
കൊളംബോ: ശ്രീലങ്കയിൽ നടന്ന ചാവേർ ബോംബാക്രമണങ്ങളിൽ തീവ്രവാദികൾ ഉപയോഗിച്ച സ്‌ഫോടകവസ്‌തു 'മദർ ഓഫ് സാത്താൻ' എന്ന അൽക്വയ്‌ദയുടെ മാരകമായ കോക്ടെയിൽ സ്‌ഫോടകമിശ്രിതമാണ് എന്ന് സൂചിപ്പിക്കുന്ന രീതിയിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നു. കൊളംബോയിൽ നിന്നും 'സൺ' ആണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഈ 'കോക്ടെയിൽ' സ്ഫോടകവസ്തുവിലെ അടിസ്ഥാന ഘടകം TATP അഥവാ ട്രൈ അസറ്റോൺ ട്രൈ പെറോക്സൈഡ്. ലോകത്തിന്റെ പലഭാഗങ്ങളിലും അത്ര പ്രയാസമില്ലാതെ തെരുവിൽ നിന്നുതന്നെ സംഘടിപ്പിക്കാനാവുന്ന ഈ വെടിമരുന്നിനെ അതി തീവ്രമായ ഒരു സ്‌ഫോടക വസ്തുവാക്കി മാറ്റുന്ന അത്ഭുത റെസിപ്പി അൽ ക്വയ്‌ദ എന്ന തീവ്രവാദ സംഘടനയ്ക്ക് മാത്രം സ്വന്തം. ഇതും ഇതിനെ ട്രിഗർ ചെയ്യാനുള്ള ഡിറ്റനേറ്റിങ്ങ് ഡിവൈസും എങ്ങനെ ശ്രീലങ്കയിലെത്തി എന്നതാണ് ഇപ്പോൾ രഹസ്യാന്വേഷണ ഏജൻസികളെ കുഴക്കുന്ന ചോദ്യം.
'മദർ ഓഫ് സാത്താൻ' എന്ന ഓമനപ്പേര് ഈ സ്ഫോടകമിശ്രിതത്തിന് കിട്ടുന്നത് വളരെ യാദൃച്ഛികമായി അത് കണ്ടുപിടിക്കപ്പെട്ട പലസ്തീനിലെ പോരാളികളുടെ പരീക്ഷണ ശാലകളിൽ നിന്നാണ്.വെളുത്ത ക്രിസ്റ്റൽ രൂപത്തിൽ വാങ്ങാൻ കിട്ടുന്ന ഒരു വെടിമരുന്ന് TATP. അതിന്റെ കൂടെ ഇന്റർനെറ്റിൽ തന്നെ ലഭ്യമായ റെസിപ്പി പ്രകാരം ഡ്രെയിൻ ക്ളീനർ, നെയിൽ പോളിഷ് റിമൂവർ, ബോൾ ബെയറിങ്ങുകൾ, ബോൾട്ടുകൾ, ആണികൾ, അസെറ്റോൺ തുടങ്ങിയ വേറെ പല ചേരുവകളും ചേർത്ത് പല തരത്തിലുള്ള സ്‌ഫോടക വസ്തുക്കളും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ ചിലതാണ് പാരിസിലും, ലണ്ടനിലും ഒക്കെ മുൻപ് ഉപയോഗിക്കപ്പെട്ടത്.
2017 -ൽ 23 പേരെ കൊന്ന മാഞ്ചസ്റ്റർ ബോംബാക്രമണം നടത്തിയ സൽമാൻ ആബെദി ഉപയോഗിച്ചത് 'മദർ ഓഫ് സാത്താനും' ആണികളും മാത്രമാണ്. മുമ്പൊരിക്കൽ 'മദർ ഓഫ് സാത്താൻ' നിർമാണത്തിനിടെ ഫ്ലോറിഡയിൽ നിന്നും പോലീസ് ഒരാളെ അറസ്റ്റു ചെയ്തിരുന്നു. അന്ന് അത് നിർമിക്കാനുള്ള സാമഗ്രികളും പൊലീസിന് കിട്ടിയിരുന്നു.
TATP ഒരു ഹൈ എക്സ്പ്ലോസീവ് ആണ്. അതിനെ നേരിട്ട് പൊട്ടിത്തെറിപ്പിക്കാനാവില്ല. ഇതിനെ പൊട്ടിത്തെറിപ്പിക്കാൻ ആവശ്യമായ ട്രിഗറിങ്ങ് സാങ്കേതിക വിദ്യ വിദേശത്തുനിന്നും ശ്രീലങ്കയിലേക്കെത്തിയത് എങ്ങനെയെന്നാണ് ഇപ്പോൾ ഇന്റലിജൻസ് കേന്ദ്രങ്ങൾ അന്വേഷിക്കുന്നത്.
ഇബ്രാഹിം സഹോദരങ്ങളായ ഇൽഹാമും ഇൻഷാഫും ചേർന്ന് മദർ ഓഫ് സാത്താൻ എന്ന ഈ തീവ്രതയേറിയ ബോംബ് നിർമിച്ച കൊളംബോയിലെ കൊളോസസ് എന്ന ഫാക്ടറിയുടെ ഉൾഭാഗത്തിന്റെ ചിത്രങ്ങൾ സൺ പത്രം വെളിയിൽ വിട്ടിട്ടുണ്ട്. ഒരു സാധാരണ വർക്ക് ഷോപ്പിന്റെ ഉൾവശമെന്നെ ആ ചിത്രങ്ങൾ കണ്ടാൽ തോന്നുകയുള്ളൂ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam