'മാതാപിതാക്കള്‍ മരിച്ചുവീണത് എന്‍റെ കണ്‍മുന്നിൽ'; ഞെട്ടൽ മാറാതെ യുവാവ്, മൊറോക്കോ ഭൂചലനത്തില്‍ മരണം 2862 ആയി

Published : Sep 12, 2023, 08:15 AM ISTUpdated : Sep 12, 2023, 08:21 AM IST
'മാതാപിതാക്കള്‍ മരിച്ചുവീണത് എന്‍റെ കണ്‍മുന്നിൽ'; ഞെട്ടൽ മാറാതെ യുവാവ്, മൊറോക്കോ ഭൂചലനത്തില്‍ മരണം  2862 ആയി

Synopsis

'ഞങ്ങൾ എല്ലാവരും പുറത്തേക്ക് ഓടി. അച്ഛൻ ഉറങ്ങുകയായിരുന്നു. പുറത്തേക്ക്  വരാന്‍ ഞാന്‍ അമ്മയോട് അലറിവിളിച്ചു. പക്ഷെ അമ്മ അച്ഛനെ കാത്തുനിന്നു. ഉടന്‍ തന്നെ വീട് തകര്‍ന്നുവീണു'

റാബത്ത്: മൊറോക്കോയിൽ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 2,862 ആയി. 2562 പേർക്ക് പരിക്കേറ്റെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. രക്ഷപ്പെട്ടവരില്‍ പലര്‍ക്കും ഉറ്റവരെ നഷ്ടപ്പെട്ടു. നിരവധി പേര്‍ കിടപ്പാടം നഷ്ടപ്പെട്ട് ഭക്ഷണവും വെള്ളവുമില്ലാതെ തെരുവില്‍ കഴിയുകയാണ്.

"എല്ലാം വളരെ പെട്ടെന്നാണ് സംഭവിച്ചത്. ഭൂകമ്പം ഉണ്ടായപ്പോൾ ഞങ്ങൾ എല്ലാവരും പുറത്തേക്ക് ഓടി. അച്ഛൻ ഉറങ്ങുകയായിരുന്നു. പുറത്തേക്ക്  വരാന്‍ ഞാന്‍ അമ്മയോട് അലറിവിളിച്ചു. പക്ഷെ അമ്മ അച്ഛനെ കാത്തുനിന്നു. ഉടന്‍ തന്നെ വീട് തകര്‍ന്നുവീണു. മകനും മാതാപിതാക്കളും കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയി. മകനെ ഒരു വിധത്തില്‍ രക്ഷിക്കാനായി. പക്ഷെ മാതാപിതാക്കളെ പുറത്തെത്തിക്കാനായില്ല. അവര്‍ എന്‍റെ കണ്‍മുന്നില്‍ മരിച്ചു"- തയേബ് ഐത് ഇഗൻബാസ് പറഞ്ഞു. 

സെപ്തംബര്‍ 8നാണ് കഴിഞ്ഞ 60 വര്‍ഷത്തെ ഏറ്റവും ശക്തിയേറിയ ഭൂകമ്പം മൊറോക്കോയെ പിടിച്ചുകുലുക്കിയത്. മണ്ണ് കൊണ്ടും ഇഷ്ടിക കൊണ്ടും നിര്‍മിച്ച പരമ്പരാഗത വീടുകളാണ് കൂടുതലും മണ്ണടിഞ്ഞത്. വിനാശകരമായ ഭൂകമ്പങ്ങൾ അപൂർവ്വമായ സ്ഥലങ്ങളില്‍  കെട്ടിടങ്ങൾ വേണ്ടത്ര മുന്‍കരുതലോടെ നിർമിക്കുന്നില്ലെന്നും ഇത് നാശനഷ്ടങ്ങളുടെ തീവ്രത കൂട്ടുന്നുവെന്നും ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലെ പ്രൊഫസർ ബിൽ മക്ഗുയർ അഭിപ്രായപ്പെട്ടു.

മറകേഷ് നഗരത്തിലെ തെക്കന്‍ മേഖലയിലും റാബത്തിലും പര്‍വത മേഖലകളിലെ ഗ്രാമങ്ങളിലുമാണ് ഏറ്റവും നാശനഷ്ടമുണ്ടായത്. ചരിത്ര സ്മാരകങ്ങളും പൌരാണിക നഗരങ്ങളും നിലംപൊത്തി. പല ഗ്രാമങ്ങളും ഇല്ലാതായി. മറകേഷ് നഗരത്തിന്‍റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ ഹൈ അറ്റ്‍ലാന്‍റിസ് മലനിരകളാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം. 18.5 കിലോമീറ്റര്‍ ആഴത്തില്‍ നിന്നാണ് ഭൂകമ്പമുണ്ടായതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 6.8 തീവ്രത രേഖപ്പെടുത്തി. മൊറോക്കോയില്‍ 1960ൽ 12000 പേരുടെ ജീവൻ നഷ്ടമായ ഭൂകമ്പത്തിനു ശേഷമുള്ള ഏറ്റവും വിനാശകരമായ ഭൂചലനമാണിത്.

രക്ഷാപ്രവര്‍ത്തകരെ വിട്ടുനല്‍കിയും അവശ്യ സാധനങ്ങള്‍ എത്തിച്ചും ലോകരാജ്യങ്ങള്‍ മൊറോക്കോയെ സഹായിക്കുന്നുണ്ട്. ഇന്ത്യ, സ്പെയിന്‍, ഖത്തര്‍, യുഎഇ, ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങി നിരവധി രാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തു. 

PREV
Read more Articles on
click me!

Recommended Stories

പർവതാരോഹണത്തിനിടെ കാലാവസ്ഥ മോശമായി, കാമുകിയെ വഴിയിൽ ഉപേക്ഷിച്ച് കാമുകൻ, തണുത്ത് വിറച്ച് യുവതിക്ക് ദാരുണാന്ത്യം
ടേക്ക് ഓഫിനൊരുങ്ങി എയർ ബസ് വിമാനം, സെക്കൻഡുകൾക്കുള്ളിൽ പുകയിലും തീയിലും മുങ്ങി വിമാനം, ക്യാബിനിൽ 169 യാത്രക്കാർ