മാധ്യമങ്ങൾ ജാഗ്രതൈ! 'ജിമ്മി കിമ്മൽ ഷോ നിർത്തിയത് കണ്ടല്ലോ', മാധ്യമ വിമർശനങ്ങളോട് ലൈസൻസ് റദ്ദാക്കൽ ഭീഷണിയുമായി ട്രംപ്; വിവാദം കനക്കുന്നു

Published : Sep 19, 2025, 12:41 PM IST
trump watch

Synopsis

97 ശതമാനം മാധ്യമങ്ങളും തനിക്കെതിരാണെന്നും ട്രംപ് വിമർശിച്ചു. മോശം പബ്ലിസിയാണ് തനിക്ക് മാധ്യമങ്ങൾ തരുന്നതെന്നും ഇത്തരം മാധ്യമങ്ങൾക്കെതിരെ എന്ത് ചെയ്യാനാകുമെന്ന് ആലോചിക്കുമെന്നും യു എസ് പ്രസിഡന്‍റ് കൂട്ടിച്ചേർത്തു

ന്യൂയോർക്ക്: രണ്ടാം തവണയും അധികാരത്തിലേറിയ ശേഷം തനിക്കെതിരെ നിരന്തരം വാർത്തകൾ നൽകുന്നവർ കരുതിയിരിക്കണമെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. ലൈസൻസ് നഷ്ടപ്പെടുന്നതടക്കം കടുത്ത നടപടികളുണ്ടാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. മാധ്യമ വിമർശനങ്ങൾ തുടരുന്നതിനിടെയാണ് മുന്നറിയിപ്പുമായി യു എസ് പ്രസിഡന്‍റ് രംഗത്തെത്തിയത്. ചാർലി കിർക്കിന്റെ കൊലപാതവുമായി ബന്ധപ്പെട്ട പരാമർശങ്ങൾക്ക് പിന്നാലെ പ്രശസ്ത അവതാരകൻ ജിമ്മി കിമ്മലിന്റെ ടോക് ഷോ നിർത്തലാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ മുന്നറിയിപ്പ്. 97 ശതമാനം മാധ്യമങ്ങളും തനിക്കെതിരാണെന്നും ട്രംപ് വിമർശിച്ചു. മോശം പബ്ലിസിയാണ് തനിക്ക് മാധ്യമങ്ങൾ തരുന്നതെന്നും ഇത്തരം മാധ്യമങ്ങൾക്കെതിരെ എന്ത് ചെയ്യാനാകുമെന്ന് ആലോചിക്കുമെന്നും യു എസ് പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.

ട്രംപിന്‍റെ മുന്നറിയിപ്പ് ജിമ്മി കിമ്മലിന്‍റെ ഷോ നിർത്തിയത് ചൂണ്ടിക്കാട്ടി

ബ്രിട്ടിഷ് സന്ദർശനം പൂർത്തിയാക്കി മടങ്ങവെ എയർ ഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപിന്റെ വിവാദ മുന്നറിയിപ്പ്. എ ബി സി ചാനലിന്റെ പ്രശസ്തമായ ജിമ്മി കിമ്മൽ ലേറ്റ്-നൈറ്റ് ടോക്ക് ഷോ അനിശ്ചിതമായി നിർത്തിവെച്ചത് ചൂണ്ടികാട്ടിയാണ് ട്രംപിന്‍റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ആഴ്ച കൺസർവേറ്റീവ് ആക്ടിവിസ്റ്റും ട്രംപിന്റെ അനുയായിയുമായ ചാൾസ് കിർക്കിന്റെ കൊലപാതകത്തെക്കുറിച്ചുള്ള കിമ്മലിന്റെ പരാമർശങ്ങൾക്കെതിരെ അഫിലിയേറ്റഡ് ബ്രോഡ്കാസ്റ്റർമാരും ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മിഷൻ (എഫ്‌ സി സി) ചെയർമാനും രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കിമ്മലിന്‍റെ ഷോ നിർത്തിവച്ചത്. ട്രംപിന്റെ അഭിപ്രായത്തിൽ യു എസിലെ 97 ശതമാനം മാധ്യമ നെറ്റ്‌വർക്കുകളും അദ്ദേഹത്തിനെതിരാണ്. 'എനിക്കെതിരെ 97 ശതമാനം നെറ്റ്‌വർക്കുകൾ പ്രവർത്തിക്കുന്നു, എന്നിട്ടും ഞാൻ അനായാസം വിജയിച്ചു. ഏഴ് സ്വിംഗ് സ്റ്റേറ്റുകളും ഞാൻ നേടി' - ട്രംപ് പറഞ്ഞു. മാധ്യമങ്ങൾ തനിക്ക് 'നെഗറ്റീവ് പബ്ലിസിറ്റി' മാത്രമാണ് നൽകുന്നതെന്നും, അവർക്ക് ലൈസൻസ് ലഭിക്കുന്നുണ്ടെങ്കിൽ അത് റദ്ദാക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് എഫ്‌ സി സി ചെയർമാൻ ബ്രെൻഡൻ കാറിന്റെ ഉത്തരവാദിത്തമാണെന്ന് ട്രംപ് കൂട്ടിച്ചേർത്തു.

മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ഭീഷണിയെന്ന് വിമർശനം

മാധ്യമ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നത് സംബന്ധിച്ചുള്ള പ്രസിഡന്‍റിന്‍റെ പരാമർശം അമേരിക്കയിലെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ട്രംപിന്റെ വിവാദ മുന്നറിയിപ്പിനെതിരെ വിമർശനം ശക്തമായിട്ടുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ഭീഷണിയാണ് ട്രംപിന്‍റെ പ്രസ്താവനയെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, ട്രംപിന്റെ അനുയായികൾ, മാധ്യമങ്ങൾ പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്നും അവർക്കെതിരെ നടപടി ആവശ്യമാണെന്നും വാദിക്കുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം