
ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരൻ ഹാഫിസ് സയീദ് അറസ്റ്റിൽ. ജമാഅത്ത് ഉദ് ദവാ തലവനായ ഹാഫിസിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലാഹോറിൽ നിന്ന് ഗുജ്‍രൻവാലിയിലേക്ക് പോകുന്ന വഴി പഞ്ചാബ് കൗണ്ടര്‍ ടെററിസം വകുപ്പാണ് ഹാഫിസിനെ പിടികൂടിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഹാഫിസിനെതിരെ വിവിധ വകുപ്പുകളിൽ നേരത്തെ കേസുകൾ ചുമത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഹാഫിസിനെ അറസ്റ്റ് ചെയ്തതെന്നും ഈ കേസുകളിൽ ഹാഫിസ് വിചാരണ നേരിടുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അതേസമയം, തീവ്രവാദ സംഘടനകൾക്കെതിരെ നടപടി സ്വീകരിക്കാന്‍ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് സേനയിൽ നിന്ന് ഇമ്രാൻ ഖാൻ സർക്കാരിന് സമ്മര്‍ദ്ദം ശക്തമായതോടെയാണ് ഹാഫിസിനും കൂട്ടാളികൾക്കുമെതിരെ പാക് സർക്കാർ നടപടി എടുത്തിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
മുംബൈ ഭീകരാക്രമണത്തിന്‍ പശ്ചാത്തലത്തിൽ ഹാഫിസിനെതിരെ കർശന നടപടി വേണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനായി കൂടുതൽ തെളിവുകൾ ഇന്ത്യ, പാക്കിസ്ഥാന് കൈമാറിയിരുന്നു. എന്നാൽ ഹാഫിസിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പാക്കിസ്ഥാൻ ഇതുവരെ തയ്യാറായിരുന്നില്ല. അതേസമയം, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അമേരിക്കൻ സന്ദർശനത്തിന് തൊട്ടുമുമ്പ് ഇത്തരമൊരു നടപടി കൈക്കൊണ്ടത് ശ്രദ്ധേയമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam