
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒരു പ്രസിഡന്‍റ് രണ്ടാമത്തെ പ്രാവശ്യം ജനവിധി അനുകൂലമാകാതെ ഓവല്‍ ഓഫീസ് വിടേണ്ടി വരുന്നത്. ഡൊണാല്‍ഡ് ട്രംപിന് തെരഞ്ഞെടുപ്പിന് ശേഷം കാത്തിരിക്കുന്ന കഠിനമേറിയ കാലമാണ് എന്ന സൂചന നല്‍കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഇംഗ്ലീഷ് ടാബ്ലോയിഡ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് പ്രകാരം ഡൊണാല്‍ഡ് ട്രംപില്‍ നിന്നും ഭാര്യ മെലനിയ ട്രംപ് വിവാഹമോചനം നേടിയേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ പ്രഥമ ദമ്പതികളുടെ മുന്‍ ജീവനക്കാരെ ഉദ്ധരിച്ചാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ട്രംപിനും മെലനിയയ്ക്കും ഇടയില്‍ ഗൌരവമേറിയ ദാമ്പത്യ പ്രശ്നങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
സ്റ്റെഫാനീ വോക്കോഫ് എന്ന ട്രംപിന്‍റെ മുന്‍ പരിചാരികയുടെ വാക്കുകള്‍ പ്രകാരം, മെലനിയയും ട്രംപും വിവാഹാനന്തരമുള്ള കരാര്‍ പ്രകാരം ഇവരുടെ മകന്‍ ബാറോണിന് സ്വത്തിലുള്ള അവകാശത്തിന് മുകളില്‍ ചര്‍ച്ചകള്‍ നടക്കുന്നു എന്നാണ്. ഒപ്പം വൈറ്റ് ഹൌസില്‍ ഇവര്‍ വ്യത്യസ്ഥ കിടപ്പുമുറികളിലാണ് കിടക്കാറ് എന്നും സ്റ്റെഫാനിയെ ഉദ്ധരിച്ച് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ട്രംപിന്‍റെ മറ്റൊരു മുന്‍ സഹായി ഓമ്റോസ ന്യൂമാന്‍റെ വാക്കുകളും ഡെയ്ലി മെയില്‍ റിപ്പോര്‍ട്ടിലുണ്ട്, ട്രംപിനൊപ്പം വൈറ്റ് ഹൌസില്‍ ചിലവഴിച്ച ഒരോ നിമിഷവും മെലനിയ എണ്ണിയാണ് കഴിഞ്ഞുകൂടിയത്. അതിനാല്‍ തന്നെ ഓവല്‍ ഓഫീസില്‍ നിന്നും ട്രംപ് പുറത്തായാല്‍ അപ്പോള്‍ തന്നെ ഇവര്‍ ട്രംപിനെ ഉപേക്ഷിക്കും ന്യൂമാന്‍ അവകാശപ്പെടുന്നു.
പ്രസിഡന്‍റായിരിക്കുന്ന കാലത്ത് വിവാഹമോചനം നേടിയാല്‍ അത് തന്‍റെ പദവിക്ക് അപ്രീതിയുണ്ടാക്കി എന്ന രീതിയില്‍ ട്രംപ് കാണുകയും അത് തനിക്കെതിരായ പ്രതികാരത്തിന് കാരണമാകുമെന്നും മെലനിയ ഭയന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സാഹചര്യം മാറി - ന്യൂമാനെ ഉദ്ധരിച്ച് ഡെയ്ലി മെയില്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam