ശ്രീലങ്കയില്‍ മുസ്ലിം പള്ളികള്‍ക്ക് നേരെ കല്ലേറ്; കര്‍ഫ്യൂ പ്രഖ്യാപിച്ചു

By Web TeamFirst Published May 12, 2019, 8:56 PM IST
Highlights

യുവാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് ആക്രമണങ്ങള്‍ നടന്നതെന്ന് പൊലീസ് അറിയിച്ചു.

കൊളംബോ: ശ്രീലങ്കയിലെ ചിലാവ് നഗരത്തില്‍ മുസ്ലിങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഞായറാഴ്ചയാണ്  മുസ്ലിം പള്ളികള്‍ക്ക് നേരെയും മുസ്ലിങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കു നേരെയും ആക്രമണമുണ്ടായത്. യുവാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് ആക്രമണങ്ങള്‍ നടന്നതെന്ന് പൊലീസ് അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിട്ട അബ്ദുല്‍ ഹമീദ് മുഹമ്മദ് ഹസ്മര്‍ എന്ന യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇയാളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതായും പരാതിയുണ്ട്. അതിനിടെ ചാവേര്‍ ആക്രമണത്തിന് പിന്നില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മതപണ്ഡിതനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 

മൂന്ന് പള്ളികള്‍ക്കും ഷോപ്പുകള്‍ക്കും നേരെ കല്ലേറും അക്രമവുമുണ്ടായി. ഒരു പള്ളിക്ക് സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമായിട്ടുണ്ട്. രാത്രിയില്‍ എന്ത് സംഭവിക്കുമെന്നറിയില്ല-പ്രദേശവാസികള്‍ റോയിട്ടേഴ്സ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് മറ്റുചിലയിടങ്ങളിലും അനിഷ്ട സംഭവങ്ങളുണ്ടായി.

ഈസ്റ്റര്‍ ദിനത്തിലാണ് ശ്രീലങ്കയെ നടുക്കിയ ചാവേര്‍ ആക്രമണങ്ങള്‍ നടന്നത്. ക്രിസ്ത്യന്‍ ആരാധാനാലയങ്ങള്‍ക്കും ആഡംബര ഹോട്ടലുകള്‍ക്ക് നേരെയും ആക്രമണമുണ്ടായത്. 258 പേര്‍ കൊല്ലപ്പെടുകയും 500ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവങ്ങള്‍ക്ക് ശേഷം ശ്രീലങ്കയിലെ മുസ്ലിം സമുദായത്തിന് നേരെ വ്യത്യസ്ത ദിവസങ്ങളില്‍ ആക്രമണമുണ്ടായിരുന്നു. 

click me!