
വാഷിംഗ്ടൺ: ജനാധിപത്യം ഇന്ത്യയുടെ ഡിഎൻഎ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ സിരകളിലൂടെയാണ് അത് ഒഴുകുന്നതെന്നും ഒരു വിവേചനത്തിനും ഇന്ത്യയിൽ സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾ വിവേചനം നേരിടുന്നുവെന്ന് ആരോപണമുണ്ടല്ലോ എന്ന അമേരിക്കൻ മാധ്യമ പ്രവർത്തകയുടെ ചോദ്യത്തോടാണ് മോദിയുടെ പ്രതികരണം. അമേരിക്കൻ സന്ദർശനത്തിനിടെ, പ്രസിഡന്റ് ജോ ബൈഡനൊപ്പമാണ് മോദി വാർത്താസമ്മേളനം നടത്തിയത്.
ഇന്ത്യയിൽ സാങ്കേതിക കുതിപ്പിനുള്ള പദ്ധതികളും പുതിയ നിക്ഷേപങ്ങളും പ്രഖ്യാപിച്ച് വൈറ്റ് ഹൗസിൽ ബൈഡൻ മോദി കൂടിക്കാഴ്ച. ഇരുരാജ്യങ്ങളുമായുള്ള ബന്ധം ലോകത്തിന്റെ ഭാവിക്ക് അനിവാര്യമെന്ന് ഇരുനേതാക്കളും സംയുക്ത പ്രസ്താവന നടത്തി. ഇന്ത്യയിൽ ഒരു വിവേചനവും ഇല്ലെന്നായിരുന്നു അമേരിക്കൻ മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് മോദിയുടെ മറുപടി.
9 വർഷത്തിനിടയിലെ ആദ്യ വാർത്താ സമ്മേളനം. ആ വാർത്താ സമ്മേളനത്തിലാണ് ഇന്ത്യയിലെ വിവേചനമുണ്ടോ എന്ന ചോദ്യം മോദി നേരിട്ടത്. ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യം എന്നവകാശപ്പെടുന്ന ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ വിവേചനം നേരിടുന്നെന്നും എതിരാളികൾ നിശ്ശബ്ദരാക്കപ്പെടുന്നെന്നും പരാതി ഉയരുന്നല്ലോ എന്നായിരുന്നു യുഎസ് മാധ്യമപ്രവർത്തകയുടെ ചോദ്യം. രണ്ടുതവണ അധികാരത്തിലെത്തിയിട്ടും ഒരു വാർത്താ സമ്മേളനം പോലും അഭിമുഖീകരിക്കാത്ത നേതാവ് ഇക്കുറി നിശ്ശബ്ദനായില്ല. ചോദ്യം അത്ഭുതപ്പെടുത്തുന്നതാണെന്നായിരുന്നു മോദിയുടെ മറുപടി.
ജാതി, മതം, ലിംഗഭേദം എന്നിവയെ അടിസ്ഥാനമാക്കി ഒരു വിവേചനവും ഇന്ത്യയിൽ ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. മാനുഷിക മൂല്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാത്ത ഒരു രാജ്യവും ജനാധിപത്യം എന്ന വിശേഷണത്തിന് അർഹരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്ക ചൈന ബന്ധം പോലെയല്ല, ഇന്ത്യ യുഎസ് ബന്ധമെന്ന് ബൈഡന്റെ പ്രതികരണം. ഇരു രാജ്യങ്ങൾക്കുമിടയിൽ പരസ്പര ബഹുമാനമുണ്ട്. അതിന് കാരണം രണ്ട് രാജ്യങ്ങളും ജനാധിപത്യത്തിൽ വിശ്വസിക്കുന്നു എന്നതാണെന്നും ബൈഡൻ പ്രതികരിച്ചു. ഒരു അമേരിക്കൻ മാധ്യമ പ്രവർത്തകനും ഒരു ഇന്ത്യൻ മാധ്യമപ്രവർത്തകനുമായിരുന്നു വാർത്താ സമ്മേളനത്തിൽ ചോദ്യം ഉന്നയിക്കാൻ അനുമതി. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടായിരുന്നു ഇന്ത്യൻ മാധ്യമപ്രവർത്തകന്റെ ചോദ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam