പാകിസ്ഥാനില്‍ മതംമാറ്റി വിവാഹം; ഹിന്ദു പെണ്‍കുട്ടികള്‍ സംരക്ഷണം തേടി കോടതിയില്‍

Published : Mar 25, 2019, 01:25 PM ISTUpdated : Mar 25, 2019, 01:45 PM IST
പാകിസ്ഥാനില്‍ മതംമാറ്റി വിവാഹം;  ഹിന്ദു പെണ്‍കുട്ടികള്‍ സംരക്ഷണം തേടി കോടതിയില്‍

Synopsis

വീട്ടില്‍ ഹോളി ആഘോഷിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടികളെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. 

ലാഹോര്‍: പാക്കിസ്ഥാനില്‍ ഹിന്ദു മതത്തില്‍പ്പെട്ട  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കി വിവാഹം നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സംരക്ഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടികള്‍ ബഹവല്‍പൂര്‍ കോടതിയെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ട്. 

സിന്ധ് പ്രവിശ്യയിലെ ഘോട്കിയിലാണ് സംഭവം. വീട്ടില്‍ ഹോളി ആഘോഷിച്ചുകൊണ്ടിരുന്ന രവീണ (13), റീന (15) എന്നീ പെണ്‍കുട്ടികളെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇതിന് പിന്നാലെ  ഒരു പുരോഹിതന്‍ ഈ രണ്ടു കുട്ടികളുടെയും വിവാഹം നടത്തുന്നതിന്‍റെ വീഡിയോയും പുറത്തുവന്നു.

സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് കടുത്ത പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉത്തരവിട്ടു. വിവാഹത്തിനു സഹായിച്ചെന്ന് സംശയിക്കുന്ന ആളെ ഞായറാഴ്ചയാണ്  ഖാന്‍പുരില്‍നിന്ന് അറസ്റ്റ് ചെയ്തത്. 

സംഭവത്തെ ചൊല്ലി കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും പാക്ക് മന്ത്രി ഫവാദ് ഹുസൈനും തമ്മില്‍ ട്വിറ്റര്‍ പോര് നടന്നിരുന്നു. പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറോട് സുഷമ റിപ്പോര്‍ട്ട് തേടിയതാണ് പാക്കിസ്ഥാന്‍ മന്ത്രിയെ പ്രകോപിപ്പിച്ചത്. സംഭവം പാക്കിസ്ഥാനിലെ ആഭ്യന്തര പ്രശ്‌നമാണെന്ന് സുഷമയുടെ ട്വീറ്റിന് ഫവാദ് ട്വിറ്ററില്‍ തന്നെ മറുപടി നല്‍കി..

ന്യൂനപക്ഷങ്ങളെ അടിമപ്പെടുത്തുന്ന മോദിയുടെ ഇന്ത്യയല്ല. ഇമ്രാന്‍ ഖാന്റെ പുതിയ പാക്കിസ്ഥാനാണിത്. പാക്ക് പതാകയിലെ വെളുപ്പ് നിറം ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവകാശത്തിലും താങ്കള്‍ ഇതേ ജാഗ്രതയോടെ പ്രവര്‍ത്തിക്കുമെന്നു പ്രതീക്ഷിക്കുന്നു- ഫവാദ് ട്വിറ്ററില്‍ കുറിച്ചു. 

രണ്ട് ഹിന്ദു പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട് ചോദിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് സുഷമ നല്‍കിയ മറുപടി. നിങ്ങളെ പരിഭ്രാന്തരാക്കാന്‍ ഇത്രയും മതി. തെറ്റാണെന്നറിഞ്ഞിട്ടുള്ള നിങ്ങളുടെ കുറ്റബോധമാണ് ഇതെന്നും സുഷമ പറഞ്ഞു. 

നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ സ്ഥലത്തെ ഹിന്ദുമത വിശ്വാസികള്‍ പ്രതിഷേധിച്ചിരുന്നു. തട്ടിക്കൊണ്ടുപോയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു ആവശ്യം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അന്യഗ്രഹത്തെ കാഴ്ചയല്ല, ഇരുട്ടി വെളുത്തപ്പോൾ കടലിനും തീരത്തിനും ചോര നിറം! ഇത് മുന്നറിയിപ്പോ, കാരണം വ്യക്തമാക്കി വിദഗ്ധർ
ബോണ്ടി വെടിവയ്പ്, പരിക്കേറ്റ പ്രതിക്കെതിരെ 15 പേരുടെ കൊലപാതകം അടക്കം 59 കുറ്റങ്ങൾ