
സെവൂത്ത: സ്പെയിനിന്റെ വടക്കേ ആഫ്രിക്കൻ അതിർത്തി നഗരമായ സെവൂത്തയിലേക്ക് ആയിരക്കണക്കിന് മൊറോക്കൻ അഭയാർത്ഥികൾ കൂട്ടത്തോടെ നീന്തിക്കടക്കുന്നെത്തി. ദൃശ്യങ്ങൾ പുറത്തുവന്നതോടെ മേഖലയിൽ വൻ സുരക്ഷാ ആശങ്കയും രാഷ്ട്രീയ പ്രതിസന്ധിയും ഉടലെടുത്തു. അതിർത്തി വേലികൾ മറികടന്ന് മൂവായിരത്തോളം ആളുകളാണ് ഒറ്റ ദിവസം കൊണ്ട് സെവൂത്തയിലെ താരജാൽ മേഖലയിലേക്ക് ഇരച്ചുകയറിയത്. ഇതോടെ നഗരത്തിലെ സിവിൽ ഗാർഡ് ഉദ്യോഗസ്ഥരും ബോർഡർ കൺട്രോൾ സംവിധാനങ്ങളും ഭയന്നു. അതിർത്തി കടന്നെത്തിയവരെ തടയാൻ ഇവർക്ക് സാധിച്ചില്ല.
INSANE FOOTAGE: Thousands of migrants continue crossing from Morocco into Spain’s Ceuta enclave, as local officials reportedly urge Madrid to declare a national emergency. pic.twitter.com/dlbbKOjBV1
— Breaking911 (@Breaking911) July 30, 2026
അതിർത്തിയിലെ സമാധാനാന്തരീക്ഷം പൂർണ്ണമായും തകർന്നുവെന്നും വൻ പ്രതിസന്ധിയിലാണെന്നും സെവൂത്ത പ്രസിഡന്റ് ഹുവാൻ ഹെസൂസ് വിവസ് വ്യക്തമാക്കി. നിലവിലെ സാഹചര്യം നേരിടാൻ സ്പാനിഷ് സർക്കാർ രാജ്യത്ത് 'ദേശീയ അടിയന്തരാവസ്ഥ' പ്രഖ്യാപിക്കണമെന്നും നഗരത്തിന്റെ സുരക്ഷാ ചുമതല കേന്ദ്രം നേരിട്ട് ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിദിനം ശരാശരി മുന്നൂറോളം ആളുകൾ കടൽമാർഗ്ഗം എത്തുന്ന സാഹചര്യം കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇവിടെ നിലനിന്നിരുന്നു.
വിഷയത്തിൽ അടിയന്തരമായി ഇടപെടുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഉറപ്പുനൽകിയിട്ടുണ്ട്. പ്രാദേശിക, അന്താരാഷ്ട്ര ഭരണകൂടങ്ങളുമായും മൊറോക്കൻ അധികൃതരുമായും ചേർന്ന് സ്ഥിതിഗതികൾ ശാന്തമാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും ആവശ്യമായ മുഴുവൻ വിഭവങ്ങളും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മനുഷ്യക്കടത്ത് സംഘങ്ങളും അനധികൃത റാക്കറ്റുകളുമാണ് ഈ കൂട്ട കുടിയേറ്റത്തിന് പിന്നിലെന്ന് മാഡ്രിഡിലെ മൊറോക്കൻ എംബസി പ്രതികരിച്ചു. ഇത്തരം അനധികൃത നീക്കങ്ങളെ ഭരണകൂടം പിന്തുണയ്ക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.
അഭയാർത്ഥികളെ എത്രയും വേഗം തിരിച്ചയക്കാൻ സ്പെയിനും മൊറോക്കോയും തമ്മിൽ പ്രാഥമിക ധാരണയിലെത്തി. എന്ന്, എങ്ങനെ ഇത് നടപ്പിലാക്കുമെന്ന കാര്യത്തിൽ കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടില്ല. 2021 മേയിൽ രണ്ട് ദിവസത്തിനുള്ളിൽ എണ്ണായിരത്തിലധികം ആളുകൾ ഇത്തരത്തിൽ സെവൂത്തയിലേക്ക് അതിക്രമിച്ചു കയറിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam