മോദി ഇന്ന് ഐക്യരാഷ്ട്ര സഭയില്‍; വികസനവും കാലാവസ്ഥാ വ്യതിയാനവും ചര്‍ച്ച ചെയ്യും

By Web TeamFirst Published Sep 27, 2019, 4:06 PM IST
Highlights

മോദി ഇന്ന് ഐക്യരാഷ്ട്ര പൊതുസഭയില്‍ നടത്തുന്ന പ്രസംഗത്തില്‍ വികസനവും കാലാവസ്ഥാ വ്യതിയാനവും പരാമര്‍ശിക്കും.

ദില്ലി: ഐക്യരാഷ്ട്ര പൊതുസഭയുടെ 74-ാമത് സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും. ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ സമയം 6.30 -ഓടെ സമ്മേളനത്തിന്‍റെ നടപടിക്രമങ്ങള്‍ ആരംഭിക്കും. അതിന് ശേഷമാണ് മോദി സംസാരിക്കുന്നത്.

കശ്മീര്‍ വിഷയം പ്രധാനമന്ത്രി പരാമര്‍ശിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വികസനവും കാലാവസ്ഥാ വ്യതിയാനവും മോദി പ്രസംഗത്തില്‍ ഉള്‍പ്പെടുത്തുമെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ മാധ്യമങ്ങളെ അറിയിച്ചു. രണ്ടാം തവണ അധികാരത്തില്‍ എത്തിയതിന് ശേഷം ഇതാദ്യമായാണ് മോദി യുഎന്‍ പൊതുസഭയില്‍ ലോകനേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. 

ആഗോള തലത്തില്‍ ഇന്ത്യ ലക്ഷ്യമിടുന്ന നേട്ടങ്ങളെ കേന്ദ്രീകരിച്ചാകും മോദിയുടെ പ്രസംഗം. അന്താരാഷ്ട്ര പട്ടികകളിലും സൂചികകളിലും ഇന്ത്യ മികച്ച മുന്നേറ്റം നടത്തുന്ന പശ്ചാത്തലത്തില്‍ മോദിയുടെ പ്രസംഗത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരംപ്രതിനിധി സയ്ദ് അക്ബറുദ്ദീന്‍ അറിയിച്ചു. യുഎന്‍ അസംബ്ലിയില്‍ ഇന്ത്യയുടെ പങ്കാളിത്തം അഭൂതപൂര്‍വ്വമാണെന്നും ശക്തവും പ്രകടവുമായ ഫലം ഇതിലൂടെ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം  മോദിക്ക് ശേഷമുള്ള മൂന്നാമത്തെ പ്രാസംഗികൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ്. ഇമ്രാൻഖാൻറെ പ്രസംഗത്തിൽ കശ്മീരിനാകും പ്രധാന ഊന്നൽ. പാകിസ്ഥാൻറെ വാദങ്ങൾക്ക് ശക്തമായ മറുപടി പൊതുസഭയിൽ നല്കുമെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

click me!