക്കുന്നത്. വാരാന്ത്യത്തിലേക്ക് തകരാറ് പരിഹരിക്കാനാവില്ലെന്ന വിലയിരുത്തലിലാണ് അധികൃതരുള്ളത്.
ഭൌമാന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് 90 ശതമാനവും താപനില 35 ഡിഗ്രി സെൽഷ്യസ് എത്തുമെന്നുമാണ് വാരാന്ത്യത്തിലേക്കുള്ള കാലാവസ്ഥാ പ്രവചനം. വ്യാഴാഴ്ച വൈകുന്നേരം മുതൽ രാജ്സ തലസ്ഥാനമായ ഹവാനയിലെ മാട്ടൻസാസ് പ്രവിശ്യയിൽ അടക്കം വൈദ്യുതി നിലച്ചു. വിനോദ സഞ്ചാര മേഖലയിൽ നിർണായകമായ ഇടങ്ങളിലും ആശുപത്രികളിലും മാത്രമാണ് നിലവിൽ വൈദ്യുതി ലഭ്യമായിട്ടുള്ളത്. കൊടും ചൂടിൽ രാത്രിയിൽ വീടിന് വെളിയിലെ തെരുവുകളിലാണ് ആളുകൾ അഭയം തേടുന്നത്. തങ്ങൾ ഇത്തരം സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയാണെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പ്രദേശവാസികൾ പ്രതികരിക്കുന്നത്.
നേരത്തെ തന്നെ ബുദ്ധിമുട്ടിലായ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയ്ക്ക് വൈദ്യുത പ്രതിസന്ധി ഇരുട്ടടിയാണ് സമ്മാനിച്ചിട്ടുള്ളത്. അവശ്യ സാധനങ്ങളുടെ ക്ഷാമം അടക്കമുള്ളവ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വെളിച്ചവും ഭക്ഷണവും ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങളാണ് ക്യൂബയിൽ നടന്നിട്ടുള്ളത്. ദിവസത്തിൽ പത്ത് മണിക്കൂറോളമാണ് നിലവിൽ വൈദ്യുതി പ്രതിസന്ധി. നേരത്തെ രാജ്യ തലസ്ഥാനം പവർ കട്ടുകളിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ നിലവിൽ രാജ്യ തലസ്ഥാനത്തും പ്രതിസന്ധി രൂക്ഷമാണ്.
1990 കളിലെ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ക്യൂബ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം, ക്യൂബൻ സമ്പദ്‌വ്യവസ്ഥ 2023-ൽ രണ്ട് ശതമാനം ചുരുങ്ങുകയും പണപ്പെരുപ്പം 2023-ൽ 30 ശതമാനത്തിലെത്തുകയും ചെയ്തിരുന്നു. ഇതിനിടെ ഫെബ്രുവരിയിൽ ഇന്ധനവിലയിലും വലിയ രീതിയിലുള്ള വർധനവ് വന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam