
ദില്ലി: പാകിസ്ഥാനിലെ അധികാരമാറ്റം അതിര്‍ത്തി വിഷയത്തിലടക്കം ഗുണപരമായ നീക്കങ്ങള്‍ക്ക് ഇടയാക്കുമോയെന്ന് നിരീക്ഷിക്കുകയാണ് ഇന്ത്യ. എക്കാലത്തും ഇന്ത്യ വിരുദ്ധതയിലൂടെ കൈയടി നേടാന്‍ ശ്രമിച്ച ഇമ്രാന്‍ ഖാന്‍റെ പതനത്തില്‍ കരുതലയോടെയാകും പ്രതികരണം. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള അനൗദ്യോഗിക പ്രതികരണങ്ങൾ.
ഡ്രൈവിംഗ് സീറ്റിൽ സൈന്യം; പാകിസ്ഥാൻ പ്രധാനമന്ത്രിയായി ഷഹബാസിന്‍റെ സത്യപ്രതിജ്ഞ നാളെ
അതേസമയം പിഎംഎൽഎൻ തേതാവ് ഷഹബാസ് ശരീഫ് നാളെ പാകിസ്താന്റെ ഇരുപത്തി മൂന്നാം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പാക്കിസ്ഥാൻ മുസ്‌ലിം ലീഗിലെ നവാസ് പക്ഷത്തിന്റെ പ്രസിഡൻ്റാണ് മിയാ മുഹമ്മദ് ഷെഹബാസ് ശരീഫ്. പാക് നാഷണൽ അസംബ്ലിയുടെ പ്രതിപക്ഷ നേതാവെന്ന നിലയിലായിരുന്നു ഇതുവരെ പ്രവർത്തിച്ചുവന്നിരുന്നത്. ഇതിനു മുമ്പ് മൂന്ന് തവണ പഞ്ചാബ് പ്രൊവിൻസിന്റെ മുഖ്യമന്ത്രിയായിരുന്നു. ഷെഹ്ബാസ് ശരീഫിനെയാണ് നിലവിൽ പ്രതിപക്ഷം പാകിസ്താന്റെ വസീരെ ആസം അഥവാ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചിട്ടുള്ളത്.
1951 -ൽ ലാഹോറിലാണ് ഷഹബാസ് ജനിച്ചത്. മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അനുജനാണ് ഇദ്ദേഹം. നവാസ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന കാലത്ത്, ഷഹബാസിന്റെ ശ്രദ്ധ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഇത്തിഫാക്ക് ഗ്രൂപ്പ് എന്ന സ്റ്റീൽ ഫാക്ടറിയുടെ നടത്തിപ്പിൽ മാത്രമായിരുന്നു. നവാസ് ശരീഫ് രാഷ്ട്രീയത്തിലൂടെ നേടിയ അളവറ്റ പണം കുമിഞ്ഞുകൂടിയിരുന്നത് ഈ സ്ഥാപനത്തിലാണ് എന്നൊരു ആക്ഷേപം അന്ന് ഉയർന്നിരുന്നു. 1988 -ൽ ബിസിനസ് ഉപേക്ഷിച്ച് ഷെഹ്ബാസ് രാഷ്ട്രീയഗോദയിലേക്ക് ഇറങ്ങുന്നു. അക്കൊല്ലമാണ് അദ്ദേഹം പഞ്ചാബ് പ്രൊവിൻഷ്യൽ അസംബ്ലിയിലേക്ക് ജയിച്ചു കയറുന്നത്. 1990 -ൽ ആദ്യമായി നാഷണൽ അസംബ്ലിയിൽ എത്തുന്ന ഷെഹ്ബാസ്, 1993 -ൽ അസംബ്ലിയിൽ പ്രതിപക്ഷ നേതാവാകുന്നുണ്ട്. 1997 -ൽ അദ്ദേഹം ആദ്യമായി പഞ്ചാബ് പ്രൊവിൻസിന്റെ മുഖ്യമന്ത്രിയാവുന്നു.
1999 -ൽ രാജ്യത്ത് സൈനിക അട്ടിമറി ഉണ്ടായപ്പോൾ പ്രാണരക്ഷാർത്ഥം ഷെഹ്ബാസ് കുടുംബ സമേതം സൗദി അറേബ്യയിലേക്ക് കടക്കുന്നു. എട്ടുകൊല്ലത്തെ പലായനജീവിതത്തിനു ശേഷം 2007 -ൽ പാകിസ്താനിലേക്ക് മടങ്ങിയെത്തുന്ന ഷെഹ്ബാസ് ആദ്യം 2008 -ലും പിന്നീട് 2013 ലും പഞ്ചാബിന്റെ മുഖ്യമന്ത്രിയാവുന്നു. പ്രൊവിൻസിനെ ഏറ്റവും അധികകാലം ഭരിച്ചിട്ടുള്ള മുഖ്യമന്ത്രി ഷെഹ്ബാസ് ശരീഫ് ആണ്. എന്നാൽ, പഞ്ചാബ് ഇന്നോളം കണ്ടതിൽ വെച്ച് ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയും ഷെഹ്ബാസ് തന്നെയാണ് എന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.
മുഖ്യമന്ത്രി ആയ അന്നുതൊട്ടേ ആരോപണങ്ങളുടെ നിഴലിലായിരുന്നു ഷഹബാസ്. 1998 -ൽ ഭരണത്തിലേറി ഒരു വർഷത്തിനുള്ളിൽ തന്നെ, അഞ്ചു മദ്രസ്സ വിദ്യാർത്ഥികളെ എൻകൗണ്ടറിലൂടെ വധിക്കാൻ പോലീസിനോട് ഉത്തരവിട്ടു എന്ന ആക്ഷേപം അദ്ദേഹത്തിന് നേരെ ഉയർന്നു വന്നു. ഈ ആരോപണം ശരീഫ് അന്നും ഇന്നും നിഷേധിക്കുന്നുണ്ട്. പനാമ പേപ്പേഴ്സ് ചോർന്ന സമയത്ത് അതിലും ഷഹബാസ് ഷെരീഫിന്റെ പേരുണ്ടായിരുന്നു. എട്ട് ഓഫ്‌ഷോർ കമ്പനികൾ ഷെഹ്ബാസ് ശരീഫുമായി ബന്ധമുള്ളവയാണ് എന്നായിരുന്നു പനാമ പേപ്പേഴ്സ് സൂചിപ്പിച്ചത്.
2019 -ൽ പാകിസ്താനിലെ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ വെളിപ്പെടുത്തിയത് കോടികൾ വിലമതിക്കുന്ന 23 അനധികൃത സ്വത്തുക്കൾ ആണ് ഷഹ്ബാസ് ശരീഫിന്റെയും മകന്റെയും പേരിൽ ഉള്ളത് എന്നാണ്. അന്ന് കള്ളപ്പണം വെളുപ്പിച്ചു എന്നാരോപിച്ച് NAB ഷെഹബാസിനെ അറസ്റ്റു ചെയ്ത് ആറുമാസത്തോളം ലാഹോർ ജയിലിൽ അടച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ് എന്ന നിലപാടാണ് ഷെരീഫ് കുടുംബം കൈക്കൊണ്ടത്.
അങ്ങനെ നിരവധി ആരോപണങ്ങൾ നിലനിൽക്കുമ്പോഴും, ഷഹബാസ് ശരീഫ് എന്നത് ഇന്ന് പാക് പ്രതിപക്ഷത്തിന്റെ പ്രധാന സ്വരങ്ങളിൽ ഒന്നാണ്. പാക് നാഷണൽ അസംബ്ലിയിലെ നിർണായകമായ 84 സീറ്റുകൾ ഇന്ന് ഷഹബാസിന്റെ നിയന്ത്രണത്തിലാണുള്ളത്. പ്രതിപക്ഷത്തെ ഏറ്റവും സ്വാധീനമുള്ള പാർട്ടിയും ഷഹബാസിന്റെ പാക് മുസ്ലിം ലീഗ് നവാസ് തന്നെയാണ്. അതുതന്നെയാണ് പ്രധാനമന്ത്രിപദത്തിലേക്ക് അദ്ദേഹത്തിന്റെ പേര് നിർദേശിക്കപ്പെടാനുള്ള കാരണവും.
ഈ ഘട്ടത്തിൽ അവശേഷിക്കുന്നത് ഇമ്രാൻ ഖാന് പകരം പ്രധാനമന്ത്രിക്കസേരയിൽ പ്രതിഷ്ഠിക്കപ്പെടാൻ ഷഹബാസ് ശരീഫ് യോഗ്യനാണോ എന്ന ചോദ്യമാണ്. മറ്റേതൊരു പാകിസ്താനി രാഷ്ട്രീയ നേതാവിനെയും പോലെ ഷഹബാസ് ഷെരീഫും അഴിമതി ആരോപണങ്ങളാൽ കളങ്കിതനാണ്. എന്നാൽ, മൂന്നു വട്ടം പഞ്ചാബിന്റെ മുഖ്യമന്ത്രി പദത്തിൽ ഇരുന്നപ്പോഴും ഷഹബാസിന്റെ പ്രകടനം മറ്റു മൂന്നു പ്രൊവിൻസുകളുടെ മുഖ്യമന്ത്രിമാരെക്കാളും ഭേദമായിരുന്നു. ഈ നിമിഷം വരെയും പാക് സൈന്യത്തിന് അനഭിമതനല്ല, ഇതൊക്കെയും, ഷെഹ്‌ബാസിന് അനുകൂലമായ ഘടകങ്ങളാണ്. മാത്രവുമല്ല വിദേശ രാജ്യങ്ങളുമായി, വിശേഷിച്ച് ചൈനയും തുർക്കിയുമായി ഷെഹ്ബാസ് ഷെരീഫിന് ഊഷ്മളമായ ബന്ധങ്ങളാണുള്ളത്.
വ്യക്തി രാഷ്ട്രീയ ഭൂതകാലങ്ങൾ എന്തൊക്കെയായിരുന്നാലും, പാകിസ്താന്റെ പ്രധാനമന്ത്രി പദത്തിൽ ഇരുന്നിട്ടുള്ളവർ എന്നും സൈന്യത്തിന്റെ കളിപ്പാവകൾ മാത്രമായിരുന്നു. അതുകൊണ്ട് ഇപ്പോൾ ഇമ്രാൻ ഖാൻ മാറി ഷഹബാസ് ശരീഫ് വരുമ്പോഴും, കാര്യങ്ങൾ നടക്കാൻ പോവുന്നത് റാവൽപിണ്ടിയിലെ സൈനിക മേധാവികൾ നിശ്ചയിക്കുന്ന വഴിക്ക് മാത്രമാകും എന്നുറപ്പാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam